ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാറിന്റെ പിറന്നാള്‍ ദിനമാണ് ഇന്ന്. അദ്ദേഹത്തിന് 73 വയസ്സാകുന്നു. 2012 മാര്‍ച്ച് 10 ന് ഉണ്ടായ ഒരു ആക്സിഡന്റിനെ തുടര്‍ന്ന് അദ്ദേഹം ദീര്‍ഘ നാളുകളായി ചികിത്സയിലായിരുന്നു. മരണമുഖത്തുനിന്ന് തിരിച്ചെത്തിയെങ്കിലും പിന്നീട് വീല്‍ചെയറിലേയ്ക്ക് അദ്ദേഹത്തിന്റെ ജീവിതം തളച്ചിടപ്പെടുകയായിരുന്നു. ഒരു കാലത്ത് പത്തും ഇരുപതും സിനിമകളിലായി ഓടിനടന്ന് അഭിനയിച്ച ജഗതി ശ്രീകുമാര്‍ എന്ന അത്ഭുത പ്രതിഭാസം അതോടെ മലയാള സിനിമയ്ക്ക് കിട്ടാക്കനിയായി. ഇടയ്ക്ക് കെ. മധു സംവിധാനം ചെയ്ത സിബിഐയുടെ അഞ്ചാം ഭാഗത്തില്‍ ഒരു ചെറിയ റോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നതെന്നൊഴിച്ചാല്. ചില അവാര്‍ഡ് ഫങ്ഷനുകളിലും മറ്റു ചില ഉദ്ഘാടന വേദിയിലുമാണ് പിന്നീടദ്ദേഹത്തെ കണ്ടത്.
പക്ഷേ, ഇത്തവണ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ മറ്റാര്‍ക്കും കഴിയാത്തൊരു സമ്മാനമാണ് സംവിധായകന് അരുണ്ചന്ദു നല്‍കിയിരിക്കുന്നത്. അദ്ദേഹം പുതുതായി സംവിധാനം ചെയ്യാന്‍ പോകുന്ന ‘വല’ എന്ന ചിത്രത്തില്‍ പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ ശരിക്കും ഞെട്ടിച്ചിരിക്കുന്നത്. വിഖ്യാത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിംഗിനെ ഓര്‍മ്മിപ്പിക്കുന്ന ലുക്കാണ് ജഗതി ശ്രീകുമാറിന്. ലോകത്തെ തന്റെ കൈവെള്ളയില്‍ നിയന്ത്രിക്കുന്ന ഒരു മാസ്റ്റര്‍ മൈന്‍ഡ് ശാസ്ത്രജ്ഞന്റെ റോളില്‍ അദ്ദേഹം തിളങ്ങുമെന്ന് ഉറപ്പ്.
ടൈലര്‍ ഡര്‍ഡനും അരുണ്ചന്ദുവും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രം നിര്‍മ്മിക്കുന്നത് അണ്ടര്‍ഡോഗ് എന്റര്‍ടെയിന്‍മെന്റ്സാണ്. ലെറ്റേഴ്സ് എന്റര്ടെയിന്മെന്റാണ് നിര്‍മ്മാണ പങ്കാളി. ഒരു സയന്‍സ് ഫിക്ഷനാണ് ചിത്രം. അജുവര്‍ഗീസ്, ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭഗത് മാനുവല്‍, ജോണ്‍ കൈപ്പിള്ളി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. വരുംദിവസങ്ങളില്‍ കൂടുതല്‍ താരങ്ങളെ അവതരിപ്പിക്കുമെന്ന് സംവിധായകന് അരുണ്ചന്ദു പറഞ്ഞു.
ഡി.ഒ.പി. സുര്‍ജിത് എസ്. പൈ, എഡിറ്റിംഗ് സീജെ അച്ചു, സംഗീതം ശങ്കര്‍ ശര്‍മ്മ, ക്രിയേറ്റീവ് ഡയറക്ടര്‍ വിനീഷ് നകുലാന്‍, വിഎഫ്എക്സ് മെറകി, അഡീഷണല്‍ സ്ക്രീന്‍ പ്ലേ സച്ചിന് ചന്ദ്രന്, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രശാന്ത് നാരായണന്, മേക്കപ്പ് ആര്‍ജി വനയാഡന്, കോസ്റ്റിയൂം ബുസി ബേബി ജോണ്‍, സൗണ്ട് ഡിസൈന്‍ ശങ്കരന് എഎസ്, കെസി സിദ്ധാര്ഥന്, ഫൈനല്‍ മിക്സ് വിഷ്ണു സുഗതന്, പോസ്റ്റ് പ്രൊഡക്ഷന്‍ നൈറ്റ് വിഷന്‍.
Recent Comments