ലേക്ക് ഷോര്‍ ആശുപത്രിയില്‍നിന്ന് ഒടുവിലത്തെ സന്ദേശമെത്തുമ്പോള്‍ തീര്‍ത്തും നിസ്സംഗനായിരുന്നു ഞാനും. ഇന്നസെന്റ് ചേട്ടന് ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്ന് അറിഞ്ഞ നിമിഷം ആലീസ് ചേച്ചിയെ വിളിച്ചിരുന്നു. സോണറ്റിനെയും. ‘വെന്റിലേറ്ററിലാണെന്നും പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും’ അവരിരുവരും പറഞ്ഞു. ആ പ്രതീക്ഷയിലും പ്രാര്ത്ഥനകളിലുമായിരുന്നു ഞാനും. അല്‍പ്പനിമിഷം മുമ്പുവരെയും. എല്ലാം വിഫലമാക്കി അദ്ദേഹം മടങ്ങി.
ഇന്നസെന്റ് എനിക്ക് ആരായിരുന്നു? ഒരു മാധ്യമപ്രവര്‍ത്തകനും നടനുമപ്പുറത്തേയ്ക്ക് ഒരു ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. സഹോദരതുല്യമായൊരു വാത്സല്യം എനിക്ക് അദ്ദേഹത്തോടുണ്ടായിരുന്നു. അദ്ദേഹത്തില്‍നിന്ന് ഞാനുമത് അനുഭവിച്ചിട്ടുണ്ട്. പല സന്ദര്‍ഭങ്ങളിലും.
ഇന്നസെന്റിനെ ആദ്യം കണ്ടത് എവിടെവെച്ചാണെന്ന് കൃത്യമായ ഓര്മ്മകളില്ല. ഏതോ സിനിമ സെറ്റിലാണെന്നുമാത്രം അറിയാം. അന്നുതൊട്ട് ഇന്നോളം അദ്ദേഹത്തിന്റെ കരുതല്‍ എന്നെ പൊതിഞ്ഞു നിന്നിട്ടുണ്ടായിരുന്നു. എത്ര നക്ഷത്രക്കൂട്ടങ്ങള്ക്കിടയിലും അവര്‍ക്കൊപ്പം ചേര്‍ത്തുനിര്‍ത്താന്‍ അദ്ദേഹം സൗമനസ്യം കാണിച്ചിട്ടുണ്ട്.
സെറ്റുകളില്‍ ഇന്നസെന്റ് എത്തിയാല്‍ പിന്നെ ചിരിയുടെ പൂരമാണ്. എല്ലാവരെയും തന്നിലേയ്ക്ക് ആകര്‍ഷിക്കാനുള്ള അപാരമായ സിദ്ധിവിശേഷം അദ്ദേഹത്തിനുണ്ടായിരുന്നു. പൊടിപ്പും തൊങ്ങലും ചേര്‍ത്താണ് അദ്ദേഹം കഥകള്‍ മെനഞ്ഞിരുന്നത്. എന്നിട്ടും ആ കഥകളൊന്നും പാഴ്കഥകളാകാതിരുന്നത് അതില്‍ അദ്ദേഹം ജീവിതംകൂടി ചേര്ത്തുവച്ചതുകൊണ്ടാണ്. ആ കഥകള്‍ മുഴുവനും ആര്‍ത്ത് ചിരിക്കാനുള്ളതായിരുന്നു.
മറ്റൊരാളെ കളിയാക്കുന്ന തരത്തില്‍ അദ്ദേഹം തമാശ പറഞ്ഞാല്‍പോലും അതാരെയും കുത്തിനോവിക്കുമായിരുന്നില്ല. ഇന്നസെന്റിന് മാത്രം കഴിഞ്ഞിരുന്ന ഒരു ഫലിതപ്രയോഗമായിരുന്നു അത്. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകത്തിന്റെ അവതാരികയില്‍ അദ്ദേഹം എഴുതിയതുപോലെ ‘ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യന് നല്‍കാനായി എന്റെ കൈയില്‍ ഒരു ഔഷധം മാത്രമേയുള്ളൂ, അത് ഫലിതമാണ്.’ ജീവിതാവസാനം വരെയും മലയാളികളുടെ ജീവിതത്തെ അദ്ദേഹം ചിരിപ്പിച്ചുകൊണ്ടിരുന്നു.
ഇന്നസെന്റ് ചേട്ടനുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത നിരവധി ഓര്‍മ്മകള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്. അതിലൊന്ന് രസതന്ത്രം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്താണ്. മോഹന്‍ലാലിനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു രസതന്ത്രം. തൊടുപുഴയായിരുന്നു പ്രധാന ലൊക്കേഷന്‍. ഷൂട്ടിംഗ് കവര്‍ ചെയ്യാന്‍ ഞങ്ങളും അവിടെ എത്തിയിരുന്നു. ഞാനന്ന് നാന സിനിമാവാരികയുടെ ലേഖകനാണ്. ഷൂട്ടിംഗ് കഴിഞ്ഞുള്ള മടക്കയാത്ര ഇന്നസെന്റ് ചേട്ടനൊപ്പമായിരുന്നു. അദ്ദേഹം അവിടുത്തെ ഒരു റിസോര്‍ട്ടിലാണ് താമസം. ഒപ്പം കൂടിയിട്ട് പോയാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. മദ്യസല്‍ക്കാരം കഴിഞ്ഞുള്ള ഒരു ഇടവേളയില്‍ ഞങ്ങള്‍ റിസോര്‍ട്ടിന് പുറത്തിറങ്ങി. റിസോര്‍ട്ടിന് മുന്നിലുള്ള ഒരു വലിയ മരത്തിന് മുകളില്‍ ഹട്ട് ഉണ്ടായിരുന്നു. മുളകമ്പുകള്കൊണ്ട് തീര്‍ത്ത കയര്‍ ഗോവണി പിടിച്ചുകൊണ്ടുവേണം അതില്‍ കയറാന്‍. ഇന്നസെന്റാണ് ആദ്യം കയറിയത്. തൊട്ടുപിന്നാലെ ഞാനും. ഞങ്ങളുടെ വെയ്റ്റ് കൊണ്ടാവണം ഗോവണി ആടാന്‍ തുടങ്ങി. ഏതാണ്ട് പകുതി എത്തിയിട്ടുണ്ടാവില്ല. പെട്ടെന്ന് ഇന്നസെന്റ് കാലെടുത്ത് വച്ച മുളക്കമ്പ് പൊട്ടി കാല് താഴേയ്ക്ക് ഊര്‍ന്നു. അപ്പോഴും കയറിലുള്ള പിടുത്തം അദ്ദേഹം വിട്ടിട്ടുണ്ടായിരുന്നില്ല. പിറകില്‍നിന്നും ഞാനും സപ്പോര്‍ട്ട് ചെയ്തു. ഒരു വലിയ അപകടം തെന്നിമാറിയ സന്ദര്‍ഭമായിരുന്നു അത്. അതോടെ ഹട്ടിലേയ്ക്കുള്ള യാത്ര മതിയാക്കി ഞങ്ങള്‍ റൂമിലേയ്ക്ക് വന്നു.
അടുത്ത ദിവസം ഈ വിവരം ഇന്നസെന്റ് മോഹന്‍ലാലിനോട് പറഞ്ഞു. അന്ന് മോഹന്‍ലാല്‍ എന്നെ മാറ്റിനിറുത്തി ശാസിച്ചു. ഇന്നസെന്റിനോടുള്ള കരുതല്‍ ഞാനദ്ദേഹത്തിന്റെ വാക്കുകളില്‍ കേട്ടു.
എന്റെ ഒരു സുഹൃത്തിന്റെ മകളുടെ അഡ്മിഷന്റെ കാര്യവുമായി ബന്ധപ്പെട്ട് ഞാന്‍ അദ്ദേഹത്തെ ഒരിക്കല്‍ ഫോണില്‍ വിളിച്ചിരുന്നു. അക്കാര്യം അദ്ദേഹം സ്കൂള്‍ അധികൃതരെ അറിയിക്കുകയും ചെയ്തു. യോഗ്യതകളെല്ലാം ഉണ്ടായിരുന്നിട്ടും അന്തിമലിസ്റ്റില്‍ ആ കുട്ടിയുടെ പേര് ഉണ്ടായിരുന്നില്ല. വിവരം ഇന്നസെന്റിനെ അറിയിച്ചു. ഇത്തവണ അദ്ദേഹത്തിന്റെ കാര്‍ക്കശ്യം നിറഞ്ഞ വാക്കുകള്‍ സ്കൂള്‍ അധികൃതര്‍ക്ക് കേള്‍ക്കേണ്ടിവന്നു. അതിന് ഫലമുണ്ടായി. പ്രിന്‍സിപ്പാള്‍ തന്നെ നേരിട്ട് വിളിച്ച് ആ കുട്ടിക്ക് അഡ്മിഷന് കൊടുത്തു.
സോണറ്റ് വിവാഹിതനായി ഇരട്ടക്കുട്ടികളുടെ അച്ഛനും ഇന്നസെന്റ് മുത്തച്ഛനുമായ സന്ദര്‍ഭത്തില്‍ ആ കുടുംബത്തിന്റെ ആദ്യത്തെ ഫീച്ചര്‍ പകര്‍ത്താന്‍ അവസരം ഉണ്ടായതും എനിക്കായിരുന്നു. പാര്‍പ്പിടം എന്നായിരുന്നു അദ്ദേഹത്തിന്റെ വീട്ടുപേര്. ഇരിങ്ങാലക്കുടയിലുള്ള ആദ്യത്തെ വീട് മാറി പള്ളിയുടെ അടുക്കലായി മറ്റൊരു വീട് വച്ചപ്പോഴും അവിടേയ്ക്ക് അദ്ദേഹം ആദ്യം കൂട്ടിക്കൊണ്ടുപോയവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു.
സല്‍ക്കാരപ്രിയനായിരുന്നു ഇന്നസെന്റ് ചേട്ടന്. ചേച്ചിയും സോണറ്റുമതെ. തീന്മേശയില് നിറയെ വിഭവങ്ങളുണ്ടാവും. നേന്ത്രക്കാ ഇട്ട് വറ്റിച്ച ബീഫായിരുന്നു ചേച്ചിയുടെ കൈപ്പുണ്യമറിഞ്ഞ ഒരു വിഭവം. അത് ഇന്നസെന്റ് ചേട്ടനും പ്രിയപ്പെട്ടതായിരുന്നു. കാന്‍സര്‍ ബാധിതനായി റേഡിയേഷന് കഴിഞ്ഞിരിക്കുന്ന നാളുകളില്‍ ഇഷ്ടപ്പെട്ട ആഹാരവിഭവങ്ങള്‍ പോലും വെറുപ്പോടെ മാറ്റിവച്ച സന്ദര്‍ഭത്തെക്കുറിച്ചും ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്.
ആ നാളുകളിലും അദ്ദേഹം നര്‍മ്മത്തെ കൈവിട്ടിരുന്നില്ല. കാന്‍സര്‍ വാര്‍ഡിലെ ചിരിയെന്ന പേരില്‍ ഒരു പുസ്തകം എഴുതാന്‍ അദ്ദേഹത്തിന് കഴിഞ്ഞതും അതുകൊണ്ടാണ്. ‘ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്ന്’ എന്നാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറും സഹപാഠിയുമായ ഡോ. വി.പി. ഗംഗാധരന് കുറിച്ചത്.
നര്‍മ്മത്തില്‍ ഒളിപ്പിച്ച നയതന്ത്രജ്ഞത ഒരു ഭരണാധികാരി എന്ന നിലയില്‍ ഇന്നസെന്റിനെ ഏറെ തുണച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്ന കാലത്ത് ഉയര്‍ന്നിട്ടുള്ള പല പ്രക്ഷുബ്ധ ഘട്ടങ്ങളിലും ഇന്നസെന്റിന്റെ നര്‍മ്മ നയതന്ത്രജ്ഞതയാണ് അതിനെയെല്ലാം ഉരുക്കി ഒഴുക്കി കളഞ്ഞത്. ഇന്നസെന്റിന്റെ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കില്‍ ആ സംഭവങ്ങളെല്ലാം ആളിക്കത്തുമായിരുന്നു.
സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ നിന്ന് മത്സരിക്കുമ്പോള്‍ അദ്ദേഹം വോട്ട് അഭ്യര്‍ത്ഥിച്ചതും നര്‍മ്മം പുരണ്ട വാക്കുകളിലൂടെയാണ്. ‘പാര്‍ലമെന്റില്‍ ചെന്നാല്‍ കുറെ കട്ടുമുടിക്കാമെന്ന് കേട്ടു. അതുകൊണ്ടാണ് ഞാനും മത്സരിക്കാന്‍ നില്‍ക്കുന്നത്’. ഇന്നസെന്റിനല്ലാതെ മറ്റൊരാള്‍ക്ക് ഇങ്ങനെയൊക്കെ പറയാന്‍ കഴിയുമോ?
ചിരിച്ചും ചിരിപ്പിച്ചും തീര്‍ത്ത ശൂന്യതയാണ് ഇനി മുന്നിലുള്ളത്. ആ ഓര്‍മ്മയുടെ വെട്ടങ്ങളില്‍ മൗനമായിരുന്നു ഒരിറ്റ് കണ്ണീര് വാര്ക്കട്ടെ.
കെ. സുരേഷ്.
Recent Comments