രണ്ട് വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപയുടെ പദ്ധതികള്‍ കെ-റെയില്‍ നടപ്പിലാക്കാന്‍ സാധ്യത റെയില്‍ വികാസ് നിഗം ലിമിറ്റഡുമായുള്ള (ആര്‍വിഎന്‍എല്‍) സംയുക്ത സംരംഭത്തിലൂടെ ഏകദേശം 720 കോടി രൂപയുടെ മൂന്ന് റെയില്‍വേ പദ്ധതികള്‍ ഇതിനകം കേരളത്തിനകത്ത് കെ റെയില്‍ നേടിയെടുത്തു കഴിഞ്ഞു. ദക്ഷിണേന്ത്യയിലുടനീളം കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ആര്‍വിഎന്‍എല്‍ ഒരുങ്ങുകയാണ്.
ഇന്ത്യന്‍ റെയില്‍വേയുമായി വലിയ എഞ്ചിനീയറിംഗ് സംഭരണ, നിര്‍മ്മാണ (ഇപിസി) കരാറുകള്‍ ഏറ്റെടുക്കാന്‍ കെ-റെയിലിന് വൈദഗ്ധ്യവും തൊഴില്‍ ശക്തിയും ഉണ്ടെന്ന് KRDCL-ന്റെ അഡീഷണല്‍ ജനറല്‍ മാനേജര്‍ അനില്‍ കുമാര്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റെ അംഗീകാരത്തിനായി ഇപ്പോഴും കാത്തിരിക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കെ-റെയില്‍ നടത്തിയ ദീര്‍ഘനാളത്തെ പരിശ്രമത്തില്‍ കെ-റെയില്‍ ഒരിക്കലും തളര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമയം പാഴാക്കുന്നതിനുപകരം, കെ-റെയില്‍ മുന്നോട്ട് നീങ്ങുകയും ലാഭത്തിലേക്ക് മാറാന്‍ കഴിയുന്ന പദ്ധതിയായ സ്മാര്‍ട്ട് സിറ്റിയുമായി പ്രോജക്റ്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി (പിഎംസി) കരാര്‍ ഒപ്പിടുകയും ചെയ്തു കഴിഞ്ഞതായി ഇംഗ്ലീഷ് ഓണ്‍ലൈനായ bench mark .news നു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കെ-റെയില്‍-ആര്‍വിഎന്‍എല്‍ ഒരു സംയുക്ത സംരംഭമാണ്. കേരള സര്‍ക്കാരിന് 51 ശതമാനവും 49 ശതമാനം കേന്ദ്ര സര്‍ക്കാരിനുമാണ്. അതായത് കെ-റെയില്‍ 51 ശതമാനവും 49 ശതമാനം ഓഹരികള്‍ ആര്വിഎന്എല്ലിന്റെയും കൈവശമാണ്. റെയില്‍വേയുടെ വിവിധ പദ്ധതികള്‍ക്കു വേണ്ടി കെ-റെയില്‍ ആര്‍വിഎന്‍എല്ലുമായി ചേര്‍ന്ന് നേരത്തെ സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെട്ടിരുന്നു.
439 കോടി രൂപയുടെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ നവീകരണത്തിനാണ് കെ-റെയില്‍-ആര്‍വിഎന്‍എല്‍ സംരംഭത്തിനാണ് കരാര്‍ ലഭിച്ചിട്ടുള്ളത്. ഇതിനകം ആരംഭിച്ച ഈ പദ്ധതി 42 മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് തരംഗം സൃഷ്ടിച്ച സെമി-ഹൈ-സ്പീഡ് സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിക്ക് റെയില്‍വേ ബോര്‍ഡിന്റെ അനുമതിക്കായി കാത്തിരിക്കുന്നതിനാല്‍ കെ-റെയിലിന് ഇത് നിര്‍ണായക പദ്ധതിയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ അമൃത് ഭാരത് പദ്ധതി പ്രകാരം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന് അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുകയാണ് ലക്ഷ്യം. അതുപോലെ വര്‍ക്കല റെയില്‍വേ സ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള കരാറും നേരത്തെ കെ-റെയില്‍-ആര്‍വിഎന്‍എല്‍ സംരംഭം നേടിയിരുന്നു.
36 മാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി 123 കോടി രൂപ ചെലവില്‍ 6 മാസം മുമ്പാണ് ആരംഭിച്ചത്.
എറണാകുളം സൗത്തിനും വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കുമിടയില്‍ 102.74 കിലോമീറ്റര്‍ റെയില്‍ പാതയില്‍ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് (എബിഎസ്) സംവിധാനം സ്ഥാപിക്കുന്നതിനുള്ള കരാര്‍ നേടിയതും കെ-റെയില്‍-ആര്‍വിഎന്‍എല്‍ സംരംഭമാണ്. 156.47 കോടി രൂപ ചിലവ് വരുന്ന പദ്ധതി 750 ദിവസത്തിനകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ 27 റെയില്‍വേ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിയും കെ-റെയില്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതിനകം പ്രവര്‍ത്തനാനുമതി ലഭിച്ച നിലമ്പൂര്‍ യാര്‍ഡില്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ പോളയത്തോട് മേല്‍പ്പാലത്തിനായുള്ള സ്ഥലമെടുപ്പും പുരോഗമിക്കുകയാണ്.
Recent Comments