കഴിഞ്ഞ ദിവസം നടന് ഇന്ദ്രന്‍സിന് പരസ്യമായി ക്ഷമ ചോദിക്കേണ്ടിവന്നു. എന്തിനെന്നെല്ലേ? അദ്ദേഹം ഒരു അഭിപ്രായം പറഞ്ഞതിന്. ഒരു ദിവസം രാവിലെ എഴുന്നേറ്റുവന്ന് അദ്ദേഹം ആരോട് എന്തെങ്കിലും പറഞ്ഞതിന്റെ പേരിലല്ല. തന്നോട് ചോദ്യം ചോദിച്ചവര്‍ക്ക് മറുപടി പറഞ്ഞതിന്റെ പേരിലാണ്.
ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ അഭിമുഖ പരമ്പരയില്‍ അതിഥിയായി എത്തിയതായിരുന്നു ഇന്ദ്രന്‍സ്. ഒരു നടി പീഡിപ്പിക്കപ്പെട്ട കേസില്‍ നടന് ദിലീപിന്റെ പങ്കിനെ കുറിച്ചുള്ളതായിരുന്നു ചോദ്യം. ‘തന്റെ സഹപ്രവര്ത്തകന് അങ്ങനെയൊരു തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത ഒരു കാര്യമുണ്ട്, ഇന്ദ്രന്‍സ് പറഞ്ഞതില്‍ എന്താണ് തെറ്റ്. അദ്ദേഹം വിശ്വസിക്കുന്നു, തന്റെ സഹപ്രവര്ത്തകന് അങ്ങനെ ചെയ്യില്ലെന്ന്. അങ്ങനെ അദ്ദേഹത്തിന് പറഞ്ഞുകൂടെന്നുണ്ടോ? ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്. പ്രസ്തുത കേസ്സില്‍, ‘നിയമം ശക്തമായി മുന്നോട്ട് പോകുന്നുണ്ടെന്നും നമുക്ക് കാത്തിരിക്കാം’ എന്ന ശുഭപ്രതീക്ഷയും ഇന്ദ്രന്‍സ് തന്റെ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. നിയമം ഒരാളെ കുറ്റക്കാരനായി പ്രഖ്യാപിക്കുന്നതുവരെ അയാള്‍ നിരപരാധി തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അതിനൊപ്പമാണ് ഇന്ദ്രന്‍സും നിന്നത്. അതില്‍ അപാകതയൊന്നുമില്ല.
അതിജീവിത തനിക്ക് മകളെപ്പോലെയാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. അങ്ങനെയൊക്കെ സംഭവിച്ചതില്‍ സങ്കടമുണ്ടെന്നും. ചോര കുടിക്കാനെത്തിയ കൊതുകുകള്‍ ആ പാല്മധുരമൊന്നും കേട്ടില്ല. അവര്‍ ചോര ചീന്താനാണ് ശ്രമിച്ചത്. അതിലവര്‍ വിജയിക്കുകയും ചെയ്തു. അതുകൊണ്ടാണല്ലോ, ഇന്ദ്രന്‍സിന് ക്ഷമ ചോദിക്കേണ്ടിവന്നത്.
WCC യുടെ നിലപാടുകളില്‍ ഇന്ദ്രന്‍സ് മാത്രമല്ല, പലരും സംശയം പ്രകടിപ്പിച്ചിരുന്നു. അവര്‍ ശബ്ദം ഉയര്‍ത്തിയിട്ടുള്ളത് ഏറെയും അവര്‍ക്ക് പ്രിയപ്പെട്ടവര്‍ക്കുവേണ്ടി മാത്രമായിരുന്നു. അല്ലാത്ത സന്ദര്‍ഭങ്ങളിലെല്ലാം അവര്‍ തികഞ്ഞ മൗനം പുലര്‍ത്തിയിട്ടുണ്ട്. അടുത്തിടെ ഒരു യുവസംവിധായിക ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന തരത്തിലേയ്ക്ക് തെളിവുകള്‍ ലഭിക്കുകയും പോലീസ് പുനരന്വേഷണം തുടങ്ങുകയും ചെയ്ത ഘട്ടങ്ങളിലൊന്നും WCC അവര്‍ക്കുവേണ്ടി ഒരു വാക്കുപോലും ശബ്ദിച്ചില്ല. അവര്‍ അകന്നുനിന്ന് ഒരു പക്ഷം പിടിക്കുകയല്ല, ഒത്തൊരുമിച്ച് മറ്റുള്ളവര്‍ക്കൊപ്പം പോരാടുകയാണ് വേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഇന്ദ്രന്‍സ് തന്റെ അഭിമുഖത്തിലൂടെ ചെയ്തത്.
വിവാദങ്ങളില്‍നിന്ന് എന്നും ഒഴിഞ്ഞുനില്ക്കാന് ശ്രദ്ധിച്ചിട്ടുള്ള കലാകാരനാണ് ഇന്ദ്രന്‍സ്. തന്നെപ്രതി കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവണം. അതുകൊണ്ടാണ് അദ്ദേഹം ക്ഷമ ചോദിച്ചത്. അതുകൊണ്ട് ആ ശിരസ്സ് താഴുന്നില്ല. ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. തല്ക്കാലം ആശ്വാസത്തിന് വക കിട്ടിയത് കൃമികടിക്കാര്ക്കാണ്. അവരുടെ ചൊറിച്ചിലിനൊരു ശമനം ഉണ്ടായിട്ടുണ്ടാവണം. മറ്റൊരു ഇന്ദ്രന്‍സിനെ കിട്ടുംവരെയെങ്കിലും.
കെ. സുരേഷ്
Recent Comments