ഇസ്രായേലിൽ ഇറാന്റെ മിസൈൽ ആക്രമണം. ടെൽ അവീവിനെയും ജറുസലേമിനെയും ലക്ഷ്യമിട്ട് അര മണിക്കൂറിനിടെ ഇറാൻ തൊടുത്തത് ഇരുന്നൂറോളം മിസൈലുകളാണ്. അവയെല്ലാം അയൽരാജ്യമായ ജോർദാന്റെ ആകാശത്തുവച്ചുതന്നെ ഇസ്രായേൽ വെടിവച്ചിട്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ ഡിഫൻസ് ഫോഴ്സുമായി ചേർന്ന് ആക്രമണത്തെ ചെറുത്തെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ബൈഡനും കമല ഹാരിസും ദേശീയ സുരക്ഷാ കൗൺസിലുമായി അടിയന്തര യോഗം ചേർന്നു. ന്യൂയോർക്കിൽ യുഎൻ രക്ഷാസമിതിയും ഇന്ന് അടിയന്തര യോഗം ചേരുന്നുണ്ട്.
ലെബനനില്‍ ഇസ്രയേല്‍ കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാന്റെ മിസൈൽ ആക്രമണം. ഇറാന്റെ ഭാഗത്തുനിന്നും ആക്രമണം ഉണ്ടാകുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്ന് ടെൽ അവീവിലും ഇസ്രായേലിലുമുള്ള ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. അതിനാൽതന്നെ ഇറാന്റെ ആക്രമണങ്ങളിൽ ആളപായമില്ല.
ഇസ്രായേലിന് തിരിച്ചടി നൽകാൻ കഴിഞ്ഞുവെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ അവകാശപ്പെട്ടു. 90 ശതമാനം മിസൈലുകളും ലക്ഷ്യത്തിൽ പതിച്ചെന്നാണ് ഇറാന്റെ വാദം. ഇസ്രായേലിന് ഇനിയും തിരിച്ചടി നൽകുമെന്ന് ഇറാൻ അംബാസഡർ വ്യക്തമാക്കി. തെറ്റിന് ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
ഇസ്രായേലിലെ സ്ഥിതിഗതകൾ ഇന്ത്യയും നിരീക്ഷിക്കുന്നുണ്ട്. ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് എംബസി ജാഗ്രതാനിർദേശം നൽകി. ഇസ്രായേലിലെ ഇന്ത്യക്കാർ സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഇറാനും ഇസ്രേയലും തമ്മിലുള്ള ആക്രമണം തുടർന്നാൽ ലോക മഹായുദ്ധമായി മാറുമോയെന്ന് ലോകം ചർച്ച ചെയ്യുന്നുണ്ട് .ഇറാൻ ഇസ്രേയലിനെ ആക്രമിച്ചാൽ അമേരിക്ക ഇടപ്പെടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.അമേരിക്ക ഇസ്രേയൽ പക്ഷത്ത് വന്നാൽ റഷ്യയും ചൈനയും ഇറാൻ പക്ഷത്ത് വരും .അങ്ങനെ വന്നാൽ അതൊരു മൂന്നാം ലോക മഹായുദ്ധമായി മാറാനും സാധ്യതയുണ്ട് .
Recent Comments