ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഹെല്‍മറ്റ് സൗജന്യമായി ലഭിക്കുവാന്‍ അവകാശമുണ്ടോ? ഉണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ചട്ടം 138(F) പ്രകാരം ഇരുചക്രവാഹനം വില്‍ക്കുന്ന സമയത്ത് വാഹന നിര്‍മ്മാതാവ് ISI സ്റ്റാന്‍ഡേര്‍ഡ് ഉള്ള ഹെല്‍മറ്റ് സൗജന്യമായി വാഹനത്തോടൊപ്പം ഉപഭോക്താവിന് നല്‍കേണ്ടതാണ്.
ഹെല്‍മെറ്റ് സൗജന്യമായി നല്‍കാത്ത നിര്‍മ്മാതാവിന്റെ പ്രതിനിധിയായ ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യുവാനുള്ള അധികാരം രജിസ്റ്ററിങ് അതോറിറ്റിക്കുണ്ട്. കൂടാതെ വാഹനത്തോടൊപ്പം നമ്പര്‍ പ്ലേറ്റ്, റിയര്‍വ്യൂ മിറര്‍, സാരി ഗാര്‍ഡ്, പിന് സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവ പ്രത്യേക വില ഈടാക്കാതെ സൗജന്യമായി ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടതാണ്. ഇക്കാര്യങ്ങള്‍ വിശദമാക്കി കൊണ്ട് 02/2016 നമ്പറായി 30/3/2016 ല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വിശദമായ ഉത്തരവ് ഇറക്കിയിട്ടുണ്ട്.
പ്രസ്തുത നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഡീലര്‍മാര്‍ക്കെതിരെ അതാതു സ്ഥലങ്ങളിലുള്ള രജിസ്ട്രിങ് അതോറിറ്റിക്ക് പരാതി നല്‍കാവുന്നതാണ്. പരാതിയില്‍ കൈക്കൊണ്ട നടപടികളെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം എഴുതി ചോദിക്കാവുന്നതുമാണ്. ഉപഭോക്താക്കള്‍ക്ക് ഡീലര്‍ക്കെതിരെ ഉപഭോക്താക്കോടതിയിലും പോകാവുന്നതാണ്.
Recent Comments