ഹിസ്ബുള്ളയ്ക്ക് പിന്നാലെ യെമനിലെ ഹൂതികള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം. ഈ ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടു. യെമനിലെ റാസ് ഇസ, ഹൊദൈദ തുറമുഖം എന്നിവിടങ്ങളിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. വൈദ്യുത നിലയങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി.
ഹൂതികള്‍ ഇസ്രയേലിലെ ബെന്‍ ഗുരിയോന്‍ വിമാനത്താവളം ആക്രമിച്ചതിന് പിന്നാലെ ആണ് ഇസ്രയേല്‍ തിരിച്ചടിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ദിവസം തന്നെയാണ് ഹൂതികള്‍ ബെന്‍ ഗുരിയോന്‍ വിമാനത്താവളം ആക്രമിച്ചത്.
അതിനിടെ ലെബനനന്‍ തലസ്ഥാനമായ ബെയ്റൂത്തില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇന്നലെ 105 പേര് കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ കമാന്‍ഡര്‍ നബീല്‍ ഖയൂക്ക് കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ബെക്ക താഴ്വരയില് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു.
അതിനിടെ ഹിസ്ബുള്ള മേധാവി ഹസന് നസ്റല്ലയുടെ വിവരങ്ങള്‍ അറിയിച്ചത് ഇറാന് ചാരനാണെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നയീം കാസിം ഹിസ്ബുല്ലയുടെ ഇടക്കാല മേധാവിയായി ചുമതലയേറ്റു.
തങ്ങളെ ആക്രമിച്ച ഓരോരുത്തരെയായി ഇസ്രേയേല്‍ ആക്രമിക്കുകയാണ് .ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്രായേലില്‍ കടന്നുകയറി ആയിരക്കണക്കിനാളുകളെ ആക്രമിച്ചത്. തുടര്‍ന്ന് ഇസ്രേയേല്‍ ഏതാണ്ട് അറുപത്തിനായിരത്തിലധികം ആളുകളെയാണ് ഗാസയില്‍ കൊലചെയ്തത്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളും ആയിരുന്നു. നിരന്തരമായ അക്രമണത്തോടെ ഗാസ തകര്‍ക്കപ്പെട്ടു .ഇതിനിടയില്‍ ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയെയും ഇസ്രേയല്‍ വധിച്ചു.
ഹമാസിനെ പിന്തുണച്ച് ഇസ്രേയലിനെ ആക്രമിച്ച ഹിസ്ബുള്ളയെയും ഇസ്രേയല്‍ നാമാവശേഷമാക്കി. അവരുടെ തലവന്‍ ഹസന് നസ്റല്ല കൊല്ലപ്പെടുകയും ചെയ്തു. ഹൂതികളാണ് ഇസ്രേയലിന്റെ അടുത്ത ലക്ഷ്യം. അവര്ക്കെതിരെയാണിപ്പോള് ഇസ്രേയല്‍ ആക്രമണം നടത്തുന്നത്. ഹിസ്ബുള്ള, ഹൂതി എന്നിവര്‍ക്ക് പിന്നില്‍ ഇറാന് ആണ്. അതിനാല്‍ ഹൂതികളെ ഇല്ലാതാക്കിയശേഷം ഇസ്രേയല്‍ ഇറാനെ ആക്രമിക്കാനാണ് സാധ്യത. നേരത്തെ ഇറാന് പ്രസിഡന്റ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Recent Comments