പൃഥ്വിരാജ് സംവിധാനം ചെയ്ത് മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാൽ നായകനായി അഭിനയിച്ച എമ്പുരാൻ 100 കോടി തിയേറ്റർ ഷെയർ ക്ലബിൽ എത്തിയ ആദ്യ മലയാളചിത്രമായി സ്ഥാനം പിടിച്ചു. റിലീസിന് ശേഷം അഞ്ച് ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ 200 കോടി രൂപയുടെ കളക്ഷൻ നേടുകയും, അതിൽ നിർമാതാവിന് ലഭിച്ച തിയേറ്റർ ഷെയർ തുക 100 കോടി കടക്കുകയും ചെയ്തതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ വിജയം ചിത്രത്തിലെ നായകനായ മോഹൻലാൽ തന്നെ സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവെച്ച കളക്ഷൻ പോസ്റ്ററിലൂടെയാണ് സ്ഥിരീകരിച്ചത്. മലയാള ചലച്ചിത്രരംഗത്ത് തിയേറ്റർ ഷെയർ അടിസ്ഥാനമാക്കി ഇത്തരമൊരു കണക്കിൽ എത്തിച്ചേരുന്നത് ഇതാദ്യമായാണ്.
ഈ നേട്ടം ഏറെ ശ്രദ്ധപിടിപ്പിക്കുന്നത്, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സംവിധായകനും നിർമാതാവുമായ സുരേഷ് കുമാർ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ്. “100 കോടി ഷെയറുള്ള ഒരു പടം കാണിച്ചുതരട്ടെ. ഞാനിവിടുത്തെ ആർട്ടിസ്റ്റിനെ വെല്ലുവിളിക്കുകയാണ്. ഞങ്ങൾ ഷെയറാണ് കൂട്ടുന്നത്. ലോകത്തുള്ള മറ്റു കോസ്റ്റുകളല്ല കൂട്ടുന്നത്. 100 കോടി ഷെയർ ക്ലബ്ബിൽ വന്ന പടം ഇതുവരെ ഉണ്ടായിട്ടില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
മോഹൻലാൽ പങ്കുവെച്ച പോസ്റ്ററിൽ ‘100 കോടി തിയേറ്റർ ഷെയർ’ എന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ, ഈ വിജയത്തെ സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് ലഭിച്ച മറുപടിയെന്ന നിലയിലാണ് ആരാധകർ വിലയിരുത്തുന്നത്.
ലൂസിഫറിന്റെ തുടർച്ചയായ എമ്പുരാൻ, രാഷ്ട്രീയവും ധാർമ്മികതയുമെല്ലാം ചേർന്ന കഥാസന്ദർഭങ്ങളോടൊപ്പം, വിപുലമായ വിപണനവും സാങ്കേതികതയും സംയോജിപ്പിച്ച സിനിമയാണ്. നിർമാണത്തിൽ ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ സംയുക്ത പങ്കാളിത്തം ഉണ്ടായിരുന്നു.
Recent Comments