മൊബൈലിലെ ഫോട്ടോ ശേഖരം പരതുന്നതിനിടെയാണ് ഇന്നലെ ആ ചിത്രം വീണ്ടും കാണാനിടയായത്. വളരെ കൗതുകമുള്ള ഒരു ഗ്രൂപ്പ് ചിത്രം. ഒറ്റ നോട്ടത്തില്‍തന്നെ കലാഭവന്‍ സംഘമാണെന്ന് തിരിച്ചറിയാം. കാരണം അതില്‍ ആബേല്‍ അച്ഛനുണ്ട്. ജയറാമുണ്ട്. കലാഭവന്‍ റഹ്മാനുണ്ട്. സൈനുദ്ദീനും നാരായണന്‍കുട്ടിയും പ്രസാദുമുണ്ട്. ആ ഫോട്ടോയുടെ പശ്ചാത്തലം അറിയാന്‍ വിളിച്ചത് കലാഭവന്‍ റഹ്മാനെയാണ്. കലാഭവനിലെ അന്നത്തെ സീനിയര്‍ റഹ്മാനായിരുന്നു. ഏഴ് വര്‍ഷത്തോളം ട്രൂപ്പ് ലീഡറായിരുന്നുവെന്നും കേട്ടിട്ടുണ്ട്. ഫോട്ടോ റഹ്മാന് വാട്ട്സ്ആപ്പ് ചെയ്തു. തൊട്ടുപിന്നാലെ അദ്ദേഹമൊരു ചിരിക്കുന്ന ഈമോജി അയച്ചു. അതിനുശേഷമാണ് സംസാരിച്ചത്.
‘1986 ലാണ് കലാഭവന്‍ ആദ്യമായി ഗള്‍ഫില്‍ പ്രോഗ്രാം അവതരിപ്പിക്കാനായി പോകുന്നത്. തിരിച്ചെത്തി ആറ് മാസത്തിനുശേഷം വീണ്ടും ഗള്‍ഫ് പ്രോഗ്രാമിനായി പോയി. ആദ്യസംഘത്തിലുണ്ടായിരുന്നവരില് ഗായിക ആലിസ് ഒഴിച്ച് ബാക്കിയുള്ളവരെല്ലാം ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ആലിസിന് പകരക്കാരിയായി എത്തിയ ഗായിക ഗിരിജയാണ് എന്റെ തൊട്ടടുത്തായി ഇരിക്കുന്നത്. സംഘത്തിലെ ഏക പെണ്‍കുട്ടിയും ഗിരിജയായിരുന്നു. ആബേല്‍ അച്ഛനുമായുണ്ടായ ഏതോ വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് ആലിസിനെ ഒഴിവാക്കിയത്.
ഇത്തവണ അജ്മാന് ഗസ്റ്റ് ഹൗസിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. അവിടുന്നാണ് ഓരോ പ്രോഗ്രാം സ്ഥലത്തേയ്ക്കും വന്നുംപോയുമിരുന്നത്.
ഖത്തറിലെ പരിപാടി കഴിഞ്ഞയുടന്‍, ഞങ്ങള്‍ അവിടെത്തന്നെയുള്ള ഒരു സ്റ്റുഡിയോയില്‍ പോയി എടുത്ത ഗ്രൂപ്പ് ഫോട്ടോയാണിത്. അന്നത്തെ പ്രോഗ്രാം കാണാന്‍ ആ സ്റ്റുഡിയോ ഉടമയും ഉണ്ടായിരുന്നു. അദ്ദേഹം ക്ഷണിച്ചപ്രകാരമാണ് ഞങ്ങള്‍ സ്റ്റുഡിയോയില്‍ പോയതും ഫോട്ടോയെടുത്തതും. അന്ന് ആ ഫോട്ടോയുടെ പ്രസക്തി അറിയില്ലായിരുന്നു. എത്ര മനോഹരമായൊരു ചരിത്രമുഹൂര്‍ത്തത്തെയാണ് ഫ്രെയിമിനുള്ളിലാക്കിയതെന്ന് 34 വര്‍ഷങ്ങള്‍ക്കിപ്പുറം ഓര്‍ത്തുപോവുകയാണ്.
ഈ ഫോട്ടോയിലുള്ളവരില് ഇന്ന് ഞങ്ങളോടൊപ്പമില്ലാത്തത് ആബേല്‍ അച്ഛനും സൈനുദ്ദീനും സൗണ്ട് ഓപ്പറേറ്റര്‍ രാമുവുമാണ്. ജയറാമും നാരായണന്‍കുട്ടിയും ഞാനും സിനിമയിലെ വെള്ളിവെളിച്ചത്തില്‍ ഇപ്പോഴും തുടരുന്നു. കെ.ആര്. പ്രസാദ് കലാഭവനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. മറ്റുള്ളവരില്‍ പലരും എവിടെയാണെന്നുപോലും അറിയില്ല, അവരുടെ വിവരവും.
രണ്ടാമത്തെ ഗള്‍ഫ് യാത്രയ്ക്ക് പുറപ്പെടുന്നതിനുമുമ്പാണ് പത്മരാജന് സാര്‍ ജയറാമിനെ അപരനിലേയ്ക്ക് കാസ്റ്റ് ചെയ്യുന്നത്. ജയറാമിനെ കൂടാതെ ഈ വിവരം ആ ട്രൂപ്പില്‍ അറിയാവുന്ന രണ്ട് പേര് ഞാനും സൈനുദ്ദീനുമായിരുന്നു.
ഞാന്‍ നേരത്തെ പറഞ്ഞല്ലോ ഞങ്ങള്‍ താമസിച്ചിരുന്നത് അജ്മാന് ഗസ്റ്റ് ഹൗസിലായിരുന്നെന്ന്. അതിന് മുന്നിലൊരു പലചരക്ക് കടയുണ്ടായിരുന്നു. ഞങ്ങള്‍ അത്യാവശ്യം സാധനങ്ങളൊക്കെ വാങ്ങിയിരുന്നത് അവിടെനിന്നാണ്. കടയുടമയുമായി ഞങ്ങള്‍ വേഗത്തില്‍ സൗഹൃദത്തിലായി. ഒരു മാസത്തെ പ്രോഗ്രാം കഴിഞ്ഞ് ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ്. പോകുന്നതിനുമുമ്പ് കൂട്ടപ്രാര്ത്ഥനയ്ക്കായി അച്ഛന് എല്ലാവരെയും ക്ഷണിച്ചു. ഈ സമയം അവിടേയ്ക്ക് ഒരാള്‍ കയറിവന്നു. കടയുടമയായിരുന്നു. അയാള്‍ എനിക്കും സൈനുദ്ദീനും നേരെ എന്തൊക്കെയോ അംഗവിക്ഷേപങ്ങള്‍ കാട്ടിക്കൊണ്ടിരുന്നു. ഞങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ല. പ്രാര്‍ത്ഥന കഴിഞ്ഞശേഷം ഞങ്ങള്‍ അയാളോട് കാര്യം തിരക്കി. അപ്പോഴാണ് അയാള്‍ അത് പറഞ്ഞത്. നാരായണന്‍കുട്ടിക്ക് അവിടെ പറ്റുണ്ടായിരുന്നത്രെ. സിഗററ്റും മറ്റും വാങ്ങിയ വകയിലുള്ള ചെറിയ തുകയാണ്. കടം അപ്പോള്‍തന്നെ വീട്ടിയെങ്കിലും ഗള്‍ഫില്‍പോലും പറ്റുബുക്ക് ഉണ്ടാക്കിയ നാരായണന്‍കുട്ടിയായിരുന്നു പിന്നെ കുറെകാലം ഞങ്ങളുടെ ഇര. അതൊക്കെ രസമുള്ളൊരു കാലം.’ റഹ്മാന് ഓര്‍ത്തു.
Recent Comments