മലയാള സിനിമയിലെ ഇരട്ട സംവിധായകരെ നിങ്ങള്‍ക്ക് പരിചയമുണ്ടാകും. ഇരട്ട തിരക്കഥാകൃത്തുക്കളെയും. എന്നാല്‍ ഇരട്ട മേക്കപ്പ്മാന്മാരെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഉണ്ടാവാനിടയില്ല. കാരണം, അവര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ട് ഒന്‍പത് വര്‍ഷങ്ങളായെങ്കിലും സ്വതന്ത്രമായി ഒരു പടം ചെയ്യുന്നത് അടുത്തിടെയാണ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന വെടിക്കെട്ടിലൂടെയാണ് അതിനുള്ള അവസരം അവര്‍ക്ക് ലഭിക്കുന്നതും. കലാമണ്ഡലം വൈശാഖും ഷിജു കൃഷ്ണയുമാണ് ആ ഇരട്ട മേക്കപ്പ്മാന്മാര്.
ചെങ്ങന്നൂര്‍ സ്വദേശിയാണ് വൈശാഖ്. കലാമണ്ഡലത്തില്‍നിന്ന് ചുട്ടിയും കോപ്പുപണിയിലും ബിരുദം നേടി. അനവധി കഥകളി നടന്മാര്ക്ക് അദ്ദേഹം ചുട്ടി കുത്തിയിട്ടുണ്ട്. ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. എങ്കിലും സിനിമയോടുള്ള ഇഷ്ടമാണ് അദ്ദേഹത്തെ പട്ടണം റഷീദിന്റെ മേക്കപ്പ് അക്കാദമിയില്‍ എത്തിച്ചത്.
അവിടെവച്ചാണ് വൈശാഖ്, ഷിജു കൃഷ്ണയെ കണ്ടുമുട്ടുന്നത്. കാസര്‍ഗോഡ് നീലേശ്വരം സ്വദേശിയാണ് ഷിജു. അദ്ദേഹത്തിനവിടെ സ്വന്തമായൊരു ഹെയര്‍കട്ട് സലൂണും ഉണ്ടായിരുന്നു. ഒരിക്കല്‍ കണ്ണൂരില്‍ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് ഷിജു കൃഷ്ണ പട്ടണം റഷീദിനെ പരിചയപ്പെടുന്നത്. സിനിമയില്‍ മേക്കപ്പ്മാന് ആകണമെന്ന ആവശ്യം അറിയിച്ചപ്പോള്‍ ആദ്യം അക്കാദമിയില്‍ ചേര്‍ന്ന് പഠിക്കാനാണ് ഉപദേശിച്ചത്. അങ്ങനെ ഷിജുവും എറണാകുളത്തുള്ള അക്കാദമിയില്‍ ചേര്‍ന്നു.
ആ പഠനകാലത്താണ് വൈശാഖും ഷിജുവും ആത്മമിത്രങ്ങളാകുന്നത്. എന്നെങ്കിലുമൊരിക്കല്‍ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ അവസരം കിട്ടുകയാണെങ്കില്‍ ഒരുമിച്ചുണ്ടാകുമെന്ന് അവര്‍ മനസ്സുകൊണ്ട് തീരുമാനവുമെടുത്തു.
ഗുരുവിനോടൊപ്പം അനവധി സിനിമകളില്‍ അവര്‍ സഹായിയായി പ്രവര്‍ത്തിച്ചു. കമല്ഹാസന് നായകനാകുന്ന ഇന്ത്യന്‍ 2, കങ്കണ റണൗട്ടും അരവിന്ദ് സ്വാമിയും മുഖ്യവേഷങ്ങളില്‍ അഭിനയിച്ച തലൈവി, പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ മരക്കാര്‍ അറബിക്കടലിലെ സിംഹം, ദിലീപും അര്‍ജുനനും നായകന്മാരായ ജാക്ക് ഡാനിയല്‍… അങ്ങനെ അങ്ങനെ എണ്ണമറ്റ സിനിമകള്‍.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ഒന്നിച്ചഭിനയിച്ച ഒരു പഴയ ബോംബുകഥ, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ ചിത്രങ്ങളില്‍ മാത്രമല്ല, ഇരുവരുടെയും വിവാഹ വേളയില്‍ പേഴ്സണല്‍ മേക്കപ്പ്മാന്മാരായതും വൈശാഖും ഷിജുവുമാണ്. ബിബിനും വിഷ്ണുവും ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുമ്പോള്‍ മേക്കപ്പ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതല ആരെ ഏല്‍പ്പിക്കണമെന്ന കാര്യത്തില്‍ അവര്‍ക്ക് സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല. കാത്തിരുന്ന മുഹൂര്‍ത്തം സമാഗതമായപ്പോള്‍ വൈശാഖും ഷിജുവും ആദ്യം ഗുരുവിനോടാണ് അനുവാദം വാങ്ങിയത്. ആ കാല്ക്കല് ദക്ഷിണ വച്ച് അനുഗ്രഹവും വാങ്ങി.
‘മുന്നോട്ടുള്ള യാത്രകളിലും ഞങ്ങള്‍ ഒരുമിച്ചുതന്നെയുണ്ടാകും. അത് ഞങ്ങളുടെ സ്വപ്നമാണ്. ഇക്കാര്യത്തില്‍ ഒരു ഈഗോയും ഞങ്ങളെ പിന്തുടരാനില്ല. ഒരുമിച്ച് നില്‍ക്കുമ്പോഴുള്ള ശക്തിയില്‍ ഞങ്ങള്‍ പൂര്ണ്ണബോദ്ധ്യമുള്ളവരാണ്.’ വൈശാഖും ഷിജുവും ഒരേസ്വരത്തില്‍ പറയുന്നു.
ഇരുവരും വിവാഹിതരാണ്. അനശ്വരയാണ് വൈശാഖിന്റെ ഭാര്യ. ആതിര ഷിജുവിന്റെ സഹധര്‍മ്മിണിയും ജാന്‍സി ഏക മകളുമാണ്.
Recent Comments