നേരത്തെ പുറത്തിറങ്ങിയ ‘ജാട്ട്’ എന്ന ഹിന്ദി ചിത്രത്തിലെ ഒരു രംഗം ക്രിസ്ത്യൻ സമുദായത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തിയതായി ഉയർന്ന പരാതിയെ തുടർന്ന് സിനിമയുടെ പ്രധാന അഭിനേതാക്കളായ സണ്ണി ഡിയോൾ, രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ് എന്നിവർക്കും രണ്ട് അണിയറപ്രവർത്തകർക്കും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പഞ്ചാബിലെ ജലന്ധറിലാണ് കേസ് എടുത്തത്.
മതവികാര വ്രണവുമായി ബന്ധപ്പെട്ട് ജലന്ധറിലെ സദർ പോലീസ് സ്റ്റേഷനിലാണ് ചില ക്രിസ്ത്യൻ സമുദായ അംഗങ്ങൾ പരാതി നൽകിയത്. ഭാരതീയ നീതിസമിതിയുടെ സെക്ഷൻ 299 പ്രകാരമാണ് പരാതി എടുത്തിരിക്കുന്നത്.

വിഷയം വിവാദമായതിനെത്തുടർന്ന് സിനിമയുടെ അണിയറപ്രവർത്തകർ ഒരു ഔദ്യോഗിക പ്രസ്താവന ഇറക്കി. ചിത്രത്തിൽ നിന്നും വിവാദ രംഗം നീക്കം ചെയ്തതായി അണിയറപ്രവർത്തകർ അറിയിച്ചു. “സിനിമയിലെ ഒരു പ്രത്യേക രംഗത്തിൽ വലിയ പോരായ്മയുണ്ടായിരുന്നു. അത് ഉടൻ സിനിമയിൽ നിന്ന് നീക്കം ചെയ്യും. ആരുടെയും മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുക എന്നതല്ല ഞങ്ങളുടെ ഉദ്ദേശം, അതിനാൽ ആ രംഗം നീക്കം ചെയ്യുകയും ഖേദം അറിയിക്കുകയും ചെയുന്നു” എന്ന് നിർമാതാക്കൾ വ്യക്തമാക്കി.
ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ജാട്ട് പീപ്പിൾ മീഡിയ ഫാക്ടറിയും മൈത്രി മൂവി മേക്കേഴ്സും ചേർന്നാണ് നിർമ്മിച്ചത്. സണ്ണി ഡിയോൾ, രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ്, സായാമി ഖേർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
ഏപ്രിൽ 10-നാണ് ജാട്ട് തിയറ്ററുകളിൽ എത്തിയത്. റിലീസിന് ശേഷം ഒരാഴ്ചക്കകം തന്നെ സണ്ണി ഡിയോൾ സിനിമയുടെ രണ്ടാം ഭാഗമായ ജാട്ട് 2 പ്രഖ്യാപിച്ചിരുന്നു. “ജാട്ട് ഒരു പുതിയ ദൗത്യത്തിലേക്ക് ജാട്ട് 2” എന്ന കുറിപ്പോടെയായിരുന്നു പ്രഖ്യാപനം.
ബോക്സ് ഓഫീസിൽ ആദ്യഭാഗം വലിയ വിജയം നേടാത്തതിനും പുതിയ ഭാഗം ഒരുങ്ങുന്നതിനും പിന്നാലെ സിനിമയെ ചൊല്ലിയുള്ള വിവാദം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. 100 കോടിയോളം രൂപ ചെലവഴിച്ചാണ് ജാട്ട് ചിത്രീകരിച്ചിരിക്കുന്നത്. ജാട്ട് 2-ഉം ഗോപിചന്ദ് മലിനേനിയാണ് സംവിധാനം ചെയ്യുന്നത്. മൈത്രി മൂവീസ് മേക്കേഴ്സ് ആണ് നിർമ്മാണം.
Recent Comments