കഴിഞ്ഞ കുറെ കാലങ്ങളായി മലയാളസിനിമ അഭിമുഖീകരിക്കുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കൂടിയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018.
കലാപരമായും സാങ്കേതികപരമായും ഏറെ മഹിതപാരമ്പര്യമുള്ള ഒരു ചലച്ചിത്ര സംസ്കാരമാണ് മലയാളസിനിമയ്ക്ക് ഉള്ളത്. ലോകത്തിലെ ആദ്യത്തെ ത്രിഡി ചിത്രമടക്കം ഉദയം ചെയ്തത് ഈ കൊച്ചു ദേശത്താണ്. അന്തര്‍ദ്ദേശീയ ചലച്ചിത്രവേദികളിലും മലയാളം അതിന്റെ യശ്ശസ് ഉയര്‍ത്തി നിന്നിട്ടുണ്ട്. തൊട്ടയല്പക്കങ്ങളായ തമിഴും തെലുങ്കും കന്നഡവും മലയാളത്തെ അത്ഭുതത്തോടെ നോക്കികണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ പ്രൗഡികള്ക്കെല്ലാം മങ്ങലേറ്റു തുടങ്ങിയിട്ട് കാലങ്ങളേറെയായിരിക്കുന്നു. തമിഴിലും തെലുങ്കിലും കന്നഡത്തിലുമൊക്കെ ഐതിഹാസിക ചലച്ചിത്രങ്ങള്‍ പിറവി കൊള്ളുമ്പോഴും മലയാളസിനിമ കിതയ്ക്കുകയായിരുന്നു.
ജൂഡ് ആന്തണി ജോസഫിന്റെ 2018 പഴയ പ്രതാപത്തിലേയ്ക്ക് മലയാളസിനിമയെ കൈപിടിച്ചുയര്‍ത്തിയിരിക്കുന്നു എന്നുവേണം പറയാന്‍. നിരവധി ഫിലിം മേക്കേഴ്സിനും സാങ്കേതികപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും അതൊരു പ്രചോദനമാകുമെന്നുറപ്പ്.
മികച്ച സിനിമകളുണ്ടായാല്‍ അത് കാണാന്‍ ആളുകള്‍ ഇരച്ചു കയറുമെന്ന് 2018 ലൂടെ ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. നമ്മള് ഇതുവരെ പറഞ്ഞ തൊടുന്യായങ്ങളൊന്നും വാസ്തവമല്ലെന്ന് 2018 ന്റെ മഹത്തായ വിജയം അടിവരയിട്ട് പറയുന്നു. പ്രേക്ഷകരെ ആഹ്ലാദിപ്പിക്കുന്ന, അമ്പരപ്പിക്കുന്ന, വൈകാരിക തലങ്ങളിലേയ്ക്ക് ഉയര്‍ത്തുന്ന ഏത് സൃഷ്ടിയും അവരെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയങ്കരങ്ങളാണ്. അതിന്റെ മകുടോദാഹരണമാണ് ജൂഡ് ആന്തണി ജോസഫ് ചിത്രം 2018. മലയാളത്തിലെന്നല്ല, ഇന്ത്യന്‍ ഭാഷയില്‍ ഒരിടത്തും ഇങ്ങനെ മഹത്തായ ഒരു അതിജീവനകഥ പറഞ്ഞ സിനിമ ഉണ്ടായിട്ടില്ല.
ചിത്രത്തിലെ ഒന്നുരണ്ട് മികച്ച സന്ദര്‍ഭങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടാം. സിനിമ കണ്ടുകൊണ്ടിരുന്നവരെല്ലാം പേടിച്ച് പിന്നോട്ടായുന്ന ഒരു ഷോട്ട് ചിത്രത്തിലുണ്ട്. അലമാരയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരയുന്ന നിക്സണ് (ആസിഫ് അലി ചെയ്ത വേഷം) ഒരു മൂര്‍ഖന്‍ പാമ്പിനെ കാണുന്നതാണ് സന്ദര്‍ഭം. അടുത്ത ഷോട്ടില്‍ ഒരു ഷൂട്ട്കേസിന് മുകളില്‍ പാമ്പ് ഇരിക്കുന്നതും അത് ഒഴുക്കിലൂടെ മുന്നോട്ട് പോകുന്നതും നാം കാണുന്നു. മഹത്തായൊരു സന്ദേശം തീരെ ചെറിയ ഷോട്ടിലൂടെ ജൂഡ് കണ്‍വേ ചെയ്തിരിക്കുന്നു. ഇതൊരു ചലച്ചിത്രകാരന്റെ മികവാണ്. വെള്ള തുണികള്‍കൊണ്ട് ഒരു കൊച്ചുകുട്ടി THANK YOU എന്ന വാക്കുകള്‍ സൃഷ്ടിക്കുമ്പോഴും ആകാശകാഴ്ചകളിലൂടെ ആ ദൃശ്യം പ്രേക്ഷക ഹൃദയങ്ങളിലേയ്ക്കാണ് ആഴ്ന്നിറങ്ങുന്നത്. ഇത്തരം ചെറുതും വലുതുമായ നിരവധി കഥാതന്തുക്കളെകൊണ്ടാണ് തിരക്കഥയുടെ ഏറ്റവും സുദൃഢമായ ബ്ലോക്കുകള്‍ ജൂഡ് ആന്തണിയും കൂട്ടരും കെട്ടിയുയര്‍ത്തിയിരിക്കുന്നത്. അതിലേയ്ക്ക് ആരൊക്കെ വന്നു, എന്തൊക്കെ ചെയ്തു എന്നത് പ്രസക്തമായൊരു കാര്യമേയല്ല. കാരണം എല്ലാവരും ഹീറോയാകുന്ന ഒരു മാജിക് ഈ ചിത്രത്തിലുള്ളതുപോലെ ഒന്നില്‍നിന്ന് മറ്റൊന്ന് വിട്ടുമാറാനാകാത്തവിധം ഇഴപിരിഞ്ഞ് നില്ക്കുന്നിടത്താണ് 2018 ന്റെ വിജയം. അവിടെ കപ്പിത്താന്റെ റോള്‍ വലുതായിരുന്നുവെന്ന് സിനിമ കണ്ടിറങ്ങുമ്പോള്‍ നാം അനുഭവിച്ചറിയുന്നു. ജൂഡ് ആന്തണി ജോസഫ് എന്ന സംവിധായകന്റെ കരിയര്‍ ബെസ്റ്റാണ് 2018.
സിനിമ അവസാനിച്ചിട്ടും തീയേറ്ററുകള്‍ വിട്ടുപോകാന്‍ പ്രേക്ഷകര്‍ മടിക്കുന്ന അനുഭവത്തിനും 2018 സാക്ഷ്യംവഹിക്കുന്നു. അതുവരെ പ്രളയവും അതിജീവനവും ഒക്കെ പ്രേക്ഷകര്‍ക്ക് വെറും കേട്ടറിവുകള്‍ മാത്രമായിരുന്നു. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അത് അനുഭവിച്ചറിയുകയാണ്. അതിന്റെ ഭ്രമാത്മകതയിലാണ് സീറ്റ് വിറ്റൊഴിയാന്പോലും അവര്‍ മറന്നുപോകുന്നത്.
ജൂഡ് ആന്തണി ജോസഫ്, നിങ്ങളെ മലയാളം നമിക്കുന്നു.
കെ. സുരേഷ്
Recent Comments