എം.ടി. വാസുദേവന്‍നായരുടെ പത്ത് ചെറുകഥകളെ അവലംബിച്ച് ഒരുക്കുന്ന വെബ്സീരീസിലെ രണ്ടാം ചിത്രമായ ‘സ്വര്‍ഗ്ഗം തുറക്കുന്ന സമയം’ ഇന്നലെ കോട്ടയത്ത് ആരംഭിച്ചു. ജയരാജാണ് സംവിധായകന്.
ദേശീയ അവാര്‍ഡ് ജേതാക്കളുടെ സംഗമം എന്ന് വേണമെങ്കില്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. സംവിധായകന് ജയരാജില്‍ തൊട്ടുതന്നെ തുടങ്ങാം. നിരവധി തവണ ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സംവിധായകനാണ് ജയരാജ്.
ഈ സീരീസില്‍ അഭിനയിക്കുന്ന നെടുമുടിവേണു, സുരഭി തുടങ്ങിയവരും ദേശീയ അവാര്‍ഡ് ജേതാക്കളാണ്. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ ഇന്ദ്രന്‍സും ഇതിലെ ഒരു പ്രധാന വേഷം ചെയ്യുന്നു.
ഈ സിനിമയ്ക്കുവേണ്ടി ഛായാഗ്രഹണം ഒരുക്കുന്ന നിഖില്‍ എസ്. പ്രവീണ്‍, ജയരാജ് തന്നെ സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലൂടെ മികച്ച സിനിമാട്ടോഗ്രാഫര്‍ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ ആളാണ്.
രഞ്ജിപണിക്കര്‍, കോട്ടയം പ്രദീപ് തുടങ്ങിയവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 10 ദിവസത്തെ ഷൂട്ടാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
Recent Comments