ഹോളിവുഡ് സംവിധായകന് സോഹന്റോയ് ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന Mmmm….. എന്ന ഇന്റര്‍നാഷണല്‍ സിനിമയുടെ ഗാന റിക്കോര്‍ഡിംഗ് വേളയില്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ സുഹൃത്തായ ഐ.എം. വിജയനെ ഇന്റര്‍നാഷണലെന്ന് പറഞ്ഞ് കളിയാക്കുകയായിരുന്നു ജയരാജ് വാര്യര്‍. ഇതിന് ദൃക്സാക്ഷിയായി പ്രശസ്ത ഗായികയായ നഞ്ചമ്മയും. നഞ്ചമ്മയെ അറിയില്ലേ? സച്ചിയുടെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പാട്ടിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗായിക. ഇപ്പോഴിതാ സോഹന്റോയ് നിര്‍മ്മിച്ച് ഗിന്നസ് റിക്കോര്‍ഡ് ഉടമയായ വിജീഷ് മണി സംവിധാനം ചെയ്യുന്ന Mmmm…. എന്ന ചിത്രത്തിലൂടെ വീണ്ടും ഗാനമാലപിക്കുന്നു.
പരിസ്ഥിതിക്ക് ഏറെ പ്രാധാന്യമുള്ള ഈ സിനിമയുടെ ഇതിവൃത്തം വളരെ പ്രത്യേകതകളുള്ളതാണ്. തേനീച്ചയുടെ ആവാസമാണ് ചിത്രത്തിനാധാരം.
തേനീച്ചകളില്ലാതായാല്‍ ലോകംതന്നെ നശിക്കുമെന്ന് കഥയിലൂടെ പറയാന്‍ ശ്രമിക്കുകയാണ് സംവിധായകനായ വിജീഷ് മണി. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ത്യന്‍ ഫുട്ബോളിലെ വിസ്മയമായ മലയാളികളുടെ മനസ്സില്‍ മഴവില്ല് തീര്‍ത്ത ഐ.എം. വിജയനാണ്. നിരവധി വിദേശ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. കൂടാതെ അമേരിക്കയിലെ മികച്ച ഗായകനായ എഡോണ്മുള്ളയും ഒരു പാട്ടിലൂടെ തന്റെ സാന്നിദ്ധ്യം അറിയിക്കുന്നു.
അട്ടപ്പാടിയുടെ സൗന്ദര്യം ഒപ്പിയെടുക്കുന്ന സിനിമയിലെ നഞ്ചമ്മയുടെ പാട്ട് തികച്ചും സവിശേഷതയര്‍ഹിക്കുന്നു. റിക്കോര്ഡിംഗിനായി എത്തിയപ്പോള്‍ ജയരാജ് വാര്യരെയും ഐ.എം. വിജയനെയും കണ്ട നഞ്ചമ്മയ്ക്ക് ഏറെ സന്തോഷം. രണ്ടുപേരും നഞ്ചമ്മയുടെ കാല്‍തൊട്ട് വന്ദിച്ചു. സച്ചിയുടെ അയ്യപ്പനും കോശിയും എന്ന സിനിമയിലെ പാട്ടിനെക്കുറിച്ച് ജയരാജ് ഓര്‍മ്മിപ്പിച്ചപ്പോള്‍ നഞ്ചമ്മയുടെ മുഖം വാടി. ജീവിതത്തില്‍ ഉണ്ടായ ഒരു വലിയ ശൂന്യതയാണ് സച്ചിയുടെ വിയോഗമെന്നും തന്റെ മകനാണ് നഷ്ടപ്പെട്ടതെന്നും നഞ്ചമ്മ വാക്കുകള്‍ ഇടറി പറഞ്ഞു.
ജുബൈല്‍ മുഹമ്മദ് ചിട്ടപ്പെടുത്തിയ വരികള്‍ നഞ്ചമയുടെ സ്വരമാധുരിയിലൂടെ ചുമരുകളില്‍ തട്ടി പ്രതിധ്വനിച്ചു. വിജയനും ജയരാജ് വാര്യരും പാട്ടിനൊപ്പം താളമിട്ടു. ഗംഭീരമായി പാടിയ നഞ്ചമ്മയെ എല്ലാവരും ചേര്‍ന്ന് അഭിനന്ദിച്ചു. ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ചിത്രത്തില്‍ തേനീച്ചയായി വേഷമിടുന്ന ബാലതാരം റേയ്ച്ചലിനെ നഞ്ചമ്മ ചേര്‍ത്തുനിര്‍ത്തി.
Recent Comments