ബ്രോഡാഡി സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് പീഡിപ്പിച്ചെന്ന കേസില്‍ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. സംഭവം അറിഞ്ഞയുടനെത്തന്നെ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റില്‍നിന്നും പറഞ്ഞുവിട്ടെന്നും പോലീസിന് മുന്നില്‍ ഹാജരായി നിയമനടപടി നേരിടാന്‍ നിര്‍ദ്ദേശിച്ചെന്നും വാട്ട്സ് ആപ്പ് സന്ദേശത്തില്‍ പറഞ്ഞുവെന്നും പൃഥ്വിരാജ്. വിഷയത്തില്‍ ആദ്യമായാണ് താരത്തിന്റെ പ്രതികരണം.
‘അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെന്നത് എന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പറയുമ്പോഴാണ് അറിയുന്നത്. 2023 ഒക്ടോബറില്‍ എമ്പുരാന് സിനിമയുടെ ഷൂട്ടിംഗിന്റെ തുടക്കത്തിലാണിത്. അതുവരെയും ഈ സംഭവമോ പരാതിയോ ഞാന്‍ അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞ അന്നുതന്നെ ഇയാളെ ഷൂട്ടിംഗില്‍നിന്ന് മാറ്റിനിര്‍ത്തി. പോലീസിന് മുന്നില്‍ ഹാജരാകാനും നയമനടപടികള്ക്ക് വിധേയനാകാനും നിര്‍ദ്ദേശിച്ചു’ എന്നായിരുന്നു സംഭവത്തെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിച്ചത്.
പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ ഹൈദരാബാദ് പോലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. 2021 ഓഗസ്റ്റ് 8 ന് ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സംഭവം. വിവാഹസീന്‍ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാന്‍ ആളെ തേടിയത്. അസോസിയേഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ അഭിനയിക്കാനെത്തിയത്. വീണ്ടും സീനില്‍ അവസരം തരാമെന്ന് പറഞ്ഞ് അസി. ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സ്വന്തം നിലയില്‍, ഷൂട്ടിംഗ് സംഘം താമസിക്കുന്നിടത്തുതന്നെ മുറിയെടുത്തു. മന്‍സൂര്‍ റഷീദ് മുറിയിലെത്തി കുടിക്കാന്‍ കോള കൊടുത്തുവെന്നും ഇതിനുശേഷം തനിക്ക് ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോള്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നും ബോധ്യമായി എന്നുമായിരുന്നു പരാതി. സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിച്ച് വീട്ടിലേയ്ക്ക് പോയി. പിന്നീട് രാവിലെ ഇവരുടെ നഗ്നചിത്രം ഈ അസിസ്റ്റന്റ് ഡയറക്ടര്‍ നടിക്ക് അയച്ചുകൊടുത്ത് പണം ആവശ്യപ്പെട്ടു. പോലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഹൈദരാബാദില്‍ ഗച്ചിബൗളി സ്റ്റേഷനില്‍ ബലാല്‍സംഗത്തിന് കേസെടുത്തു. പിന്നീടും ഈ ചിത്രം കാണിച്ച് പലപ്പോഴായി പണം വാങ്ങിയെന്നാണ് പരാതി. അറസ്റ്റ് ചെയ്യാന്‍ പോലീസ് കൊല്ലം കടയ്ക്കലിലെ പ്രതിയുടെ വീട്ടിലെത്തിയെങ്കിലും ഒളിവില്‍ പോയെന്നും രാഷ്ട്രീയസഹായം പ്രതിക്ക് കിട്ടിയെന്നും പരാതിക്കാരി പറയുന്നു. പിന്നീടും പ്രമുഖരുടെ സിനിമകളില്‍ ഇയാള്‍ പങ്കെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി വെളിപ്പെടുത്തി.
Recent Comments