ഈ അടുത്ത് പുറത്ത് വിട്ട ജൂലിയാന എന്ന ചിത്രത്തിന്റെ ട്രെയ്ലര്, സിനിമ സമൂഹങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി തുടങ്ങിയിരിക്കുകയാണ്. ലോക സിനിമയില്‍ തന്നെ ഡയലോഗുകളോ, വാക്കുകളോ, കഥാപാത്രത്തിന്റെ മുഖമോ ഇല്ലാത്ത ആദ്യ ചിത്രം എന്നതാണ് ജൂലിയാനയുടെ നേട്ടം. ഇതിലൂടെ സിനിമയുടെ ഭാഷ, ദേശം, കാലം എന്ന അതിര്‍വരമ്പുകളെ ഇല്ലാതാക്കുകയാണ് ജൂലിയാനയുടെ ലക്ഷ്യം .
ആദ്യ സിനിമയായ ഭഗവാനില്‍ തന്നെ ലോക റെക്കോര്‍ഡ് സൃഷ്ടിച്ച പ്രശാന്ത് മാമ്പുള്ളിയാണ് ജൂലിയാന എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. പ്രതിഭധനനായ സംവിധായകന്റെ കയ്യടക്കം ട്രൈലറില്‍ നിന്ന് വ്യക്തമാണ്. എല്ലാ ഇന്‍ഡസ്ട്രികളും ആവര്‍ത്തന വിരസത അനുഭവപ്പെടുന്ന പ്രമേയങ്ങളില്‍ കുടുങ്ങി കിടക്കുമ്പോള്‍ ഇത്തരമൊരു കഥാതന്തു തിരഞ്ഞെടുത്തത് ശ്ലാഘനീയമാണ്.
കുടത്തിന്റെ ആകൃതിയിലുള്ള പാത്രത്തില്‍ തല കുടുങ്ങി അപകടകരമായ അവസ്ഥയിലേക്ക് വീഴുന്ന ഒരു പെണ്‍കുട്ടിയുടെ അതിജീവനമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പാത്രത്തിനുള്ളിലായതിനാല് ഒരിക്കല്‍ പോലും കഥാപാത്രത്തിന്റെ മുഖം കാണാന്‍ കഴിയുന്നില്ല. ഭാവങ്ങളില്ലാതെ ശരീരഭാഷയിലൂടെ മാത്രം കഥാപാത്രത്തിന്റെ വികാരതീവ്രതകളെ ആവിഷ്കരിക്കുക എന്ന വെല്ലുവിളിയെയാണ് നടി നേരിടുന്നത്. ഈ നടി ആരെന്നുള്ള കാര്യം രഹസ്യമായി സൂക്ഷിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. റിലീസിന് ശേഷം മാത്രമായിരിക്കും പേര് പുറത്ത് വിടുക.
സാര്‍വത്രികമായ ഒരു സിനിമ എന്നതിന്റെ സാക്ഷാത്കാരമാണ് ജൂലിയാന. പരീക്ഷണമെന്നതിലുപരി ചരിത്രത്തിലേക്കുള്ള കാല്‍വെപ്പ് എന്ന നിലയിലാണ് പിന്നണി പ്രവൃത്തകര്‍ ഈ ചിത്രത്തെ സമീപിക്കുന്നത്. സൂക്ഷ്മ വായനകള്‍ക്ക് അവസരമൊരുക്കുന്ന ഒരു ചിത്രമായിരിക്കും ജൂലിയാന എന്ന് സംവിധായകന് പ്രശാന്ത് മാമ്പുള്ളി കാന്‍ ചാനലിനോട് പറഞ്ഞു.
ശബ്ദത്തിന് ഏറെ പ്രാധാന്യം കൊടുത്തു കൊണ്ടാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ശബ്ദങ്ങളിലൂടെയാണ് കഥയിലെ നായിക കഥാപാത്രം പ്രതിസന്ധിയെ തരണം ചെയ്യാന്‍ ശ്രമിക്കുന്നത്. ജുബിന്‍ ആയാണ് സൗണ്ട് ഡിസൈന്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
കളര്‍ ടോണും ഫ്രെയിമുകളെല്ലാം തന്നെ മുന്‍കൂട്ടി തീരുമാനിച്ചാണ് ചിത്രീകരണം ആരംഭിച്ചതെന്ന് സംവിധായകന് സാക്ഷ്യപ്പെടുത്തുന്നു. കഥയിലെ പുതുമ വിഷ്വല്‍സിലും നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ട്രൈലറില്‍ നിന്ന് വ്യക്തമാണ്. സുധീര്‍ സുരേന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
ആളോഗ പ്രേക്ഷക സമൂഹത്തിനെയാണ് സിനിമ ലക്ഷ്യം വെക്കുന്നത്. അതുകൊണ്ട് ഫിലിം ഫെസ്റ്റുവലുകളിലായിരിക്കും ചിത്രം ആദ്യം പ്രദര്‍ശനത്തിനെത്തുക. അതിന് ശേഷം അന്തര്‍ദേശീയ തലത്തില്‍ റിലീസ് ചെയ്യാനാണ് പിന്നണി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. ബാദുഷയും ഷിനോയ് മാത്യുവുമാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Recent Comments