മേപ്പടിയാന് റിലീസിന് എത്തുന്നതിനുമൊക്കെ മുന്‍പാണ്. കാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഉണ്ണിമുകുന്ദന് പറഞ്ഞത് ഓര്‍ക്കുന്നു. മേപ്പടിയാന്റെ തിരക്കഥ പൂര്‍ത്തിയായശേഷം ഉണ്ണിയെ നേരില്‍ കാണാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ സംവിധായകന് വിഷ്ണുമോഹനോട് ആരോ ചിലരൊക്കെ പറഞ്ഞിരുന്നത്രെ, ആക്ഷന്‍ രംഗങ്ങളൊന്നും ഇല്ലാത്ത ഒരു സിനിമയില്‍ ഉണ്ണി അഭിനയിക്കില്ല. ഒറ്റപ്പാലത്തേയ്ക്കുള്ള യാത്ര പാഴാണെന്നും അവര്‍ ഉപദേശിച്ചു.
ശരിയാണ്. ഉണ്ണി അറിയാതെ അങ്ങനെയൊരു ഇമേജ് ആ ചെറുപ്പക്കാരനെ ചൂഴ്ന്നുനില്പ്പുണ്ടായിരുന്നു. ആക്ഷന്‍ രംഗങ്ങളോടുള്ള ഉണ്ണിയുടെ ഇഷ്ടത്തെ അങ്ങനെ വ്യാഖ്യാനിച്ചവരുമുണ്ട്. നടന് മോഹന്‍ലാലിനും തുടക്കക്കാലത്ത് ആക്ഷന്‍ രംഗങ്ങളോടായിരുന്നു കൂടുതല്‍ പ്രതിപത്തിയെന്ന് ഒരിക്കല്‍ തുറന്നു പറഞ്ഞത് നടന് നെടുമുടി വേണുവാണ്. എന്നിട്ടും ലാല്‍ ആക്ഷന്‍ ഹീറോയായില്ല.
ഞാന്‍ ആക്ഷന്‍ രംഗങ്ങള്‍ മാത്രമേ ചെയ്യൂവെന്ന് ഉണ്ണി എവിടെയും പറഞ്ഞതായി കേട്ടിട്ടില്ല. ഒരു അഭിനേതാവെന്ന നിലയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു അദ്ദേഹവും. അപ്പോഴാണ് വിഷ്ണുമോഹന് മേപ്പടിയാന്റെ കഥ പറയാനെത്തുന്നത്. കഥ കേട്ട് ഇഷ്ടപ്പെടുകമാത്രമല്ല, അത് നിര്‍മ്മിക്കാനുള്ള ഉറച്ച തീരുമാനവും ഉണ്ണി എടുത്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഉണ്ണി ആഗ്രഹിച്ച് കൊതിച്ചിരുന്ന കഥാപാത്രം അദ്ദേഹത്തെ തേടിയെത്തിയതുകൊണ്ടുതന്നെയാവണം. അതൊരു അഭിനേതാവിന്റെ അഭിനിവേശമാണ്. ആര്‍ത്തിയാണ്.
മേപ്പടിയാനിലെ ജയകൃഷ്ണനില്‍ അങ്ങനെയൊരു അഭിനേതാവിന്റെ തിളക്കമുള്ള കണ്ണുകള്‍ കാണാം. പ്രതിഭയുടെ നാളമാണത്. ഇനിയും അത് കത്തിജ്വലിക്കുകതന്നെ ചെയ്യട്ടെ. ആ അര്‍ത്ഥത്തില്‍ ജയകൃഷ്ണന് ഉണ്ണിമുകുന്ദന്റെ കരിയറിലെ ഒരു കാല്‍വയ്പ്പ് തന്നെയാണ്.
മേപ്പടിയാനെ ഇഴകീറി മുറിച്ച് പരിശോധിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഒരു തുടക്കക്കാരന്റെ ബാലാരിഷ്ടതകള്‍ എഴുത്തിലും സംവിധാനത്തിലും അവിടവിടെ നിഴലിക്കുന്നുണ്ടെങ്കിലും വിഷ്ണുമോഹന് നിരാശപ്പെടുത്തുന്നില്ല. പകരം പ്രതീക്ഷ ഉയര്‍ത്തുകയാണ് ചെയ്യുന്നത്. സിനിമയുടെ ആദ്യഭാഗത്തില്‍നിന്ന് രണ്ടാംഭാഗത്തിലേയ്ക്കുള്ള ചുവടുവയ്പ്പില്‍ ആ കുതിച്ചുചാട്ടം പ്രകടമാണ്.
അനുബന്ധമായി ഒരു കാര്യംകൂടി പറഞ്ഞുകൊള്ളട്ടെ. സിനിമയുടെ ഡീഗ്രേഡിംഗിനെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്ന വാര്‍ത്തയിലും മറ്റും ജാതിയുടെയും മതത്തിന്റെയും സുവ്യക്തമായ സ്പര്‍ശമുണ്ട്. അത് സിനിമയെന്ന കലാരൂപത്തെ മാത്രമല്ല, മനുഷ്യരാശിയെതന്നെ ഒടുക്കാന്‍ കെല്‍പ്പുള്ള കൊടുംവിഷമാണ്. അത്തരം വിഷമനസ്സുള്ളവര് മേപ്പടിയാനെന്നല്ല ഒരു സിനിമയും കാണാന്‍ പോകരുത്.
Recent Comments