ഒളിവര്‍ ട്വിസ്റ്റ് – സാങ്കേതിക വിദ്യയുടെയും മാറുന്ന ലോകത്തിന്റെയും നടുവില്‍ ഒപ്പമുള്ളവരാല് പോലും അവഗണിക്കപ്പെടുന്ന ഒരു സാധാരണക്കാരന്. ഹോം എന്ന സിനിമയിലെ ഇന്ദ്രന്‍സ് അവതരിപ്പിച്ച കഥാപാത്രത്തെ ഒറ്റവരിയില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ഈ സാധാരണക്കാരന്റെ ജീവിതം തന്മയത്വത്തോടെ അവതരിപ്പിച്ചതിന് ഇന്ദ്രന്‍സിന് ദേശീയ ചലച്ചിത്ര പുരസ്കാര ജ്യൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.
2021 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ പ്രഖ്യാപന വേളയില്‍ പ്രതീക്ഷയോടെ ആ നടന് കാത്തിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം. താനവതരിപ്പിച്ച കഥാപാത്രം പോലെ ഇന്ദ്രന്‍സും അവഗണിക്കപ്പെട്ടു എന്ന് പ്രേക്ഷക സമൂഹവും പറഞ്ഞു. ‘ജ്യൂറി ഹോം കണ്ടിരിക്കില്ല’ എന്ന് പറഞ്ഞ് നിരസം പ്രകടിപ്പിക്കുക മാത്രമാണ് ആ വലിയ നടന് ചെയ്തത്.
ഹോം എന്ന സിനിമയുടെ നിര്‍മാതാവായ വിജയ് ബാബു സ്ത്രീ പീഢന കേസില്‍ പെട്ടതും, ഒളിവില്‍ പോയതിനെയും തുടര്‍ന്ന് ഹോം എന്ന സിനിമയെ അനാവശ്യ വിവാദങ്ങള്‍ ഭയന്ന് ജ്യൂറി മാറ്റി നിര്‍ത്തുകയാണുണ്ടായത്. അതിലൂടെ നഷ്ടം സംഭവിച്ചത് ഒരു നടന്റെ അംഗീകരിക്കപ്പെടുക എന്ന സ്വപ്നങ്ങള്‍ക്കായിരുന്നു. സംസ്ഥാന അവാര്‍ഡ് നല്‍കാത്ത ജ്യൂറിയൊടുള്ള ഇന്ദ്രന്‍സിന്റെ മറുപടിയാണ് ദേശീയ തലത്തിലുള്ള ഈ അംഗീകാരം.
ദാരിദ്ര്യം മൂലം പഠിക്കാന്‍ മിടുക്കനായിരുന്ന സുരേന്ദ്രന് നാലാം ക്ലാസില്‍ വെച്ച് പഠിപ്പ് നിര്‍ത്തേണ്ടി വരുന്നു. വളര്‍ന്നപ്പോള്‍ സൂചിയും നൂലും ആയുധമാക്കി തയ്യല്‍ക്കാരന്റെ മേലങ്കി അണിഞ്ഞു. തയ്യല്ക്കാരനായിരിക്കുന്ന സമയത്ത് തന്നെ അമെക്ച്വര് നാടകങ്ങളില്‍ അഭിനയിക്കാനും സുരേന്ദ്രന് സമയം കണ്ടെത്തിയിരുന്നു. ‘കുമാരപുരം സുരന്’ എന്ന പേരില്‍ അനവധി വേദികളില്‍ നാടകം അവതരിപ്പിച്ചു. പിന്നീടുള്ള പരിചയങ്ങള്‍ സിനിമയിലെ വസ്ത്രലങ്കാര മേഖലിയില്‍ കൊണ്ട് ചെന്ന് എത്തിച്ചു.
ചൂതാട്ടം എന്ന ചിത്രത്തിലാണ് ആദ്യമായി ഒരു വേഷം ചെയ്യുന്നത്. പത്മരാജന് സിനിമകളില്‍ വസ്ത്രാങ്കാരത്തിലെ സ്ഥിര സാന്നിധ്യമായി ഇന്ദ്രന്‍സ് മാറി. ചെറിയ വേഷങ്ങളും മുഖം കാണിക്കലുമാെക്കെയായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടു .
അയലത്തെ അദ്ദേഹം, മേലേപറമ്പില്‍ ആണ്‍വീട് തുടങ്ങിയ ചിത്രങ്ങളാണ് ബ്രേക്കായി മാറിയത്. ചെറിയ സ്ക്രീന്‍ ടൈമിലും അയാളെ കണ്ട് ജനം പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. നാടകത്തിലെ കുമാരപുരം സുരന് സിനിമയില്‍ ഇന്ദ്രന്‍സ് എന്ന് അറിയപ്പെട്ടു തുടങ്ങി. CID ഉണ്ണികൃഷ്ണന് BA Bed ല്‍ ഇഷ്ടിക കളത്തിലെ കണക്കുകള്‍ പറഞ്ഞ് ഉടനീളം ഇന്ദ്രന്‍സ് സ്കോര്‍ ചെയ്തു.
അനിയന് ബാവ ചേട്ടന് ബാവയിലെ കുട കമ്പി എന്ന കഥാപാത്രവും ഡൈലോഗുകളും ജനഹൃദയങ്ങള്‍ ഏറ്റെടുത്തു. സ്ക്രീനില്‍ ഇന്ദ്രന്‍സിനെ കാണുമ്പോള്‍ തന്നെ പ്രേക്ഷകര്‍ ചിരി തുടങ്ങി. മലയാള സിനിമയിലെ ഹാസ്യ ഫോര്‍മുലകളുടെ അവിഭാജ്യ ഘടകമായി ഇന്ദ്രന്‍സ് മാറി എന്ന് മാനത്തെ കൊട്ടാരം, പഞ്ചാബി ഹൗസ് പോലുള്ള സിനിമകള്‍ തെളിയിച്ചു.
ഹാസ്യനടനായി ഓടിനടക്കുമ്പോള്‍ 2004-ല്‍ ടി വി ചന്ദ്രന്റെ കഥാവശേഷന് എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രന്‍സിന്റെ മറ്റൊരു മുഖം പ്രേക്ഷകര്‍ കണ്ടത്. ‘കണ്ണുനട്ടു കാത്തിരുന്നിട്ടും’ എന്ന പാട്ട് സീനുള്‍പ്പടെ കള്ളന്റെ വേഷം വളരെ പാകതയോടെ ഇന്ദ്രന്‍സ് കൈകാര്യം ചെയ്തു.
പിന്നീട് ഈ അഭിനയ പ്രതിഭയുടെ മിന്നലാട്ടം കണ്ടത് അപ്പോത്തിക്കിരി എന്ന സിനിമയിലാണ്. 2014 ല്‍ മാധവ് രാമദാസന് സംവിധാനം ചെയ്ത സിനിമയില്‍ ജയസൂര്യയുടെ അച്ഛന് കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജ്യൂറിയുടെ പ്രത്യേക പരാമര്‍ശവും ഈ കഥാപാത്രം നേടി കൊടുത്തു.
പിന്നീട് ഇത്തരം സ്വഭാവ റോളുകളിലേക്ക് ഇന്ദ്രന്‍സ് കൂടുതല്‍ ശ്രദ്ധ കൊടുത്തു. അതില്‍ മണ്‍റോതുരുത്ത്, ഗോഡ് സെയ്, കാട് പൂക്കുന്ന നേരം എന്ന സിനിമകളിലെ കഥാപാത്രങ്ങള്‍ എടുത്ത് പറയേണ്ടവയാണ്. ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴും ഹാസ്യത്തിനെ കൈവിടാന്‍ ഇന്ദ്രന്‍സ് തയാറായിരുന്നില്ല. ആട് ഒന്നിലും രണ്ടിലും പി പി ശശി എന്ന കഥാപാത്രം പ്രേക്ഷകരെ ഉടനീളം രസിപ്പിച്ചു.
ഓട്ടം തുള്ളല്‍ കലാകാരനെ ആവിഷ്കരിച്ച vc അഭിലാഷിന്റെ ആളൊരുക്കം എന്ന സിനിമ ഇന്ദ്രന്‍സിന് 2018 ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി കൊടുത്തു. ഓട്ടം തുള്ളല്‍ രംഗങ്ങളില്‍ പൂര്‍ണ്ണമായി നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ല എന്നായിരുന്നു ആ നിഷ്കളങ്ക കലാകാരന്റെ പ്രതികരണം.
ക്ലൈമാക്സില്‍ ഇന്ദ്രന്‍സ് വന്നാല്‍ ആളുകള്‍ ചിരിക്കും എന്ന കാരണത്താല്‍ മാറ്റി നിര്‍ത്തിയവര്‍ക്ക് മുന്നിലാണ് ഹോമിലെ ക്ലൈമാക്സ് സീനില്‍ ഒളിവര്‍ ട്വിസ്റ്റായി ഇന്ദ്രന്‍സ് ചിരിക്കുന്നത്. പക്ഷേ ആ ചിരി പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനു പകരം നൊമ്പരപ്പെടുത്തി. സ്വയം രാകി മിനുക്കിയ ഒരു കലാകരന്റെ അഭിനയ മികവ് എന്നല്ലാതെ ആ ചിരിയെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല.
ഹോമിന് ശേഷവും ജൈത്രയാത്ര നിര്‍ത്തിയില്ല. 2022 ലെ ഉടലിലും ശ്രദ്ധയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചു. മേപ്പടിയാന് എന്ന സിനിമയില്‍ സൂക്ഷമാഭിനയത്തിന്റെ ഉള്ളറകളിലേക്ക് കടന്നുചെല്ലുമ്പോള്‍ ജാക്സണ് ബസാര്‍ യൂത്ത് എന്ന സിനിമയിലെ കര്‍ക്കശക്കാരനായ പോലീസുകാരനായി ഇന്ദ്രന്‍സ് ഇളകിയാടുന്നു. അഭിനയത്തിന്റെ എല്ലാ തലങ്ങളിലേക്കും ഇറങ്ങി ചെല്ലുന്ന പ്രകടനം ആ നടന് കാഴ്ച്ചവെക്കുന്നു.
സാധാരണക്കാരന്റെ ലാളിത്യവും അസാധാരണ അഭിനയ മികവും കൈമുതലാക്കിയ ഇന്ദ്രന്‍സ് ഇന്ന് ചന്ദ്രനോളം ഉയരത്തില്‍ എത്തി നില്ക്കുന്നു.
Recent Comments