തീയേറ്ററുകളില്‍ ഹിറ്റ് സമ്മാനിച്ച റാഫി-ദിലീപ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ആറാമത്തെ സിനിമ ‘വോയ്സ് ഓഫ് സത്യനാഥന്’ പ്രദര്ശനത്തിനൊരുങ്ങുകയാണ്. ഇതിനിടെ കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ മഹാരാജാസ് കോളേജ് മുതലുള്ള തങ്ങളുടെ ബന്ധം തുറന്നു പറയുകയാണ് ദിലീപും റാഫിയും. 1998-ല്‍ പുറത്തിറങ്ങിയ പഞ്ചാബി ഹൗസ് മുതല്‍ മലയാളികളെ ഏറെ ചിരിപ്പിച്ച കൂട്ടുകെട്ടാണ് ഇരുവരുടേതും. അഭിനേതാവ് എന്ന നിലയില്‍ ദിലീപിന്റെ ജീവിതത്തില്‍ വഴിത്തിരിവായ സിനിമയാണ് പഞ്ചാബി ഹൗസ്. പഞ്ചാബി ഹൗസിലേക്ക് ദിലീപ് എത്തിപ്പെട്ടതിന്റെ കഥ പറയുകയാണ് റാഫിയും ദിലീപും.
ദിലീപ് അങ്ങനെ പഞ്ചാബി ഹൗസിലെത്തി
പഞ്ചാബി ഹൗസിന്റെ ആദ്യം കാസ്റ്റ് ചെയ്തിരുന്നത് ജയറാമിനെയാണ്. ഉണ്ണികൃഷ്ണന് എന്ന കഥാപാത്രം ജയറാമിനെ മനസില്‍ കണ്ടാണ് രൂപപ്പെടുത്തിയത്. എന്നാല്‍ വലുപ്പംകൊണ്ടും പ്രായംകൊണ്ടും ചെറുതായ ഒരാളെ വേണമെന്ന് തീരുമാനിച്ചപ്പോഴാണ് ഞങ്ങള്‍ ദിലീപിലേക്ക് എത്തിയത്. അതിനു മുമ്പുള്ള രണ്ട് സിനിമകള്‍ ജയറാമിനോടൊപ്പമാണ് ചെയ്തത്- റാഫി ഓര്‍മിക്കുന്നു.
പഞ്ചാഹി ഹൗസിന്റെ കഥ റാഫി എന്നോട് മൂന്ന് തരത്തില്‍ പറഞ്ഞിരുന്നു. ഇതില്‍ ഏതാ ഇഷ്ടമായത് എന്ന് ചോദിച്ചപ്പോള്‍ രണ്ടാമത്തേതാണെന്ന് ഞാന്‍ പറഞ്ഞു. അത് തമാശയും ദുഃഖവും ഒക്കെ ഇടകലര്‍ന്നതായിരുന്നു. ഞാന്‍ ചെയ്ത സിനിമകളൊന്നും വര്‍ക്ക് ഔട്ട് ആകാതെയും പുറത്തിറങ്ങാതെയും ഇരിക്കുന്ന കാലത്താണ് പഞ്ചാബി ഹൗസിലേക്ക് എന്നെ വിളിക്കുന്നത്- ദിലീപ് പറയുന്നു.
ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്ന സമയം കേരളത്തില്‍ ജീവിക്കുന്ന ഒരു പഞ്ചാബി കുടുംബം എന്നു പറഞ്ഞാണ് സിനിമ തുടങ്ങിയത്. അതാണ് ആദ്യം പറഞ്ഞത്. രണ്ടാമത്തെ കഥയില്‍ കോമഡിയും റൊമാന്സും ഒക്കെ ഉണ്ടായിരുന്നു. അതാണ് ദിലീപിന് ഇഷ്ടപ്പെട്ടത്. അത് തീയേറ്ററില്‍ ഹിറ്റ് സമ്മാനിക്കുകയും ചെയ്തു.
റാഫിയും ഞാനും
മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോഴാണ് ദിലീപ് റാഫിയെ പരിചയപ്പെടുന്നത്. രസകരമായ ആ കാലം ദിലീപ് ഓര്‍ത്തെടുക്കുന്നുണ്ട്.
‘ലോ കോളേജില്‍ മിമിക്രി കാണിക്കുന്ന സമയത്താണ് ഞാന്‍ റാഫിയെ ആദ്യമായി പരിചയപ്പെട്ടത്. ഞാന്‍ അന്ന് മഹാരാജാസ് കോളേജില്‍ പഠിക്കുകയാണ്. ആ കാലത്ത് ഞാന്‍ സ്ഥിരം മിമിക്രി അവതരിപ്പിക്കാന്‍ പോകുമായിരുന്നു. അന്ന് റാഫിയെക്കുറിച്ച് കേട്ടറിവ് മാത്രമാണ് എനിക്ക് ഉണ്ടായിരുന്നത്. തൊട്ടടുത്ത് കണ്ടിട്ടില്ല. അന്ന് റാഫിയൊക്കെ ചെയ്യുന്ന കണ്ടന്റ് ഉള്‍ക്കൊണ്ടുകൊണ്ട് ഞങ്ങള്‍ പരിപാടികള്‍ അവതരിപ്പിക്കുമായിരുന്നു.’
ദിലീപ് ഇത് പറഞ്ഞപ്പോള്‍ റാഫിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല. ‘ഇവരുടെ വലിയ ഗ്രൂപ്പാണ്. ഞങ്ങളുടേത് ചെറുതും. ഇവര്‍ ഞങ്ങളുടെ ഐറ്റം കൊണ്ടുപോയി അവതരിപ്പിക്കും. ഇതേ ഐറ്റം ഞങ്ങള്‍ ഇത് വേറെ സ്ഥലത്ത് അവതരിപ്പിച്ച് കഴിയുമ്പോള്‍ ഇത് ആ ദിലീപിന്റെ ഐറ്റം അടിച്ചോണ്ടുവന്ന് ഇവന്മാര് അവതരിപ്പിക്കുന്നതല്ലേയെന്ന് നാട്ടുകാര്‍ പറയും.’
കാര്യങ്ങള്‍ അങ്ങനെയൊക്കെ ആണെങ്കിലും തങ്ങള്‍ തമ്മിലുള്ള സൗഹൃദം അന്നേ ആഴത്തിലുള്ളതായിരുന്നുവെന്ന് ദിലീപ് പറയുന്നു.
ഒരു പരീക്ഷ പോലെ
വോയ്സ് ഓഫ് സത്യനാഥന് ജൂലൈ 28ന് ജനങ്ങളിലേക്ക് എത്തുകയാണ്. ഒരു പരീക്ഷ എഴുതി റിസള്‍ട്ടിനായി കാത്തിരിക്കുന്ന കുട്ടിയുടെ അവസ്ഥയാണ് തനിക്കുള്ളതെന്ന് സംവിധായകന് റാഫി പറയുന്നു. ഏത് സിനിമ റിലീസ് ചെയ്താലും ഇതുതന്നെയാണ് അനുഭവപ്പെടുക. അത് അഭിനയിക്കുന്ന കാര്യത്തിലായാലും അങ്ങനെതന്നെ. ക്ലാപ്പ് മുന്നില്‍ വരുമ്പോള്‍ ചങ്കിടിപ്പ് തോന്നും. സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുമ്പോഴും അതുതന്നെയാണ് തോന്നാറ്- റാഫി പറഞ്ഞതിനോട് ദിലീപും കൂട്ടിച്ചേര്‍ത്തു.
അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം
Recent Comments