എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്യുന്ന സിബിഐയുടെ അഞ്ചാം ഭാഗത്തില്‍ ജഗതി ശ്രീകുമാര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതായി വാര്‍ത്തകളും ചിത്രവും പ്രചരിക്കാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസമാകുന്നു. ജഗതി ശ്രീകുമാറിനെ മേക്കപ്പ് ചെയ്ത് കൊണ്ടിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നടന് അജു വര്‍ഗ്ഗീസാണ് ഈ ചിത്രം ആദ്യം പോസ്റ്റ് ചെയ്തത്. ഇന്ന് ശ്വേതാമേനോനും അത് റീപോസ്റ്റ് ചെയ്തിട്ടുണ്ട്. സിബിഐയുടെ അഞ്ചാം ഭാഗത്തിനായി വിക്രം ഒരുങ്ങുന്നു എന്നാണ് ശ്വേത കൊടുത്തിരിക്കുന്ന തലക്കെട്ടുതന്നെ. ഈ വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍കൂടിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് അരോമമോഹനെ വിളിച്ചത്.
‘അമ്പിളിച്ചേട്ടനെ ഈ സിനിമയില്‍ അഭിനയിപ്പിക്കുന്നത് സംബന്ധിച്ച് ആലോചനകള്‍ നടന്നിരുന്നുവെന്നത് നേരാണ്. എന്നാല്‍ അദ്ദേഹം ഈ നിമിഷംവരെ സിനിമയുടെ ലൊക്കേഷനില്‍ വന്നിട്ടുമില്ല, അഭിനയിച്ചിട്ടുമില്ല.’ അരോമ മോഹന്‍ പറഞ്ഞു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ജഗതിശ്രീകുമാര്‍ ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചിരുന്നു. അന്ന് അദ്ദേഹം മേക്കപ്പ് ഇടുന്ന ചിത്രമാണ് വാസ്തവത്തില്‍ ഇപ്പോള്‍ പ്രചരിക്കപ്പെടുന്നത്.
സിബിഐയുടെ അഞ്ചാംഭാഗത്തില്‍ ജഗതിശ്രീകുമാറിനെകൂടി ഉള്പ്പെടുത്തണമെന്നുള്ള ആശയം ആദ്യമുണ്ടാകുന്നത് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയില്‍നിന്നാണ്. ഇക്കാര്യം അദ്ദേഹം സംവിധായകനുമായി സംസാരിച്ചു. മമ്മൂട്ടിയുടെ അടുക്കലും ഈ ചര്‍ച്ച എത്തി. എല്ലാവരും ഒരേസ്വരത്തില്‍ അതിന് പൂര്‍ണ്ണസമ്മതം മൂളുകയായിരുന്നു. പക്ഷേ ജഗതിശ്രീകുമാറിനെ എവിടെ, എങ്ങനെ പ്ലെയ്സ് ചെയ്യണമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. അത് പൂര്‍ത്തിയാകുന്നതുവരെയെങ്കിലും ഇത്തരം അഭ്യൂഹങ്ങള്‍ ഒഴിവാക്കുകതന്നെ വേണം. പൂര്‍വ്വാധികം ശക്തിയോടെ ജഗതി ശ്രീകുമാര്‍ സിനിമയിലേയ്ക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് സിനിമാപ്രേമികള്‍ മുഴുവനും. പക്ഷേ അദ്ദേഹത്തിന്റെ വിശ്വാസ്യതയെപ്പോലും കളങ്കപ്പെടുത്തുന്ന രീതിയിലാണ് ഇപ്പോള്‍ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിക്കുന്നത്.
Recent Comments