ബ്രിട്ടീഷ് സംഗീതജ്ഞനായ മോണ്ടി നോര്മാന് അന്തരിച്ചു, 94 വയസ്സായിരുന്നു. ജൂലൈ 11 തിങ്കളാഴ്ച്ചയായിരുന്നു നോര്മാന് വിടവാങ്ങിയത്. ഗായകന്, കമ്പോസര്‍, ഗാനരചയിതാവ്, എഴുത്തുകാരന് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു നോര്മാന്. ജെയിംസ് ബോണ്ട് സിനിമയുടെ തീം മ്യൂസിക്കിന് ഐവോര്‍ നോവല്ലോ അവാര്‍ഡ് ലഭിച്ചിരുന്നു.
പ്രൊഡ്യൂസര്‍ ആല്‍ബര്‍ട്ട് ഗബ്ബി ബ്രോക്കോളി 1961 ലാണ് ആദ്യ ബോണ്ട് സിനിമയായ ‘ഡോ. നോ’യ്ക്ക് സംഗീതം ഒരുക്കാന്‍ മോണ്ടി നോര്‍മാനെ നിയോഗിക്കുന്നത്. സേണ്‍ കോണറിയായിരുന്നു ആദ്യ ബോണ്ട് നായകന്. ഊര്ഷല ആന്ഡ്രസ്സായിരുന്നു ‘ഡോ. നോ’യിലെ നായിക. ഇരു താരങ്ങളും ചേര്‍ന്ന് ഈ ചിത്രത്തിനുവേണ്ടി നോര്‍മാന്റെ സംഗീതത്തില്‍ പിറന്ന ‘അണ്ടര്നീത് ദി മാങ്ഗോ ട്രീ’ എന്ന ഗാനം പാടുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന്റെ തീം മ്യൂസിക് വേണ്ടി നോര്മാന് പല ട്യൂണുകളും കമ്പോസ് ചെയ്യുകയുണ്ടായി. എന്നിരുന്നാലും തന്റെ തന്നെ ഒരു ഭാവി സ്റ്റേജ് മ്യൂസിക് ഷോയ്ക്ക് വേണ്ടി നോര്മാന് കരുതിവെച്ച ഒരു ട്യൂണില്‍ മാറ്റം വരുത്തിയാണ് അദ്ദേഹം വിഖ്യാതമായ ബോണ്ട് തീം മ്യൂസിക്കിലേക്ക് എത്തുന്നത്.
എന്നാല്‍ നോര്മാന് ഒരുക്കിയ ട്യൂണുകള്‍ പുനര്‍ക്രമീകരിക്കുവാന്‍ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ മറ്റൊരു കമ്പോസറായ ജോണ്‍ ബെറിയെ സമീപിച്ചു. ബെറി ഈ ട്യൂണുകളില്‍ ഏതാനും മാറ്റങ്ങള്‍ വരുത്തി ബോണ്ട് തീം മ്യൂസിക് പൂര്‍ത്തിയാക്കി. പിന്നീട് ബോണ്ട് മ്യൂസിക്കിന്റെ സൃഷ്ടാവ് എന്ന നിലയില്‍ ജോണ്‍ ബെറി പ്രശസ്തി നേടി. തുടര്‍ന്ന് ബോണ്ട് മ്യൂസിക്കിന്റെ അവകാശത്തിനുവേണ്ടി നോര്മാന് 1997 ല്‍ കോടതിയെ സമീപിക്കുകയും, ഒടുവില്‍ 2001 ല്‍ കോടതി നോര്മാന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും ചെയ്തു. ജെയിംസ് ബോണ്ട് സിനിമകള്‍ പലതും വന്ന് പോയി. സേണ്‍ കോണറി മുതല്‍ ദാനിയേല്‍ ക്രെഗ് വരെ ബോണ്ട് നായകന്മരായി. പക്ഷേ മോണ്ടി നോര്മാന് ഒരുക്കിയ ബോണ്ട് തീം മ്യൂസിക് ഇന്നും മാറ്റമില്ലാതെ നിലകൊള്ളുന്നു.
1989 ല്‍ സംഗീതത്തിന് നല്കിയ സംഭാവനകള്‍ക്കായി മോണ്ടി നോര്മാന് ഗോള്‍ഡ് ബാഡ്ജ് ഓഫ് മെറിറ്റ് അവാര്‍ഡ് നല്കി ബ്രിട്ടിഷ് മ്യൂസിക് അക്കാദമി ആദരിച്ചിരുന്നു.
Recent Comments