കുഞ്ചാക്കോ ബോബനെയും അരവിന്ദ് സ്വാമിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഫെലീനി സംവിധാനം ചെയ്യുന്ന ഒറ്റില്‍ ജാക്കി ഷ്റോഫും ശക്തമായൊരു വേഷം ചെയ്യുന്നു. ഇപ്പോള്‍ ഗോവയില്‍ ചിത്രീകരണം പുരോഗിമിക്കുന്ന ഒറ്റിന്റെ സെറ്റില്‍ ഏപ്രില്‍ 12 ന് ജാക്കി ഷ്റോഫ് ജോയിന്‍ ചെയ്യും. ഒറ്റിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍കൂടിയായ ഷാജി നടേശനാണ് ഇക്കാര്യം കാന്‍ ചാനലുമായി പങ്കുവച്ചത്.
ഒറ്റില്‍ ചാക്കോച്ചനും അരവിന്ദ് സ്വാമിക്കുമൊപ്പം ഒരു ബോളിവുഡ് നടന്‍കൂടി ഉണ്ടാകുമെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കാന്‍ ചാനലായിരുന്നു. ആ വാര്‍ത്തയാണിപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
ഒറ്റിലെ പ്രതിനായകവേഷമാണ് ജാക്കി ഷ്റോഫ് ചെയ്യുന്നതെന്നറിയുന്നു. സഹോയിലെയും ബിഗിലിലെയും വില്ലന്‍വേഷം ജാക്കി ഷെറോഫിന് ദക്ഷിണേന്ത്യക്കാര്ക്കിടയിലും സര്വ്വസ്വീകാര്യനാക്കിയിരിക്കുകയാണ്.
വിനയന് സംവിധാനം ചെയ്ത അതിശയനിലൂടെയാണ് ജാക്കി ഷ്റോഫ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് എ.ടി.എം എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. ‘ഒറ്റിലെ കഥപാത്രത്തിനായി കാത്തിരിക്കുന്നുവെന്നാണ്’ ജാക്കി ഷ്റോഫ് ട്വിറ്ററില്‍ കുറിച്ചത്.
ചാക്കോച്ചനും സ്വാമിക്കും പുറമെ ജാക്കി ഷ്റോഫും ഒറ്റിന്റെ ഭാഗമാകുന്നതോടെ ഒരു ദേശീയചിത്രത്തിന്റെ തലത്തിലേയ്ക്ക് അതുയര്ന്നുകഴിഞ്ഞു. ഒരേസമയം മലയാളത്തിലും തമിഴിലുമായിട്ടാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഈഷാറബ്ബാ ആണ് ചിത്രത്തിലെ നായിക. ആര്യയും അടുകളം നരേനും താരനിരയിലുണ്ട്. ആഗസ്റ്റ് സിനിമയാണ് ഒറ്റ് നിര്‍മ്മിക്കുന്നത്.
Recent Comments