ഇര്‍ഷാദ് അലി കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് ആണ്ടാള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ഗവിയില്‍ തുടങ്ങി.
ആണ്ടാള്‍ നിര്‍മ്മിക്കുന്നത് ഇര്‍ഷാദ് ആണ്. ആണ്ടാളില്‍ ഇര്‍ഷാദ് അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഇരുളപ്പന്‍.
ഇര്‍ഷാദിനെ ഫോണ്‍ വിളിക്കുമ്പോള്‍ ഗവിയിലെ തീരെ സിഗ്നല്‍ കുറഞ്ഞ ഒരു ഭാഗത്തായിരുന്നു. സംസാരം മുറിയാതിരിക്കാന്‍ അദ്ദേഹം കുറേ മാറി നിന്നശേഷമാണ് ഫോണ്‍ എടുത്തത്. ഇര്‍ഷാദിന്റെ പുതിയ ദൗത്യത്തിന് ആശംസകളര്പ്പിച്ചുകൊണ്ടാണ് സംസാരം തുടങ്ങിയത്.
ആണ്ടാളിന്റെ നിര്‍മ്മാണദൗത്യം ഏറ്റെടുക്കാനുള്ള കാരണം എന്തായിരുന്നു?
ഷെരീഫ് ഈസ എന്നോട് വന്ന് ആണ്ടാളിന്റെ കഥ പറഞ്ഞു. കഥ എനിക്ക് ഇഷ്ടമായി. അതിലെ കഥാപാത്രത്തേയും. ഈ കാലഘട്ടത്തില്പറയേണ്ട ഒരു കഥയാണ്. വളരെ ചെറിയ ബഡ്ജറ്റില്‍ ചെയ്യാവുന്ന ചിത്രവും. എന്റെ സുഹൃത്തുക്കളെ വിളിച്ച് കാര്യം പറഞ്ഞു. ധൈര്യമായി മുന്നോട്ട് പൊയ്ക്കൊള്ളൂ ഒപ്പം ഉണ്ടാകുമെന്നാണ് അവരെല്ലാം അറിയിച്ചത്. സത്യത്തില്‍ അവരുടെ പിന്‍ബലത്തോടെയാണ് ഞാനീ ചിത്രം നിര്‍മ്മിക്കുന്നത്.
സംവിധായകന് ഷെരീഫ് ഈസയെ മുമ്പേ പരിചയമുണ്ടോ?
അദ്ദേഹത്തിന്റെ ആദ്യചിത്രമായ കാന്തന് ദ് ലവ് ഓഫ് കളര്‍ കണ്ടശേഷം ഞാന്‍ ഫോണില്‍ വിളിച്ചിരുന്നു. അഭിനന്ദനം അറിയിക്കാന്‍ വിളിച്ചതായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ്. പിന്നീട് ഒരിക്കല്‍ ഷെരീഫിനെ കണ്ടപ്പോള്‍ എനിക്ക് പറ്റിയ കഥാപാത്രങ്ങള്‍ വല്ലതും വരികയാണെങ്കില്‍ പറയണമെന്ന് ഞാന്‍ പറഞ്ഞു. ഷെരീഫ് വാക്ക് തെറ്റിച്ചില്ല. ആണ്ടാളിന്റെ കഥയുമായി അദ്ദേഹം എന്നെ തേടിയാണ് ആദ്യം എത്തിയത്.
ഈ കാലഘട്ടം ആവശ്യപ്പെടുന്ന കഥയാണ് ആണ്ടാളിന്റേതെന്ന് പറഞ്ഞു. വിശദീകരിക്കാമോ?
ജനിച്ച മണ്ണ് ഏതൊരാള്‍ക്കും ഏറ്റവും പ്രിയപ്പെട്ടതാണ്. അതിനുവേണ്ടിയുള്ള പോരാട്ടമാണ്, ആണ്ടാളിലൂടെയും നടക്കുന്നത്. ഒരു കാലത്ത് ശ്രീലങ്കയില്‍നിന്ന് ഇന്ത്യയില്‍ എത്തിയ അഭയാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നമാണ് ആണ്ടാള്‍ ചര്‍ച്ച ചെയ്യുന്നത്. അതിലൊരു ശ്രീലങ്കന്‍ അഭയാര്‍ത്ഥിയാണ് ഇരുളപ്പനും. ഇരുളപ്പന്റെ ഭാര്യയായി അഭിജ അഭിനയിക്കുന്നു. സാദിഖ്ക്കയും ധന്യയുമാണ് മറ്റ് രണ്ട് കഥാപാത്രങ്ങള്‍. മറ്റുള്ളവരെല്ലാം ഇവിടുത്തെ പ്രദേശവാസികളാണ്.
കാന്തനുവേണ്ടി തിരക്കഥ എഴുതിയ പ്രമോദ് കൂവേരിയാണ് ആണ്ടാളിന്റേയും കഥാകാരന്. പ്രിയനാണ് ഛായാഗ്രാഹകന്‍. കാന്തന്റേയും ഛായാഗ്രാഹകന്‍ പ്രിയനായിരുന്നു.
ഗവിയെ കൂടാതെ രാമേശ്വരവും ധനുഷ്കോടിയുമാണ് ആണ്ടാളിന്റെ മറ്റ് ലൊക്കേഷനുകള്‍. ഇര്‍ഷാദ് പറഞ്ഞു നിര്‍ത്തി.
Recent Comments