മലയാള ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ജെ.സി ഡാനിയേല്‍ പുരസ്കാരം ഷാജി എന്‍. കരുണിന്. ദേശീയ, രാജ്യാന്തര തലങ്ങളില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി എന്‍ കരുണ്‍ എന്ന് ജൂറി വിലയിരുത്തി. നാല്‍പ്പതിലേറെ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ഷാജി എന്‍. കരുണ്‍ നിലവില്‍ ചലച്ചിത്ര വികസന കോര്പറേഷന് ചെയര്‍മാനാണ്.
1971ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന അദ്ദേഹം മെഡലോടുകൂടി ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി.പിന്നീട് തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഫിലിം ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. ഇക്കാലത്താണ് പ്രശസ്ത സംവിധായകനായ ജി അരവിന്ദനോടൊപ്പം ചേരുന്നത്. തുടർന്ന് കെ ജി ജോർജ്ജ്, എം ടി വാസുദേവൻ നായർ തുടങ്ങിയ പ്രമുഖരുടെ സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചു. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
1989ലെ കാൻ ചലച്ചിത്രമേളയിൽ ‘ഗോൾഡൻ ക്യാമറ – പ്രത്യേക പരാമർശം’ നേടിയ കന്നി ചിത്രമായ ‘പിറവി’യിലൂടെ അന്താരാഷ്ട്ര ശ്രദ്ധനേടിയ സംവിധായകനായി. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുള്ള മലയാളചിത്രമാണ് പിറവി. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ‘സ്വം’ കാൻ മേളയിലെ പ്രധാന മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള ആദ്യ മലയാള ചലച്ചിത്രമാണ്.
മോഹൻലാലിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി കൊടുത്ത വാനപ്രസ്ഥം സംവിധാനം ചെയ്തതും ഷാജി എൻ കരുണാണ്. വാനപ്രസ്ഥവും കാനിൽ പ്രദർശിപ്പിച്ചതോടെ മൂന്ന് തവണ തുടർച്ചയായി കാനിൽ ചിത്രങ്ങളെത്തിച്ച് ഓഫീഷ്യൽ എൻട്രി കിട്ടിയ സംവിധായകൻ എന്ന ബഹുമതിയും ഷാജി എൻ കരുണിനെ തേടി എത്തി . കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം.
Recent Comments