ജിസ്ജോയ്-ആസിഫ് അലി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം ചേര്‍ത്തലയ്ക്ക് സമീപം വയലയിലുള്ള വസുന്ധര സരോവരം റിസോര്‍ട്ടില്‍വച്ചായിരുന്നു പാക്കപ്പ് പാര്‍ട്ടി. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമടക്കം സിനിമയിലുള്ള മുഴുവന്‍ പേരും അതില്‍ പങ്കെടുത്തു.
ചിത്രീകരണം പൂര്‍ത്തിയായിട്ടും ടൈറ്റില്‍ അനൗണ്‍സ് ചെയ്തിട്ടില്ല. സാധാരണ ഗതിയില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ജിസ്ജോയ് ടൈറ്റില്‍ പ്രഖ്യാപിക്കേണ്ടതാണ്. പക്ഷേ അതുണ്ടായില്ല. ഒന്നുരണ്ട് ടൈറ്റിലുകള്‍ ആലോചനയിലുണ്ടെന്ന് ജിസ്ജോയ് കാന്‍ ചാനലിനോട് പറഞ്ഞിരുന്നു.
ആസിഫ് അലി തുടര്‍ച്ചയായി നായകനാകുന്ന നാലാമത്തെ ജിസ്ജോയ് ചിത്രമാണിത്. ബൈസൈക്കിള്‍ തീവ്സും സണ്‍ഡേ ഹോളിഡേയും വിജയ് സൂപ്പറും പൗര്‍ണ്ണമിയുമാണ് മറ്റ് മൂന്ന് ചിത്രങ്ങള്‍. ചാക്കോച്ചനും സിദ്ധിക്കും പ്രധാന കഥാപാത്രങ്ങളായ മോഹന്‍കുമാര്‍ ഫാന്സില് ഒരു അതിഥിവേഷം ആസിഫ് ചെയ്തിരുന്നു.
ആസിഫിനെ കൂടാതെ ആന്റണി പെപ്പെ, നന്ദു, ഇര്‍ഷാദ്, ഡോ. റോയ്, നിമിഷ സജയന്, റീബ ജോണ്‍, ശ്രീലേഖ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നു. സെന്‍ട്രല്‍ അഡ്വര്‍ടൈസിംഗ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യചിത്രംകൂടിയാണിത്. മാത്യുജോര്ജാണ് (വിജി) നിര്‍മ്മാതാവ്.
ഷൂട്ടിംഗ് പൂര്‍ത്തിയായതിനു പിന്നാലെ ദുബായിലേയ്ക്ക് പുറപ്പെടാനൊരുങ്ങുകയാണ് ആസിഫ് അലി. എല്ലാ സിനിമകളുടെയും ഇടവേളകളില്‍ അദ്ദേഹം കുടുംബത്തോടൊപ്പം യാത്ര പോകാറുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഈ യാത്രയും. സെപ്തംബര്‍ 23 ന് വൈകുന്നേരം നെടുമ്പാശ്ശേരിയില്‍നിന്ന് അദ്ദേഹം ദുബായിലേയ്ക്ക് പോകും. ഒക്ടോബര്‍ 4 ന് തിരിച്ചെത്തും. സെപ്തംബര്‍ 7 ന് സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്തില്‍ ജോയിന്‍ ചെയ്യും. കണ്ണൂരാണ് ലൊക്കേഷന്‍. രഞ്ജിത്ത് നിര്‍മ്മിക്കുന്ന ചിത്രമാണ് കൊത്ത്.
Recent Comments