ജിസ് ജോയ് ചിത്രത്തിന് ടൈറ്റിലായി – ‘ഇന്നലെ വരെ’. ഇതിനുമുമ്പിറങ്ങിയ എല്ലാ ജിസ്ജോയ് ചിത്രങ്ങളുടെ ടൈറ്റിലിലും ഒരു ഇംഗ്ലീഷ് വാക്കെങ്കിലും ഉണ്ടാവും- ബൈസിക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, മോഹന്‍കുമാര്‍ ഫാന്‍സ്. ഇതാദ്യമായിട്ടാണ് ഒരു മലയാളത്തനിമയുള്ള ടൈറ്റില്‍. അത് വന്ന വഴിയെക്കുറിച്ചാണ് ജിസ്ജോയ് പറയുന്നതും.
ഒരു ടൈറ്റിലിനുവേണ്ടി ഇത്രയേറെ കാത്തിരുന്ന മറ്റൊരു സിനിമ എന്റെ കരിയറില്‍ ഉണ്ടായിട്ടില്ല. പല ടൈറ്റിലും ആലോചിച്ചു. ആറോളം ടൈറ്റിലുകള്‍ ഇട്ടു. എനിക്കും തിരക്കഥാകൃത്തുക്കളായ സഞ്ജയ് ബോബിക്കും അത് ഇഷ്ടമാകുമ്പോള്‍ ആസിഫിന് ഇഷ്ടമാകില്ല. മറ്റ് ചിലപ്പോള്‍ നിര്‍മ്മാതാവിനും. ഏല്ലാറ്റിനുമൊടുവില് ഞാനും ബോബി സഞ്ജയും ചേര്‍ന്ന് ഒരു ടൈറ്റില്‍ ഫിക്സ് ചെയ്തു. ഇനി ഇത് മാറ്റില്ലെന്ന ഉറച്ച തീരുമാനത്തോടെ. ടൈറ്റില്‍ ഇട്ട വിവരം ആസിഫിനെയും നിര്‍മ്മാതാവ് മാത്യുജോര്‍ജ് സാറിനെയും വിളിച്ചുപറഞ്ഞു. രണ്ടുപേരും ഓക്കെയായിരുന്നു.
പിറ്റേദിവസം ആസിഫ് ഡിന്നര്‍ കഴിക്കാന്‍ എന്റെ വീട്ടിലെത്തുന്നുണ്ടെന്ന് പറഞ്ഞു. ഒപ്പം രണ്ടുപേര്‍ ഉണ്ടാകുമെന്നും. ആ രണ്ടു പേര് എനിക്കും പ്രിയപ്പെട്ടവരായിരുന്നു. അവര്‍ നേരത്തേ വീട്ടിലെത്തി. അവരോട് ടൈറ്റിലിന്റെ കാര്യം പറഞ്ഞു. പേര് കേട്ടപ്പോള്‍തന്നെ അതിലൊരാള്‍ നെറ്റി ചുളിച്ചു. ‘സിനിമയുടെ കഥ എനിക്കും അറിവുള്ളതാണ്. വേറെ നല്ലൊരു ടൈറ്റില്‍ കിട്ടില്ലേ.’ അയാള്‍ ചോദിച്ചു. അതെനിക്ക് ഷോക്കായിരുന്നു. ആസിഫ് കൂടി എത്തിയിട്ട് ടൈറ്റില്‍ അനൗണ്‍സ് ചെയ്യാനിരിക്കുകയാണ്. അതിനിടയിലാണ് ഇങ്ങനെയൊരു ട്വിസ്റ്റ്. ഞാന്‍ ആശയക്കുഴപ്പത്തിലായി. ആ ആലോചനകള്‍ക്കിടയില്‍ എന്റെ മനസ്സിലൊരു പേരുവന്ന് തറച്ചു. ഞാന്‍ പെട്ടെന്ന് മൊബൈലുമായി ബാല്‍ക്കണിയിലേയ്ക്ക് ഓടി. സഞ്ജയ് യെ വിളിച്ചു. ടൈറ്റിലില്‍ ഇനി മാറ്റമില്ലെന്ന് അവര്‍ തറപ്പിച്ച് പറഞ്ഞതാണ്. അതുകൊണ്ടുതന്നെ വിളിക്കാന്‍ ജാള്യതയും ചമ്മലുമുണ്ടായിരുന്നു. എന്നിട്ടും ധൈര്യമെടുത്ത് വിളിച്ചു. ‘നമ്മുടെ കഥയ്ക്കിണങ്ങുന്നൊരു പേര് കിട്ടി. ഞാനത് പറയട്ടെ’ എന്നാണ് ആദ്യംതന്നെ ചോദിച്ചത്. അപ്പോള്‍ മറുതലയ്ക്കല്‍ ഒരു സൈലന്‍സായിരുന്നു. അതിനുശേഷമാണ് പേര് പറയാന്‍ പറഞ്ഞത്. ഞാന്‍ പെട്ടെന്ന് പേര് പറഞ്ഞു. മുമ്പ് ഇട്ട പേരും ഞാന്‍ പറഞ്ഞ പേരും സഞ്ജയ് പലതവണ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. ‘കഥയ്ക്ക് ഏറ്റവും ഇണങ്ങുന്ന പേര് ഇതുതന്നെ. നമുക്ക് ഇത് ഫിക്സ് ചെയ്യാം.’ സഞ്ജയ് പറഞ്ഞു. ഞാന്‍ ഫോണ്‍ കട്ട് ചെയ്ത് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ആസിഫിന്റെ കാര്‍ ഗേറ്റിന് മുന്നില്‍ എത്തിയിരുന്നു. ആസിഫ് വന്നപ്പോള്‍ ഞാന്‍ പുതിയ പേര് പറഞ്ഞു. അവനെന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. ‘ഇതൊരു വല്ലാത്ത കിട്ടലായിപ്പോയി. ഇന്നലെ നിങ്ങളെന്നോട് ആ പേര് വിളിച്ചുപറയുമ്പോഴും ഞാന്‍ ഓക്കെയായിരുന്നില്ല. നിങ്ങള്‍ അത്ര കോണ്ഫിഡന്സിലായിരുന്നതുകൊണ്ട് ഞാന്‍ യെസ് പറഞ്ഞെന്നുമാത്രം. ഈ ടൈറ്റില്‍ ഗംഭീരം. ഇതിലും മനോഹരമായൊരു പേര് നമ്മുടെ സിനിമയ്ക്ക് കിട്ടാനില്ല.’ ആസിഫ് പറഞ്ഞു. അതിനുശേഷമാണ് ഞങ്ങള്‍ ടൈറ്റില്‍ അനൗണ്‍സ് ചെയ്തത്.
ആസിഫിന്റെയും ആന്റണി വര്‍ഗീസിന്റെയും നിമിഷ സജയന്റെയും ഗംഭീര പ്രകടനങ്ങള്‍ക്ക് സാക്ഷ്യമാകുന്ന ചിത്രമാണ് ‘ഇന്നലെ വരെ.’ ചിത്രത്തിന്റെ പ്രിവ്യൂ കണ്ടവരെല്ലാം ഇതില്‍ ആരാണ് മെച്ചമെന്ന് പറയാന്‍ കഴിയാത്തവിധം ആശയക്കുഴപ്പത്തിലായിരുന്നു. ജിസ് ജോയ് പറഞ്ഞുനിര്‍ത്തി.
Recent Comments