പ്രണയഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ കൈതപ്രത്തിന്റെ മറ്റൊരു ഗാനംകൂടി പ്രേക്ഷകര്‍ ഏറ്റുവാങ്ങുന്നു. ‘എന്നോട് ചേര്ന്നുനിന്നാല് പൊന്വേണുപോലെ മൂളാം… വെണ്ണിലാ തോണിയേറി വിണ്ണിലൂടൊഴുകാം…’ കൈതപ്രത്തിന്റെ ഈ വരികള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് രാജേഷ് ബാബുവാണ്.
നവാഗത സംവിധായകനായ സായിര്പത്താന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഒരു പപ്പടവടപ്രേമം എന്ന ചിത്രത്തിനുവേണ്ടിയാണ് നീണ്ട ഇടവേളയ്ക്കുശേഷം കൈതപ്രം രാജേഷ് ബാബുവുമായി കൈകോര്‍ക്കുന്നത്. ഗായകരായ പി.കെ. സുനില്‍കുമാറും മഞ്ജരിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്ത ഗാനം ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. പക്ഷേ നവാഗതഗായിക കീര്‍ത്തന എസ്.കെയാണ് പി.കെ. സുനില്‍കുമാറിനോടൊപ്പം വിഷ്വല്‍സില്‍ വരുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഇതെന്ന് സംവിധായകനായ സായിര്പത്താന് പറഞ്ഞു.
നാല് കാമുകന്മാരുടെ രസകരമായ പ്രണയമുഹൂര്‍ത്തങ്ങളാണ് ചിത്രത്തിന്റെ കാതല്‍. കൊച്ചുപ്രേമന് വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ആരാധകനായ കുഞ്ഞപ്പന് എന്നാണ് കഥാപാത്രത്തിന്റെ പേര്.
സായിര്പത്താന്, കൊച്ചുപ്രേമന്, ആലിയ, നിഹാ ഹുസൈന്, ബിജു കലാധര്‍, ശ്രീകാന്ത്, സുറുമി, കനകലത തുടങ്ങിയവരാണ് താരനിരയില്‍.
ആര്.എം.ആര് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആര്.എം.ആര്. ജിനു വടക്കേമുറിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രൊഡക്ഷന്‍ കണ്ട്രോളര് ജോയി പേരൂര്‍ക്കട. കോസ്റ്റിയൂം വിഷ്ണു ഗോപിനാഥ്, ക്യാമറ പ്രശാന്ത് പ്രണവ്, മേക്കപ്പ് കണ്ണന് കലഞ്ഞൂര്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
Recent Comments