നാളെ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇത്തവണ ഏറ്റവും മികച്ച പ്രകടനം കാഴ്ടവച്ചിട്ടുള്ള രണ്ടു ടീമുകള്‍ തമ്മിലാണ് നാളെ (ശനിയാഴ്ച) ബാര്‍ബഡോസില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യ രണ്ടാം ലോകകപ്പാണ് സ്വപ്നം കാണുന്നതെങ്കില്‍ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം കന്നി ലോകകിരീടമാണ്.
സെമി ഫൈനലിലടക്കം ടൂര്‍ണമെന്റിലെ പല മല്‍സരങ്ങളിലും ഇത്തവണ മഴ രസംകൊല്ലിയായി എത്തിയിരുന്നു. മഴയും പിച്ചിലെ ഈര്‍പ്പവും കാരണം ചില മല്‍സരങ്ങള്‍ ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ചിലതില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കുകയും ചെയ്തു. ഫൈനലിലും കാര്യങ്ങള്‍ അത്ര ശുഭകരമാവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫൈനലില്‍ മഴ വില്ലനായി എത്തുകയാണെങ്കില്‍ എന്തു സംഭവിക്കം? മണ്‍സൂണ്‍ സീസണ് ആയതിനാല്‍ കരീബിയയില്‍ പലയിടങ്ങളിലും മഴയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ രണ്ടു സെമി ഫൈനലുകളിലും ഇടയ്ക്കു മഴ തടസപ്പെടുത്തുകയും ചെയ്തിരുന്നു. ഫൈനലിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇവിടെ മഴ പെയ്യാനുള്ള സാധ്യത കൂടുതലാണെന്നാണ് കാലവസ്ഥാപ്രവചനം. ഇതു തീര്‍ച്ചയായും ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ്. കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം ശനിയാഴ്ച ബാര്‍ബഡോസില്‍ ഉച്ചയ്ക്കു മുമ്പ് ഇടിവെട്ടോടു കൂടി മഴ പെയ്തേക്കാന്‍ സാധ്യതയുണ്ട്. കൂടാതെ മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കും കാറ്റിനും സാധ്യതയുണ്ട്. പുലര്‍ച്ചെ മൂന്നു മുതല്‍ അഞ്ചു വരെയും വൈകീട്ട് മൂന്നു മുതല്‍ അഞ്ചു വരെയും മഴ സാധ്യത നിലനില്‍ക്കുന്നുണ്ട്. വിന്‍ഡീസ് സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്കു 2.30 വരെയാണ് മല്‍സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ സമയത്തു മഴ പെയ്യാന്‍ സാധ്യത കുറവായതിനാല്‍ മല്‍സരം ചിലപ്പോള്‍ തടസ്സപ്പെട്ടേക്കില്ല.
ആദ്യ സെമി ഫൈനല്‍ പോലെ തന്നെ ഫൈനലിലും റിസര്‍വ് ദിനം അനുവദിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ശനിയാഴ്ച മഴ കാരണ മല്‍സരം നടത്താന്‍ സാധിക്കാതെ വരികയോ, മുടങ്ങുകയോ ചെയ്താല്‍ കളി ഞായറാഴ്ചയിലേക്ക് മാറ്റും. ഫൈനല്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ടിട്ടുള്ള ശനിയാഴ്ച മല്‍സരം പൂര്‍ത്തിയാക്കാന്‍ 190 മിനിറ്റ് അധികമായി അനുവദിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം സെമിയില്‍ റിസര്‍വ് ദിനമില്ലായിരുന്നു. അതുകൊണ്ടു തന്നെ കളി നടന്നില്ലെങ്കില്‍ സൂപ്പര്‍ എട്ടിലെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തതിനാല്‍ ഇന്ത്യക്കു നേരിട്ടു ഫൈനലിലേക്കു മുന്നേറാമായിരുന്നു. പക്ഷെ ഫൈനലില്‍ ഇന്ത്യക്കോ, ദക്ഷിണാഫ്രിക്കയ്ക്കോ അത്തരം ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. മഴയെ തുടര്‍ന്നു ശനിയാഴ്ചയും റിസര്‍വ് ദിനമായ ഞായറാഴ്ചയും കളി നടന്നില്ലെങ്കില്‍ ഇന്ത്യയെയും സൗത്താഫ്രിക്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. ചരിത്രമെടുത്താല്‍ ഇന്ത്യക്ക് നേരത്തേ ഈ തരത്തില്‍ ഒരിക്കല്‍ ഐസിസി ട്രോഫി പങ്കുവയ്ക്കേണ്ടി വന്നിട്ടുണ്ട്. 2002ലെ ചാംപ്യന്‍സ് ട്രോഫിയിലാണ് ഇന്ത്യയും ശ്രീലങ്കയും കിരീടം പങ്കിട്ടത്. ഫൈനല്‍ ദിവസവും റിസര്‍വ് ദിനവും മഴ കാരണം മല്‍സരം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യയും ശ്രീലങ്കയും ട്രോഫി പങ്കുവച്ചത്.
ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബൗളര്‍ ഇന്ത്യയുടെ ആര്ഷ് ദീപ് സിംഗാണ്. മൊത്തം 15 വിക്കറ്റുകളാണ് അദ്ദേഹം ഇതുവരെ നേടിയത്. ഒന്നാംസ്ഥാനത്ത് അഫ്ഗാനിസ്ഥാന് ബൗളര്‍ ഫസല്‍ ഹഖ് ഫാറൂഖിയാണ്. അദ്ദേഹം 17 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ആര്ഷ് ദീപ് സിംഗിനു ഫൈനല്‍ മത്സരം കൂടി ശേഷിക്കുന്നതിനാല്‍ മിക്കവാറും ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുക ഒരുപക്ഷെ ആര്ഷ് ദീപ് സിംഗായിരിക്കാന് സാധ്യതയുണ്ട്. ഇന്ത്യയുടെ ജസ്പ്രീത് ബുംറ വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്താണ്. അദ്ദേഹം ഇതുവരെ മൊത്തം 13 വിക്കറ്റുകളാണ് നേടിയത്. ഇന്ത്യയുടെ കുല്‍ദീപ് യാദവ് പതിനാലാം സ്ഥാനത്താണ്.
ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍മാരില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്താണ്. ഇതുവരെ 248 റണ്‍സാണ് രോഹിത് നേടിയത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് അഫ്ഗാനിസ്ഥാന് ബട്ടര്‍ റഹ്മാനുള്ള ഗുര്‍ബാസാണ്. അദ്ദേഹം ഇതുവരെ മൊത്തം 281 റണ്‍സാണ് നേടിയത്. രണ്ടാം സ്ഥാനത്ത് ഓസ്ത്രേലിയയുടെ ബാറ്റര്‍ ട്രാവിഡ് ഹെഡാണ്. മൊത്തം 255 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. രോഹിത് ശര്‍മയ്ക്ക് ഒരു മത്സരം കൂടിയുള്ളതിനാല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് ഒരു പക്ഷെ രോഹിത്തിന്റെ പേരിലാവാം. സൂര്യകുമാര്‍ യാദവ് ഒമ്പതാം സ്ഥാനത്താണ്. ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താനാണ് സാധ്യത .ലോകകപ്പിലെ പരാജയം അറിയാത്ത ഏക ടീമാണ് ഇന്ത്യ. ലോകകപ്പ് ഇന്ത്യ നേടുന്നതോടൊപ്പം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍, വിക്കറ്റുകള്‍ ഏറ്റവും കൂടുതല്‍ നേടിയ ബൗളര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ ഇന്ത്യന്‍ താരങ്ങള്‍ നേടാനും സാധ്യതയുണ്ട്.
Recent Comments