26-ാമത് രാജ്യാന്തരചലച്ചിത്രമേളയ്ക്ക് മാര്‍ച്ച് 18 നു തിരുവനന്തപുരത്ത് തിരി തെളിയും. എട്ടു ദിവസത്തെ മേളയില്‍15 തിയേറ്ററുകളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. പതിനായിരത്തോളം പ്രതിനിധികള്‍ക്കാണ് ഇത്തവണ മേളയില്‍ പ്രവേശനം അനുവദിക്കും. കോവിഡ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി തിയേറ്ററുകളില്‍ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കും. അന്താരാഷ്ട്ര മത്സരവിഭാഗം, ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉള്‍പ്പടെ എഴു പാക്കേജുകളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോണ്‍ഫ്ളിക്റ്റ് എന്ന പാക്കേജാണ് മേളയിലെ പ്രധാന ആകര്‍ഷണം. ആഭ്യന്തര സംഘര്‍ഷം കാരണം സമാധാനം നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാന്, ബര്‍മ്മ, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ഫിപ്രസ്കി പുരസ്കാരം ലഭിച്ച സിനിമകളുടെ പാക്കേജ് ഫിപ്രസ്കി ക്രിട്ടിക്സ് വീക്ക് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. അന്തരിച്ച നടന് നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്പെക്റ്റീവും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടര്‍ക്കിഷ് സംവിധായകന് എമര് കയ്സ് സംവിധാനം ചെയ്ത അനറ്റോളിയന്‍ ലെപ്പേഡ്, സ്പാനിഷ് ചിത്രമായ കമീല കംസ് ഔട്ട് റ്റു നെറ്റ്, ക്ലാരാ സോള, ദിനാ അമീറിന്റെ യു റീസെമ്പിള്‍ മി, മലയാളചിത്രമായ നിഷിദ്ധോ, ആവാസ വ്യൂഹം തുടങ്ങിയ ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.തമിഴ് ചിത്രമായ കൂഴങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
അഫ്ഗാന് ചിത്രമായ ട്രൗണിങ് ഇന്‍ ഹോളി വാട്ടര്‍, സിദ്ദിഖ് ബര്‍മാക് സംവിധാനം ചെയ്ത ഓപ്പിയം വാര്, കുര്‍ദിഷ് ചിത്രം കിലോമീറ്റര്‍ സീറോ, മെറൂണ്‍ ഇന്‍, ഇറാഖ്-മ്യാന്മര് ചിത്രം മണി ഹാസ് ഫോര്‍ ലെഗ്സ് തുടങ്ങിയ ചിത്രങ്ങളാണ് ഫിലിംസ് ഫ്രം കോണ്‍ഫ്ളിക്റ്റ് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മേള നടക്കുന്നതെന്നും പ്രതിനിധികള്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് അറിയിച്ചു.
Recent Comments