മലയാള സിനിമയിലെ പല അഭിനേതാക്കള്‍ക്കും മനോഹരമായ പേരുകള്‍ സമ്മാനിച്ചത് തിക്കുറിശ്ശി സുകുമാരന്‍നായരായിരുന്നു.
മാധവന്‍നായരെ മധുവും കുഞ്ഞാലിയെ ബഹദൂറും പത്മദളാക്ഷനെ കുതിരവട്ടം പപ്പുവും ബേബി ജോസഫിനെ ജോസ്പ്രകാശും എന്നാക്കിയപ്പോള്‍ അവര്‍ക്ക് നഷ്ടമായത് അവരുടെ പൂര്വ്വനാമങ്ങളായിരുന്നു. എന്നിട്ടും അവരതില്‍ അഭിമാനം കൊണ്ടു. കാരണം ആ പേരുകളിലാണ് അവരിന്നും അറിയപ്പെടുന്നത്.
ചിറയിന്‍കീഴുകാരനായ അബ്ദുള്‍ഖാദറിന് പ്രേംനസീര്‍ എന്ന് പേരിട്ടതും തിക്കുറിശ്ശിയാണെന്ന് പരസ്യമായ രഹസ്യമാണ്. പക്ഷേ അത് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ശരിയുമല്ല.
കെ.എം.കെ. മേനോന്റെ ത്യാഗസീമയില്‍ അഭിനിയിക്കാനാണ് അബ്ദുല്‍ഖാദറിന് ആദ്യക്ഷണമുണ്ടായിരുന്നതെങ്കിലും അദ്ദേഹം ആദ്യം അഭിനയിച്ചത് എസ്.കെ. ചാരിയുടെ മരുമകള്‍ എന്ന ചിത്രത്തിലാണ്. മരുമകളുടെ ചിത്രീകരണം തുടങ്ങിയെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം മോഹന്‍ റാവു സംവിധാനം ചെയ്ത വിശപ്പിന്റെ വിളിയായിരുന്നു. ആ ചിത്രത്തിലൂടെയാണ് അബ്ദുള്‍ഖാദറിന്റെ പേര് പ്രേംസനീര് എന്നായി മാറുന്നത്.
വിശപ്പിന്റെ വിളിയുടെ നിര്‍മ്മാതാവ് കുഞ്ചാക്കോ ആയിരുന്നു. അദ്ദേഹത്തിന് അബ്ദുല്‍ഖാദര്‍ എന്ന പേര് ഇഷ്ടമായില്ല. അന്ന് സെറ്റിലുണ്ടായിരുന്ന തിക്കുറിശ്ശിയാണ് നസീര്‍ എന്ന പേര് നിര്‍ദ്ദേശിച്ചത്. എന്നാല്‍ നസീറിനൊപ്പം പ്രേം എന്ന് ചേര്‍ത്ത് വിളിച്ചത് കുഞ്ചാക്കോയായിരുന്നു. അങ്ങനെയാണ് അബ്ദുല്‍ഖാദര്‍ പ്രേംനസീറായി മാറുന്നത്.
അതുകൊണ്ടായിരിക്കാം ‘എന്റെ ജീവിതം’ എന്ന പേരില്‍ പ്രേംനസീര്‍ എഴുതിയ പുസ്തകത്തില്‍ തനിക്ക് പ്രേംനസീര്‍ എന്ന് പേരിട്ടത് കുഞ്ചാക്കോയാണെന്ന് ആര്‍ക്കും ശങ്കയില്ലാത്തവിധം അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്.
Recent Comments