ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചു. പാരീസില്‍ നടക്കുന്ന ഒളിമ്പിക്സിനു ശേഷം വിരമിക്കുമെന്ന് താരം വ്യക്തമാക്കി. 36-ാം വയസ്സിലാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 2006മുതല്‍ ശ്രീജേഷ് 328 മത്സരങ്ങളില്‍ ഇന്ത്യക്കായി കളിച്ചു .ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
രണ്ടുതവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയിട്ടുമുണ്ട്. ഖേല്‍ രത്ന, അര്‍ജുന, പത്മശ്രീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 18 വര്‍ഷത്തിനുശേഷം, പാരീസ് ഒളിമ്പിക്സിനായി ടീം ഒരുങ്ങുമ്പോഴും ഗോള്‍പോസ്റ്റിനുമുന്നിലെ വിശ്വസ്തനായി ശ്രീജേഷ് ടീമിനൊപ്പമുണ്ട്. താരത്തിന്റെ നാലാം ഒളിമ്പിക്സാണ്. 2012, 2016, 2020 ഒളിമ്പിക്സുകളിലും ഇന്ത്യന്‍ ഗോള്‍ വലക്ക് ശ്രീജേഷ് ഭദ്രമായ കവലാള്‍ ആയിരുന്നു.എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് പട്ടത്ത് രവീന്ദ്രന്റെ മകനായി 1986 മേയ് 8നു ജനിച്ചു. തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. 2012 ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗവും 2016 ലെ റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു. മുന്‍ ലോങ്ജമ്പ് താരവും ആയുര്‍വേദ ഡോക്ടറുമായ അനീഷ്യയാണ് ഭാര്യ.
കിഴക്കമ്പലം സെന്റ് ആന്റണീസ് എല്‍.പി.എസിലും സെന്റ് ജോസഫ്സ് സ്കൂളിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസ ജീവിതം.കൃഷിക്കാരനായ അച്ഛന് പി.ആര് രവീന്ദ്രനെ സഹായിക്കുവാന്‍ പാടം ഉഴാനും കൊയ്യാനും മെതിക്കാനുമൊക്കെ ശ്രീജേഷ് ഒപ്പം കൂടുമായിരുന്നു. 2000 ല്‍ ആണ് ശ്രീജേഷ് ജി.വി.രാജ സ്കൂളിലെത്തുന്നത്. അത്ലറ്റിക് വിഭാഗത്തിലാണ് ശ്രീജേഷ് ജി.വി. രാജയില്‍ പ്രവേശിച്ചതെങ്കിലും പിന്നീട് ഹോക്കി ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ദേശീയതലത്തില്‍ കളിക്കാനായി.
Recent Comments