മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ സഹപ്രവര്‍ത്തകരുടെയും ആരാധകരുടെയും പത്രമാധ്യമങ്ങളുടേതുമായി വന്നുനിറയുന്നത്. അതില്‍ ശ്രദ്ധേയമായ പോസ്റ്റുകളിലൊന്ന് നടന് ജയസൂര്യയുടേതാണ്. അതിലൊരിടത്ത് അദ്ദേഹം ഇങ്ങനെ എഴുതുന്നു.
ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ കഥാപാത്രവും അഭിനേതാവും ഒന്നായി മാറുന്ന അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്. അതെങ്ങനെ സംഭവിക്കുന്നുവെന്ന് ഒരിക്കല്‍ ഞാന്‍തന്നെ ലാലേട്ടനോട് ചോദിച്ചു. അതിനുള്ള അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘മോനെ, അത് നമ്മളല്ലല്ലോ, നമ്മള് പ്രകൃതിയെ ഏല്‍പ്പിക്കുകയല്ലേ.’
ലാലേട്ടന് എന്നുമുതലാണ് ആ പൂര്‍ണ്ണതയില്‍ എത്തിയിട്ടുണ്ടാവുക എന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും അത് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതലാണ്. പ്രിയപ്പെട്ട ഗുരുനാഥന് എന്ന് അഭിസംബോധനയോടെയാണ് ജയസൂര്യ മോഹന്‍ലാലിന് ജന്മദിനാംശംസകള് നേര്ന്നിരിക്കുന്നതും.
ജയസൂര്യയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഇന്ന് ലാലേട്ടന്റെ ജന്മദിനം. കാഴ്ച്ചയുറച്ച നാള്‍മുതല്‍ കാണുന്ന മുഖമാണ്, സ്വാഭാവികമായും അതിനോട് അത്ഭുതം കലര്‍ന്ന ആരാധന ഞാനെന്നല്ല ഏതു മലയാളിക്കും ഉണ്ടാവും.
ഈയടുത്തായി ചില കഥാപാത്രങ്ങള്‍ അനുഭവിക്കുമ്പോള്‍, അനുഭവിക്കുന്നയാളും അനുഭവവും ഒന്നായി മാറുന്ന ചില വിസ്മയനിമിഷങ്ങള്‍ ചില കലാകാരന്മാര്ക്ക് ഉണ്ടായിട്ടുള്ളതുപോലെ എനിക്കും ഉണ്ടായിട്ടുണ്ട്. ആ ഒരു ശൂന്യതയാണ് പിന്നീടും ഞാനും ആഗ്രഹിക്കുന്നത്, അന്വേഷിക്കുന്നത്. ഇതിനെകുറിച്ച് ലാലേട്ടനെ കാണുമ്പോ പലപ്പോലും ഞാന്‍ ചോദിച്ചിട്ടുണ്ട്
‘ലാലേട്ടാ.. എങ്ങനെയാ.. ഇങ്ങനെയൊക്കെ അഭിനയിക്കണേ..?’
ലാലേട്ടന് പറയും ‘മോനേ അത് നമ്മളല്ലല്ലോ നമ്മള് പ്രകൃതിയെ ഏല്പ്പിക്കയല്ലേന്ന്.’
ഈ പ്രകൃതിയെ എല്പ്പിച്ച് പ്രകൃതി തന്നെയായി മാറുന്ന ആ പൂര്‍ണ്ണത, ആ വിസ്മയം അത് എത്ര കൊല്ലമെടുക്കും ഒരാള്‍ അങ്ങനെയാവാന്‍? ലാലേട്ടന് എന്ന് മുതലായിരിക്കും ആ പൂര്‍ണ്ണതയില്‍ എത്തിട്ടുണ്ടാകുക? എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും അത് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ മുതല്‍ തന്നെയെന്ന്.
പ്രിയ ഗുരുനാഥന് ജന്മദിനാര്ച്ചന
ജയസൂര്യ
Recent Comments