എമ്പുരാൻ സിനിമയെ ചൊല്ലി പാർലമെന്റിൽ ഇടത് എംപി ജോൺ ബ്രിട്ടാസും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും നേർക്കുനേർ. എമ്പുരാൻ സിനിമയ്ക്കു നേരെ ഒരു തരത്തിലുള്ള സമർദ്ദവും ഉണ്ടായിട്ടില്ലെന്നും തന്റെ പേര് ചിത്രത്തിന്റെ ക്രെഡിറ്റിൽനിന്ന് ഒഴിവാക്കിയത് താൻ ആവശ്യപ്പെട്ടത് പ്രകാരമാണെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യസഭയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എമ്പുരാൻ സിനിമയിലെ മുന്ന കഥാപാത്രത്തെ സുരേഷ് ഗോപിയോട് ഉപമിച്ചായിരുന്നു ജോൺ ബ്രിട്ടാസിന്റെ രാജ്യസഭയിലെ പ്രസംഗം. എമ്പുരാൻ സിനിമയ്ക്കെതിരെ ഉണ്ടായ രാഷ്ട്രീയ സമ്മർദ്ദങ്ങൾ കഴിഞ്ഞ ദിവസവും ബ്രിട്ടാസ് പാർലമെന്റിലും ഉയർത്തിയിരുന്നു.
‘എമ്പുരാൻ സിനിമയിൽ ഒരു കഥാപാത്രമുണ്ട്, മുന്ന. ആ മുന്നയെ ഇവിടെ കാണാം. ബിജെപിയുടെ ബെഞ്ചിൽ കാണാം. ഈ മുന്നയെ മലയാളിയും കേരളവും തിരിച്ചറിയും. അതാണ് കേരളത്തിന്റെ ചരിത്രം. നേമത്തെ അക്കൗണ്ട് പൂട്ടിച്ച പോലെ വൈകാതെ ആ അക്കൗണ്ട് പൂട്ടിക്കും. ഒരു തെറ്റ് പറ്റി മലയാളിക്ക്. വൈകാതെ ആ തെറ്റ് തിരുത്തും’എന്നാണ് ജോൺ ബ്രിട്ടാസ് പറഞ്ഞത്. ഇതോടെയാണ് സുരേഷ് ഗോപി ഇടപെട്ട് സംസാരിച്ചത്. എമ്പുരാൻ സിനിമയുടെ നിർമാതാക്കൾക്ക് യാതൊരു സമ്മർദ്ദവും നേരിടേണ്ടി വന്നിട്ടില്ല. അതിലെ ഭാഗങ്ങൾ വെട്ടിമാറ്റിയത് നിർമാതാക്കൾ അവരുടെ ഇഷ്ടത്തിന് തന്നെ ചെയ്തതാണ്. എന്റെ പേര് ക്രെഡിറ്റിൽ നിന്ന് ഞാൻ വിളിച്ച് പറഞ്ഞ് നീക്കം ചെയ്യിപ്പിച്ചതാണ്. ഇതാണ് യഥാർഥ്യം. എമ്പുരാനെ കുറിച്ച് സംസാരിക്കുന്നവർ ടിപി 51ഉം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയും റിലീസ് ചെയ്യാൻ ധൈര്യം കാട്ടുമോ എന്നും സുരേഷ് ഗോപി ചോദിച്ചു.
Recent Comments