ഷിബു സാറിന്റെ (ഷിബു ബേബിജോണ്‍) മകന് അച്ചുവിനോട് ആദ്യം പറഞ്ഞത് മറ്റൊരു കഥയായിരുന്നു. അത് കേട്ട് കഴിഞ്ഞപ്പോള്‍ ‘വേറെ ഏതെങ്കിലുമുണ്ടോ’ എന്നാണ് അച്ചു ചോദിച്ചത്. മനസ്സില്‍ വലിയൊരു ഡ്രീം പ്രോജക്ടുണ്ടായിരുന്നു. വലിയ ബജറ്റ് വേണ്ടിവരുന്ന ചിത്രമാണ്. എന്നെ പോലൊരു തുടക്കക്കാരനെ വിശ്വസിച്ചേല്‍പ്പിക്കാന്‍ ഒരു നിര്‍മ്മാതാവ് തയ്യാറാകുമോ എന്നുള്ളതുകൊണ്ടാണ് അത് പറയാതിരുന്നത്. അച്ചു ആവശ്യപ്പെട്ടപ്പോള്‍ ആ കഥ പറഞ്ഞു. ‘ഇതല്ലേ, തുടക്കക്കാരനായ ഒരു സംവിധായകന് ആദ്യം ചെയ്യേണ്ട സിനിമ’ അച്ചുവിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ‘നായകന് ആന്റണി പെപ്പെയാണെങ്കില്‍ പൊളിക്കും.’ അച്ചു തന്നെയാണ് അതും പറഞ്ഞത്. വാസ്തവത്തില്‍ എനിക്കെന്റെ നായകനെ സമ്മാനിച്ചതും അച്ചുവാണ്.’ ഗോവിന്ദ് വിഷ്ണു കാന്‍ ചാനലിനോട് പറഞ്ഞു.
മോഹന്‍ലാല്‍-ലിജോ പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന് ശേഷം ജോണ്‍ ആന്റ് മേരി ക്രിയേറ്റീവ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകനാണ് ഗോവിന്ദ് വിഷ്ണു. ചിത്രത്തിലെ നായകനായി ആന്റണി പെപ്പെയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഗോവിന്ദ് വിഷ്ണുവിനെ ഞങ്ങള്‍ വിളിച്ചിരുന്നു.
ഗോവിന്ദ് വിഷ്ണുവിനെ ഞങ്ങള്‍ക്ക് നേരത്തെ അറിയാം. കൊല്ലം ചവറ സ്വദേശിയാണ്. എണ്ണമറ്റ പരസ്യചിത്രങ്ങളുടെ സംവിധായകന്. സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍ വകുപ്പ് പരസ്യവിഭാഗം എം പാനല്‍ ഡയറക്ടര്‍ കൂടിയാണ്. ടൊവിനോ തോമസ് നായകനായി അഭിനയിച്ച കല്‍ക്കി, തീവണ്ടി എന്നീ ചിത്രങ്ങളുടെ സംവിധാന സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയോട് അടങ്ങാത്ത ആവേശവും പ്രതിഭയുമുള്ള ചെറുപ്പക്കാരന്.
‘ആന്റണിയുടെ പേര് അച്ചു നിര്‍ദ്ദേശിച്ചതിനുശേഷമാണ് അദ്ദേഹത്തെ കണ്ട് കഥ പറയുന്നത്. അന്ന് ആര്.ഡി.എക്സ് തുടങ്ങിയിട്ടുപോലുമില്ല. കഥ ആന്റണിക്കും ഇഷ്ടമായി. ചെയ്യാമെന്ന് പറയുകയും ചെയ്തു. പിന്നീട് നിര്‍മ്മാതാക്കള്‍ക്കൊപ്പം ആന്റണിയെ പോയി കണ്ടതിനുശേഷമാണ് ഔദ്യോഗികമായി പ്രോജക്ട് കമ്മിറ്റ് ചെയ്തത്.’
‘അച്ചു പറഞ്ഞിട്ടാണ് ഷിബു സാറിനോടും കഥ പറഞ്ഞത്. അദ്ദേഹത്തിനും കഥ ഇഷ്ടമായി. ജോണ്‍ ആന്റ് മേരി ക്രിയേറ്റീവ് പോലൊരു വലിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ പടം ചെയ്യാന്‍ കഴിയുന്നതുതന്നെ മഹാഭാഗ്യമാണ്. സെഞ്ച്വറി ഫിലിംസും മാക്സ് ലാബും നിര്‍മ്മാണ പങ്കാളികളാണ്.’
‘ഒരു പത്രത്തില്‍ വന്ന ലേഖനമാണ് ഈ കഥയ്ക്ക് പ്രചോദനമായത്. യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവം തന്നെയാണ് ഇത്. പൂര്‍ണ്ണമായും ഒരു ആക്ഷന്‍ ചിത്രം. ഞാനും ദീപു രാജീവനും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ആന്റണി പെപ്പെയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രംകൂടിയായിരിക്കും ഇത്. മലയാളത്തിലെ മുന്‍നിര താരങ്ങളെയാണ് ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നത്. അടുത്ത വര്‍ഷം ഏപ്രിലോടുകൂടി ചിത്രീകരണം ആരംഭിക്കും.’ ഗോവിന്ദ് വിഷ്ണു പറഞ്ഞു.
Recent Comments