ചികിത്സാ രംഗത്ത് ഹോമിയോപതിയ്ക്ക് അതിന്റേതായ മേല്‍ക്കൈയുണ്ടെന്നും എന്നാല്‍ ഈ മേഖലയ്ക്ക് നേരെയും അനാവശ്യമായ എതിര്‍പ്പുകളുണ്ടാകുന്നുവെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ഇന്സ്റ്റിറ്റിയൂഷന് ഓഫ് ഹോമിയോപതിക്സ് കേരളയുടെ (ഐ.എച്ച്.കെ) ദ്വിദിന അന്താരാഷ്ട്ര സമ്മേളനം വഴുതക്കാട് മൗണ്ട് കാര്‍മല്‍ കണ്വെന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹോമിയോപതിയുടെ ഗുണഫലം വ്യക്തപരമായി തനിക്കും അനുഭവമുള്ളതാണ്. എന്നാല്‍ ഹോമിയോപതിയെ അനുകൂലിക്കുന്നവരും വിമര്‍ശനത്തിന് വിധേയരാകുന്നു. കൊവിഡ് കാലത്ത് ഹോമിയോപതി ചികിത്സയുടെ പ്രാധാന്യത്തെ പറ്റി എഴുതിയപ്പോള്‍ തനിക്ക് നേരെയും വിമര്‍ശമുണ്ടായി. കാലത്തിന് അനുസരിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ ഈ രംഗത്ത് നടക്കണം. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ 1200 ഓളം ഹോമിയോപതി ക്ലീനിക്കുകളുണ്ട്. എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ചികിത്സാ കേന്ദ്രങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്സ്റ്റിറ്റിയൂഷന് ഓഫ് ഹോമിയോപതിക്സ് കേരള സംസ്ഥാന പ്രസിഡന്റ് ഡോ.കൊച്ചുറാണി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഐ.ബി.സതീഷ് എം.എല്‍.എ മുഖ്യാതിഥിയായി. ആധികാരികമായ അറിവിന്റെ പിന്ബലമാമാണ് ഹോമിയോയുടെ അടിസ്ഥാനമെന്ന് ഐ.ബി.സതീഷ്. ലോകത്തിന് മുന്നില്‍ ഹോമിയോപതിയുടെ സാദ്ധ്യതകള്‍ തെളിയിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടൂര്‍ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഹോമിയോപതി കൈപ്പുസ്തകത്തിന്റെ പ്രകാശനം മന്ത്രി ബാലഗോപാല്‍ ഐ.ബി.സതീഷ് എം.എല്‍.എയ്ക്ക് നല്കി നിര്‍വഹിച്ചു.
എ.എച്ച്.കെ രക്ഷാധികാരിയും പ്രശസ്ത ഹോമിയോപതി ഡോക്ടറുമായ ഡോ. രവി എം. നായരെ ചടങ്ങില്‍ മന്ത്രി ഉപഹാരം നല്കി ആദരിച്ചു. മികച്ച ഹോമിയോ കോളേജിനുള്ള പുരസ്ക്കാരം നേടിയ കുലശേഖരം ശാരദാ കൃഷ്ണ ഹോമിയോ കോളേജിന് വേണ്ടി ചെയര്മാന് ഡോ. സി.കെ. മോഹന്‍ മന്ത്രിയില്‍ നിന്ന് സ്വീകരിച്ചു.
കാട്ടാക്കട യൂണിറ്റ് സംഘടിപ്പിച്ച ചടങ്ങില്‍ ഡോ. ടി. അജയന്, ഡോ. വി. അജേഷ്, ഡോ. പി.ജി. ഗോവിന്ദ്, ഡോ. സതീശന് നായര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. എം. മുഹമ്മദ് അസലം സ്വാഗതവും ഡോ.ആര്.എസ്.രാജേഷ് നന്ദിയും പറഞ്ഞു.
Recent Comments