ഹിസ്ബുല്ല വെടിനിർത്തൽ ബുധനാഴ്ച പ്രദേശിക സമയം പുലർച്ചെ നാലു മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുദ്ധമവസാനിപ്പിക്കാനുള്ള സമാധാനക്കരാറിന് തന്റെ നേതൃത്വത്തിലുള്ള സുരക്ഷാ മന്ത്രിസഭ അനുമതി നൽകിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചതിന് പിന്നാലെയാണ് ബൈഡന്റെ പ്രസ്താവന.
ഇസ്രയേലിന്റെ സുരക്ഷാ കാബിനറ്റ് 10-1 വോട്ടിന് വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയതിന് തൊട്ടുപിന്നാലെ വൈറ്റ് ഹൗസിൽ പ്രസ്താവന നടത്തിയ ബൈഡൻ, താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ലെബനന്റെ താൽക്കാലിക പ്രധാനമന്ത്രി നജീബ് മിക്കാറ്റിയുമായും സംസാരിച്ചതായി പറഞ്ഞു. പ്രാദേശിക സമയം പുലർച്ചെ നാല് മണിക്ക് വെടിനിർത്തൽ അവസാനിക്കുമെന്നും ബൈഡൻ പറഞ്ഞു.
വെടിനിർത്തൽ തീരുമാനം സന്തോഷകരമായ വാർത്തയാണെന്ന് ബൈഡൻ പറഞ്ഞു. ഗാസയിലെ സംഘർഷം അവസാനിപ്പിക്കാനും ഈ തീരുമാനം പ്രേരണയാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിലെ സംഘർഷത്തിന് ശാശ്വത വിരാമം എന്ന നിലയിലാണ് വെടിനിർത്തലെന്നും അതേസമയം കരാർ ലംഘിച്ചാൽ സ്വയരക്ഷയെ കരുതി ശക്തമായി തിരിച്ചടിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും ബൈഡൻ പറഞ്ഞു.
ഹിസ്ബുല്ല ലിറ്റനി നദിയുടെ കരയിൽ നിന്ന് പിന്മാറണമെന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് അംഗീകരിക്കപ്പെട്ടത്. ഇസ്രയേൽ സൈന്യവും ലെബനൻ അതിർത്തിയിൽ നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേൽ ലബനൻ വെടിനിർത്തൽ യാഥാർഥ്യമാകുന്നതോടെ ഗാസയിലും വെടിനിർത്തലിന് തന്റെ സർക്കാർ ശ്രമമാരംഭിക്കുമെന്ന് ജോ ബൈഡൻ പറഞ്ഞു. യുഎസും ഫ്രാൻസും മധ്യസ്ഥത വഹിച്ചാണ് വെടിനിർത്തൽ കരാറിന് രൂപം നൽകിയത്.വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യയിൽ സമാധാനം തിരിച്ചു വരുമെന്നാണ് പ്രതീക്ഷ
Recent Comments