സഹോദരതുല്യനായ കലാഭവന്‍ മണിയെന്ന അതുല്യ പ്രതിഭയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കു വയ്ക്കുകയാണ് നടന് ദിലീപ്
ദിലീപ് എന്ന നടന്റെ ചങ്കൂറ്റമായിരുന്നു, കലാഭവന്‍ മണി. ആലുവ പാലസില്‍ വച്ചാണ് ഞാന്‍ മണിയെ ആദ്യമായി കാണുന്നത്. പിന്നീട് സല്ലാപത്തിന്റെ ലൊക്കേഷനില്‍വച്ചാണ് കാണുന്നത്. അന്ന് ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുകയായിരുന്നു മണി. സല്ലാപത്തിലെ മണിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്ന് ഞാന്‍ അയാളോട് പറഞ്ഞിരുന്നു. ആ സിനിമയോട് കൂടി ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. രണ്ടായിരത്തിപ്പത്ത് വരെ ഞാന്‍ പോയിട്ടുള്ള എല്ലാ ഷോകളിലും മണിയും ഉണ്ടായിരുന്നു. മണിയോടൊപ്പമുള്ള ഓര്‍മ്മകള്‍ എണ്ണിയാല്‍ തീരുന്നതല്ല. ഇപ്പോള്‍ ആ ഓര്‍മകളിലൂടെയാണ് മണി ജീവിക്കുന്നത്.
വിദേശരാജ്യങ്ങളില്‍ സ്റ്റേജ് ഷോയുമായി പോകുമ്പോള്‍ അവിടെ ചോറ് കിട്ടാനൊക്കെ പ്രയാസമായിരുന്നു. മണിയാകട്ടെ നല്ല ഒന്നാന്തരം പാചകക്കാരനാണ്. അവന് എങ്ങനെയെങ്കിലും കുറച്ച് ചോറൊക്കെ അവന്റെ മുറിയില്‍ പാകം ചെയ്യുമായിരുന്നു. അപൂര്‍വം ചിലരാണ് നമുക്ക് ചോറ് കുഴച്ചു വാരി തന്നിരുന്നത്. അതുപോലെ ഒരാളായിരുന്നു മണിയും. അവന് നമ്മളെ അടുത്തിരുത്തി ചോറ് കുഴച്ച് വാരിത്തരുമായിരുന്നു. അവന് നല്ല കൈപ്പുണ്യമുണ്ടായിരുന്നു. അതുപോലെ നല്ല മനസ്സും. ഞാനും മണിയും തമാശകള്‍ പറഞ്ഞിട്ട് ഷൂട്ടിംഗ് നിര്‍ത്തി വക്കേണ്ടി വന്നിട്ടുള്ള സന്ദര്‍ഭങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. കോമഡി എന്നത് ഞങ്ങള്‍ക്കിടയിലെ ഒരു സ്വഭാവമായിരുന്നു. ശുദ്ധഹാസ്യം ചെയ്യാന്‍ കഴിവുള്ള പ്രഗത്ഭനായ അഭിനേതാവ് അതായിരുന്നു കലാഭവന്‍ മണി. മണിയുടെ പ്രകടനം കൊണ്ട് ജനപ്രീതി നേടിയ സിനിമകളായിരുന്നു വെട്ടവും കുബേരനുമൊക്കെ. സത്യത്തില്‍ മലയാള സിനിമ അവനെ വേണ്ടത്ര ഉപയോഗിച്ചിട്ടില്ല. പക്ഷെ നമ്മളെ വിട്ട് പെട്ടെന്നവന് പോകുകയും ചെയ്തു. മണി പോയതിനു ശേഷം ഞാന്‍ ചെയ്ത സ്റ്റേജ് ഷോകളില്‍ അവന് വേണ്ടി എന്തെങ്കിലും ഐറ്റം ചെയ്യും. അപ്പോള്‍ അവന് സ്റ്റേജിലുണ്ടെന്ന് തോന്നും.
Recent Comments