ഞാന്‍ ജയനുവേണ്ടി നാല് കഥാപാത്രങ്ങളെ സൃഷ്ടിച്ചു. ജോയ് താക്കോല്‍കാരന്‍ (പുണ്യാളന് അഗര്‍ബത്തീസ്), സുധി വാത്മീകം (സു…സു… സുധി വാത്മീകം), ജോണ്‍ ഡോണ്‍ ബോസ്കോ (പ്രേതം) മേരിക്കുട്ടി (ഞാന്‍ മേരിക്കുട്ടി). മേരിക്കുട്ടി അതിലെ അള്ട്ടിമേറ്റായിരുന്നു. ഇനി ജയനുവേണ്ടി എഴുതാന്‍ കഴിയുമോ എന്നുവരെ എനിക്ക് സംശയമുണ്ടായിരുന്നു.
ഒരാള്‍ അഭിനയിക്കുന്ന ഒരു സിനിമ. അത് ഞാന്‍ ചെയ്ത പല സിനിമകള്‍ക്കും മുമ്പുണ്ടായ ഒരു ആശയമാണ്. എന്നോടൊപ്പം വര്‍ക്ക് ചെയ്ത അഭിനേതാക്കളോടെല്ലാം ആ കഥയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. അവരെല്ലാം അതില്‍ എക്സൈറ്റഡായിരുന്നു. പക്ഷേ അത് എന്തുകൊണ്ടോ ശരിയായില്ല. പിന്നീടത് വേണ്ടെന്ന് വച്ചു.
ആ സമയത്താണ് പ്രധാനമന്ത്രിയുടെ ലോക്ക് ഡൗണ്‍ പ്രഖ്യാപനം ഉണ്ടാകുന്നത്. പൂര്‍ണ്ണമായും വീട്ടിനുള്ളില്‍ അകപ്പെട്ട നാളുകളായിരുന്നു. എന്ഗെജ്ഡ് ആകുന്നതിന്റെ ഭാഗമായി പല കഥകളെക്കുറിച്ചും ചിന്തിച്ചു. സി യു സൂണ്‍ മാതൃകയില്‍ ഒരു സിനിമയും ആ സമയത്തുണ്ടായ തോട്ടാണ്. സി യു സൂണ്‍ ഒക്കെ ഉണ്ടാകുന്നതിനുമുമ്പേയാണ് ആ പാറ്റേണിലുള്ള ഒരു ചിത്രത്തെക്കുറിച്ചൊക്കെ ആലോചിച്ചിരുന്നത്. ഒരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമയായിരുന്നു. തികഞ്ഞ എന്റര്ടെയ്നര്. ലോക് ഡൗണ്‍ കാലത്ത് അങ്ങനെയൊരു സിനിമ ഷൂട്ട് ചെയ്യാനാകുമായിരുന്നു. അതിനുപക്ഷേ എന്നെപ്പോലൊരാള്‍ക്ക് കുറച്ചുകൂടി സാങ്കേതിക പരിജ്ഞാനം ആവശ്യമായിരുന്നു. പ്രത്യേകിച്ചും ഒരു എഡിറ്ററുടെ അവഗാഹം ഏറെ വേണ്ട സിനിമയായിരുന്നു അത്. അതുകൊണ്ട് അതും തല്ക്കാലം ഒഴിവാക്കുകയായിരുന്നു.
സമാന്തരമായി മറ്റൊരു കഥയും ഞാന്‍ എഴുതുന്നുണ്ടായിരുന്നു. പഴയ ആശയം തന്നെയായിരുന്നു. ഒരു അഭിനേതാവ് മാത്രമുള്ള സിനിമ. ഇത്തവണ കൂടുതല്‍ വ്യക്തത അതിന് കൈവന്നു. അത് എഴുതിക്കഴിഞ്ഞപ്പോള്‍ നല്ല വായനാനുഭവമുള്ള തിരക്കഥയായിട്ടാണ് എനിക്ക് തോന്നിയത്. അതൊരു പുസ്തകമാക്കാമെന്നുപോലും ഞാന്‍ ചിന്തിക്കാതിരുന്നില്ല.
അതിനുശേഷവും ആ കഥയ്ക്ക് പല രൂപപരിണാമങ്ങളും സംഭവിച്ചു. പല ലെയറുകള്‍ അതിനുണ്ടായി. പല കഥാപാത്രങ്ങളും അതിലേയ്ക്ക് വന്നുചേര്‍ന്നു. എങ്കിലും പ്രകടനപരമായി ഒരാക്ടറിന് മാത്രം നിറഞ്ഞാടാവുന്ന ചിത്രം. കഥാപാത്രം ഒരു സംഗീതജ്ഞന്റേതാണ്. സംഗീജ്ഞനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരിക്കലും നമ്മുടെ മനസ്സിലേയ്ക്ക് കടന്നുവരാത്ത ഒരു താരമാണ് ജയസൂര്യ. സത്യത്തില്‍ ഈ കഥയെക്കുറിച്ച് ആലോചിക്കുമ്പോഴൊന്നും ജയസൂര്യ എന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല.
ആയിടയ്ക്കാണ് ഞാന്‍ ജയനെ കാണുന്നത്. താടിയൊക്കെ വളര്‍ത്തി വളരെ വ്യത്യസ്തമാര്‍ന്ന ഗെറ്റപ്പിലായിരുന്നു ജയന്. പെട്ടെന്ന് സണ്ണി എന്റെ മുന്നില്‍ നില്ക്കുന്നതുപോലെ തോന്നി. ഞാന്‍ ജയനോട് കഥ പറഞ്ഞു. ജയന് എക്സൈറ്റഡായി. കഥ കേട്ടു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് ധാരാളം സംശയങ്ങളുണ്ടായി. എങ്കില്‍ അതവിടെവച്ച് ഉപേക്ഷിക്കാന്‍ ഞാന്‍ ജയനോട് പറഞ്ഞു. അങ്ങനെ ആ അദ്ധ്യായം അവിടെ പൂര്‍ണ്ണമാകുന്നു.
പക്ഷേ സണ്ണിയെ ഉപേക്ഷിക്കാന്‍ എനിക്ക് ആകുമായിരുന്നില്ല. ഞാന്‍ മറ്റൊരു താരത്തോട് കഥ പറഞ്ഞു. അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു. അനൗണ്‍സ്മെന്റിനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോഴാണ് ജയന്റെ കോള്‍ എത്തുന്നത്. ആ കഥാപാത്രം തന്നെ വേട്ടയാടുന്നുണ്ടെന്നും സ്വപ്നത്തില്‍പോലും സണ്ണി പ്രത്യക്ഷനായെന്നും ജയന് എന്നോട് പറഞ്ഞു. വെറുംവാക്ക് പറയുന്ന ആളല്ല ജയന്. നേരത്തെ കമ്മിറ്റ് ചെയ്ത താരത്തോട് ഞാന്‍ നിജസ്ഥിതി വെളിപ്പെടുത്തി. അദ്ദേഹം സ്നേഹപൂര്‍വ്വം ഒഴിഞ്ഞുമാറി. അവിടേയ്ക്ക് വീണ്ടും ജയന് എത്തി.
ഹോട്ടല്‍ ഹയാത്തിലെ ഒരു ഫ്ളോര്‍ മുഴുവനായും വാടകയ്ക്കെടുത്താണ് ഷൂട്ട് ചെയ്തത്. നല്ലൊരു സിനിമ ചെയ്യണമെന്ന ആഗ്രഹമാണ് ഞാനും ജയനും തുടക്കംമുതല്‍ ആഗ്രഹിച്ചത്. അതിനുവേണ്ടി ഇന്ത്യയിലെ മികച്ച ടെക്നീഷ്യന്മാരെ സണ്ണിയിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. ഛായാഗ്രഹകന് മധു നീലകണ്ഠന്, സൗണ്ട് ഡിസൈനര്‍ സിനോയ് ജോസഫ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് എന്നിവര്‍ അവരില്‍ ചിലരാണ്. സിനിമ പൂര്‍ത്തിയായപ്പോള്‍ ഞങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ തന്നെ ചിത്രം വന്നുവെന്നാണ് വിശ്വാസം. ഇനി വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്. അതിന് സെപ്തംബര്‍ 23 വരെ കാത്തിരിക്കണമെന്നുമാത്രം. അന്നാണ് ആമസോണ്‍ പ്രൈമില്‍ സണ്ണി സ്ട്രീം ചെയ്യുന്നത്.
ശബ്ദമായും രൂപമായും കടന്നുവരുന്ന വേറെയും കഥാപാത്രങ്ങളുണ്ട് സിനിമയില്‍. സിദ്ധിക്ക്, അജുവര്‍ഗ്ഗീസ്, വിജയരാഘവന്, വിജയ്ബാബു, മംമ്താമോഹന്‍ദാസ്, ശിവദ തുടങ്ങിയവര്‍. ലോക് ഡൗണിന്റെ അതികഠിനമായ കാലത്തും ഈ സിനിമയുടെ ഭാഗമാകാന്‍ സന്മനസ്സ് കാട്ടിയവരാണവര്‍. അവരോടും ഉണ്ട് കടപ്പാട്.
പിന്തുണയ്ക്കാന്‍ സഹതാരങ്ങളുടെയോ, മേക്കപ്പിന്റെയോ, സംഭാഷണങ്ങളുടെയോ ധാരാളിത്തമില്ലാത്ത സിനിമയില്‍ ഒരു അഭിനേതാവ് തനിച്ച് നിന്ന്, വളരെ സൂക്ഷ്മമായ ഭാവവ്യത്യാസംകൊണ്ട് പ്രേക്ഷകരോട് സംവദിക്കുന്ന സിനിമ കൂടിയായിരിക്കും സണ്ണി. ജയന്റെ ആക്ടിംഗ് കരിയറില്‍ ഒരു പടികൂടി കടന്ന പ്രകടനത്തിന് സണ്ണി സാക്ഷ്യം വഹിക്കും, തീര്‍ച്ച.
Recent Comments