സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽ 22 ശതമാനത്തിലും 75 ശതമാനത്തിലേറെ പരാജയം. സാങ്കേതിക സർവകലാശാല ഫൈനൽ ബി.ടെക് പരീക്ഷഫലം വന്നപ്പോഴാണ് ഒട്ടേറെ കോളജുകൾ മോശം അക്കാദമിക നിലവാരത്തിലാണെന്ന കണക്ക് പുറത്തുവന്നത്. സർവകലാശാലകൾക്ക് കീഴിലുള്ള 128 കോളേജുകളിൽ ഇരുപത്തിയാറു എണ്ണത്തിലും വിജയ ശതമാനം 25 ശതമാനത്തിൽ താഴെയാണ് .ആറു കോളേജുകളിലെ വിജയശതമാനം പത്ത് ശതമാനത്തിൽ താഴെയും. ഒരു കോളേജിൽ സമ്പൂർണ പരാജയമാണ് .
ഒമ്പത് കോളേജുകളിൽ വിജയശതമാനം പതിനഞ്ച് ശതമാനത്തിൽ താഴെയും 17 കോളജുകൾ 20 ശതമാനത്തിൽ താഴെയുമാണ്. 56 കോളജുകളുടെ വിജയം 40 ശതമാനത്തിൽ താഴെയും 77 കോളജുകൾ 50 ശതമാനത്തിൽ താഴെയും വിജയമുള്ളവയാണ്. സർവകലാശാലയിൽ ഈ വർഷത്തെ മൊത്തം വിജയശതമാനം 53.03 ശതമാനമാണ്. 51 കോളജുകൾ 50 ശതമാനത്തിനു മുകളിൽ വിജയം നേടി. 24 കോളജുകൾക്ക് 60 ശതമാനത്തിനു മുകളിൽ വിജയം നേടാനായി. 15 കോളജുകൾക്ക്70 ശതമാനത്തിനു മുകളിലും രണ്ട് കോളജുകൾക്ക് 80 80 ശതമാനത്തിന് മുകളിലും വിജയമുണ്ട്.
ഈ വിജയശതമാനം കണ്ടാൽ കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളുടെ സുവർണ്ണകാലം അവസാനിച്ചുവെന്ന് തോന്നുക സ്വാഭാവികമാണ് . കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളുടെ കുതിപ്പ്
ആരംഭിച്ചത് 2001 ലാണ് . 2001 ൽ എ കെ ആൻ്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സംസ്ഥാനത്ത് പ്രൊഫഷണൽ കോഴ്സുകൾ വാഗ്ദാനം നൽകുന്ന സ്വാശ്രയ കോളേജുകൾ ആരംഭിക്കാൻ സ്വകാര്യ മേഖലയെ അനുവദിക്കുന്ന ഒരു സുപ്രധാന നയം സ്വീകരിച്ചു. അതിനുശേഷമാണ് കേരളത്തിൽ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടായത് . അതനുസരിച്ച്, കോളേജുകളിലെ ആകെ സീറ്റിൻ്റെ 50 ശതമാനം സർക്കാർ കോളേജുകളുടെ മാനദണ്ഡമനുസരിച്ച് നികത്തുകയും ബാക്കി മാനേജ്മെൻ്റുകൾക്ക് വിടുകയും ചെയ്തു. ഈ ധാരണയുടെ ഫലമായി കേരളത്തിൽ എഞ്ചിനീയറിംഗ് കോഴ്സുകളുടെ ദീർഘകാല ഡിമാൻഡ് ഉള്ളതിനാൽ എഞ്ചിനീയറിംഗ് കോളേജുകളിൽ ക്രമാനുഗതമായ വർദ്ധനവിന് കേരളം സാക്ഷ്യം വഹിച്ചു.അതോട് കൂടിയാണ് സംസ്ഥാനത്തിനു പുറത്തെ എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള ഒഴുക്ക് തടയനായത് .
നയം നടപ്പാക്കുന്നത് സംസ്ഥാനത്തെ കോളേജുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് കാരണമായെങ്കിലും ഗുണനിലവാരത്തിൽ ആനുപാതികമായ പുരോഗതി ദൃശ്യമായില്ല. കേരളത്തിലെ എഞ്ചിനീയറിംഗ് ബിരുദം താരതമ്യേന വിലകുറഞ്ഞതാക്കിഎന്നതാണ് വാസ്തവം . സംസ്ഥാനത്തെ എഞ്ചിനീയറിംഗ് ഡിഗ്രി സിൻഡ്രോം എഞ്ചിനീയറിംഗ് കോളേജുകളുടെ മികവ് കണക്കിലെടുക്കാതെ വിദ്യാഭ്യാസ വായ്പകൾക്കായി ബാങ്കിനെ ആശ്രയിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചതുകൊണ്ടാണ് സംസ്ഥാനത്ത് എഞ്ചിനീയറിംഗ് കോളേജുകൾ കൂണുകൾ പോലെ മുളപൊട്ടിയത് .ഇപ്പോൾ എഞ്ചിനീയറിംഗ് കോളേജുകൾ വൻ പരാജയമായതോടെ പല കോളേജ് കെട്ടിടങ്ങളും മറ്റു പല ആവശ്യങ്ങൾക്കായി വാടകയ്ക്ക് കൊടുക്കാനുള്ള ശ്രമത്തിലാണ് .ഒരു കാലത്ത് ഡിഗ്രി പഠനം ഉപേക്ഷിച്ച് ബിടെക് പഠനത്തിനു പോയിരുന്നവരുടെ കാലം അസ്തമിക്കുകയാണ് .ബിടെക് പഠനത്തിന് കുട്ടികളില്ലാത്ത പോലെ ഡിഗ്രി പഠനത്തിനും കുട്ടികൾ ഇല്ലാത്ത സ്ഥിതി വിശേഷമാണ് കേരളത്തിലുള്ളത്.സംസ്ഥാനത്ത് എസ് എസ് എൽ സി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന സ്ഥിതിയാണെന്ന് പറഞ്ഞത് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് .എഞ്ചിനീയറിംഗ് കോളേജുകളിൽ മാത്രമല്ല കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തും മൂല്യ ശോഷണം പിടിപെട്ടു കഴിഞ്ഞു.അതുകൊണ്ടാണ് പല വിദ്യാർത്ഥികളും വിദേശ രാജ്യങ്ങളിലെ സര്വകലാശാലകളിലേക്ക് പഠിക്കാൻ പോവുന്നത്.
Recent Comments