‘ഷാജികൈലാസ് ചിത്രങ്ങളുടെ ആരാധകനാണ് ഞാന്‍. അദ്ദേഹത്തിന്റെ മേക്കിംഗ് എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. കാപ്പയും മേക്കിംഗ് കൊണ്ട് ഷാജിയേട്ടന് എന്നെ വിസ്മയിപ്പിച്ച ഒരു ചിത്രംതന്നെയാണ്. ഇതൊരു രാഷ്ട്രീയചിത്രമല്ല. അതിലൊരു രംഗത്ത് രാഷ്ട്രീയം പറയുന്നതൊഴിച്ചാല്‍ ഗ്യാംഗ്സ്റ്റേഴ്സിന്റെ കഥ പറയുന്ന ചിത്രംകൂടിയാണ്. ഷാജിയേട്ടന്റെ അസുരവംശത്തിനുശേഷം ആ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് കാപ്പ. ഈ സിനിമ പൂര്‍ണ്ണമായും ഞാന്‍ കണ്ടു. എനിക്കത് ഇഷ്ടമായി. പ്രേക്ഷകര്‍ക്കും ഇഷ്ടമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ദുഗോപന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുന്നതിനിടയിലാണ് പൃഥ്വിരാജ് ഇത് പറഞ്ഞത്. പൃഥ്വിരാജിനൊപ്പം ചിത്രത്തിലെ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ജഗദീഷും, ദിലീഷ് പോത്തനും അപര്‍ണ്ണ ബാലമുരളിയും പത്രസമ്മേളനത്തില്‍ എത്തിയിരുന്നു.
‘ഷാജിയുടെ സ്ഥലത്തെ പ്രധാന പയ്യന്‍സില്‍ ഞാന്‍ നായകനായിരുന്നു. കാപ്പയില്‍ വേറിട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷോര്‍ട്ട് ഡിവിഷനുകള്‍ അടയാളപ്പെടുത്തുന്ന ശീലമില്ല സംവിധായകനെന്ന നിലയില്‍ ഷാജികൈലാസിന്. അദ്ദേഹം ഷോട്ടുകള്‍ കണ്‍സീവ് ചെയ്യുന്നത് മറ്റൊരാള്‍ക്ക് മനസ്സിലാകണമെന്നില്ല. പല ഷോട്ടുകളും പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും അദ്ദേഹം ആ സീനിലെ ആദ്യ ഷോട്ട് പകര്‍ത്തുന്നത്. ഇക്കാര്യത്തില്‍ ഇത്രയേറെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന സംവിധായകനും ഷാജിയെപ്പോലെ വേറൊരാള് ഉണ്ടാവില്ല.’ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ജഗദീഷ് പറഞ്ഞു.
‘ചിത്രത്തിലെ തിരുവനന്തപുരം സ്ലാംഗ് പറയാന്‍ ആദ്യം കുറച്ച് ബുദ്ധിമുട്ടിയിരുന്നു. രാജുചേട്ടനാണ് ഇക്കാര്യത്തില്‍ എന്നെ ഏറെ സഹായിച്ചത്. പിന്നീട് ഡബ്ബിംഗിനെത്തിയപ്പോള് ഭാഷ കുറേക്കൂടി എനിക്ക് വഴങ്ങി. ഇക്കാര്യം സംവിധായകന്‍തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. മഞ്ജുവാര്യര്‍ക്ക് പകരക്കാരിയായി ഈ വേഷത്തിലേയ്ക്ക് വിളിച്ചുവെന്നതും വ്യക്തപരമായി എനിക്ക് സന്തോഷം നല്കുന്ന കാര്യമാണ്.’ അപര്‍ണ്ണ ബാലമുരളി പ്രതികരിച്ചു.
‘ഷാജിസാറിന്റെ വര്‍ക്കുകള്‍ അടുത്തുനിന്ന് പഠിക്കാനാണ് ശരിക്കും ഞാന്‍ കാപ്പയില്‍ നടനായി എത്തിയത്. മനസ്സില്‍ ആഗ്രഹിച്ചത് ആ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറാകാനായിരുന്നു. ഷാജിസാര് സംവിധാനം ചെയ്ത കടുവയിലും എന്നെ ഒരു വേഷത്തിലേയ്ക്ക് വിളിച്ചിരുന്നു. രണ്ട് ദിവസം അഭിനയിക്കുകയും ചെയ്തു. പിന്നീട് സുഖമില്ലാത്തിനെത്തുടര്ന്ന് കടുവയില്‍നിന്ന് പിന്മാറേണ്ടിവന്നു. കാപ്പയിലൂടെ ഷാജിസാര് ചിത്രത്തില്‍ എനിക്കും അഭിനയിക്കാനായി. ഷാജിസാറിനെപ്പോലെ മാസ്സ് പടങ്ങള്‍ എടുക്കണമെന്ന് എനിക്കുമാഗ്രഹമുണ്ട്. പക്ഷേ അത് താങ്ങുമോയെന്ന് അറിയില്ല.’ കാപ്പയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ വേഷം ചെയ്യുന്ന ദിലീഷ് പോത്തന് പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
ഫെഫ്ക റൈറ്റേഴ്സിനുവേണ്ടി ജിനു വി. എബ്രഹാമും ഡാര്വിന് കുര്യാക്കോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കാപ്പയുടെ ഒഫീസ്യല്‍ ലോഞ്ച് ഇന്ന് വൈകുന്നേരം 6 മണിക്ക് ക്രൗണ്‍ പ്ലാസയില്‍ നടക്കും. ചിത്രത്തിലെ താരങ്ങളും ഫെഫ്കയിലെ മുന്‍നിര ടെക്നീഷ്യന്മാരുമടക്കം ചടങ്ങില്‍ പങ്കെടുക്കും.
Recent Comments