ലോക സിനിമാപ്രേക്ഷകരെ ഉദ്വേഗത്തിന്റെയും കൗതുകത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തിയ ജുറാസ്സിക് സിനിമാ പരമ്പരയിലെ അവസാന ചിത്രം ‘ജൂറാസ്സിക് വേള്‍ഡ് ഡൊമിനിയന്‍’ എത്തുന്നു. ജൂണ്‍ 10 നാണ് ചിത്രം ലോകമെമ്പാടും റിലീസിന് എത്തുന്നത്. കണക്കുകള്‍ പ്രകാരം 165 മില്യണ്‍ ഡോളറാണ് ചിത്രത്തിന്റെ ആകെ നിര്‍മ്മാണച്ചെലവായി കണക്കാക്കിയിരിക്കുന്നത്.
കോളിന് ട്രെവോറോയുടെ സംവിധാനത്തില്‍ ആമബിലിന് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഫ്രാങ്ക് മാര്‍ഷല്‍, പാട്രിക് ക്രൌലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പഴയ ചിത്രങ്ങളിലെ ക്രിസ് പ്രാറ്റ്, ഇസബെല്ല സെര്‍മോണ്‍, സാം നീല്‍, ജെഫ് ഗോള്‍ഡ്ബ്ലം, ലാറ ഡേണ്‍, ബ്രൈസ് ഡല്ലാസ്, ഹൊവാര്‍ഡ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.
1990-ല്‍ മൈക്കല്‍ ക്രൈറ്റണ്‍ പ്രസിദ്ധീകരിച്ച ജുറാസ്സിക് പാര്‍ക്ക് എന്ന നോവലിനെ ആസ്പദമാക്കി സ്റ്റീവന്‍ സ്പില്ബര്ഗ്ഗാണ് ജുറാസ്സിക് പാര്‍ക്ക് പരമ്പരക്ക് തുടക്കം കുറിച്ച സംവിധായാകന്. പിന്നീട് ദി ലോസ്റ്റ് വേള്‍ഡ്: ജുറാസ്സിക് പാര്‍ക്ക്(1997), ജുറാസ്സിക് പാര്‍ക്ക് III(2001) എന്നീ ചിത്രങ്ങളും സ്പില്‍ബര്‍ഗ്ഗ് സംവിധാനം ചെയ്തു.
ഐസ്ല നെബുലാര്‍ എന്ന സാങ്കല്പികദ്വീപില്‍, ക്ലോണിങ്ങിനാല്‍ ഉണ്ടാക്കിയെടുത്ത ദിനോസാറുകളെ ഉള്‍പ്പെടുത്തി ജോണ്‍ ഹാമ്മണ്ട് നിര്‍മ്മിച്ച തീം പാര്‍ക്കിലേക്ക്, ഒരുസംഘം ശാസ്ത്രജ്ഞന്മാര് സന്ദര്‍ശിക്കാന്‍വരുന്നതും, ഒരട്ടിമറിയില്‍ കൂടുകളില്‍നിന്നു പുറത്തേയ്ക്കിറങ്ങുന്ന ദിനോസറുകളില്നിന്നു ശാസ്ത്രജ്ഞന്മാര് രക്ഷപ്പെടുന്നതുമാണ് ആദ്യ ഭാഗത്തിന്റെ പ്രമേയം.
ആദ്യ ജുറാസ്സിക് പാര്‍ക്ക് ചിത്രത്തിന് ഏകദേശം 91.5 കോടി ഡോളറായിരുന്നു വരുമാനം. 1997-ല്‍ ടൈറ്റാനിക്ക് പുറത്തിറങ്ങുന്നതുവരെ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു. 1994-ല്‍ ഈ ചിത്രം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മൂന്നു വിഭാഗങ്ങളിലും ഓസ്കാര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.
ജുറാസ്സിക് വേള്‍ഡ്(2015), ജുറാസ്സിക് വേള്‍ഡ് ഫാളന്‍ കിങ്ഡം(2018) എന്നിവയാണ് കോളിന് ട്രെവോറോയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ജുറാസ്സിക് സീരീസിലെ മറ്റ് ചിത്രങ്ങള്‍.
Recent Comments