രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്ഹാസന് നിര്‍മ്മിച്ച വിക്രം സര്‍വ്വകാല റെക്കോര്‍ഡുകളും തകര്‍ത്തു മുന്നേറുകയാണ്. 1981 ല്‍ കമല്‍ഹാസനും സഹോദരങ്ങളായ ചന്ദ്രഹാസനും ചാരുഹാസനും ചേര്‍ന്നാണ് ഹാസന് ബ്രദേഴ്സ് എന്ന സിനിമാ നിര്‍മ്മാണക്കമ്പനി ആരംഭിച്ചത്. പിന്നീട് അതിന്റെ പേര് രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണല്‍ എന്ന് മാറ്റുകയായിരുന്നു. അന്ധനായ ഒരു വയലിനിസ്റ്റ് ധനികയായ ഒരു പെണ്‍കുട്ടിയെ പ്രണയിക്കുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഹാസന് ബ്രദേഴ്സിന്റെ ആദ്യ സിനിമയുടെ കഥ.
ഹാസന് ബ്രദേഴ്സ് നിര്‍മ്മിക്കുന്ന ആദ്യചിത്രത്തെക്കുറിച്ച് അറിഞ്ഞ ശിവാജി ഗണേശന് കമലിന്റെ അടുത്ത സുഹൃത്തുകൂടിയായ രജനീകാന്തിനെ വിളിച്ചു പറഞ്ഞു.
‘നിന്റെ കൂട്ടുകാരന് സിനിമ നിര്‍മ്മിക്കുന്നത് അറിഞ്ഞുകാണുമല്ലോ. ആദ്യ ചിത്രമല്ലേ, അന്ധതയൊക്കെ വിഷയമാക്കി സിനിമ ചെയ്യണോ? അവനെ വിളിച്ചുപറയണം, പോസിറ്റീവ് വൈബ് വരുന്ന ഏതെങ്കിലും ഒരു എന്റര്‍ടൈനര്‍ മതിയെന്ന്’
ഇക്കാര്യം താന്‍ കമലുമായി സംസാരിച്ചതാണെന്നും, അയാള്‍ എല്ലാം തീരുമാനിച്ചുറപ്പിച്ച സ്ഥിതിക്ക് അതില്‍നിന്ന് പിന്മാറാന് ഇടയില്ലെന്നും അതുകൊണ്ട് അയ്യതന്നെ (രജനിയും കമലും ശിവാജിയെ വിളിക്കുന്നത് അങ്ങനെയാണ്) ഇക്കാര്യം കമലിനോട് പറയണമെന്നും രജനി അഭ്യര്‍ത്ഥിച്ചു. ശിവാജിയും കമലിനെ ഈ പ്രൊജക്ടില്‍നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചുവെങ്കിലും കമല്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു.
കമലും മാധവിയും ചേര്‍ന്നഭിനയിച്ച ‘രാജപാര്‍വൈ’ ആയിരുന്നു ആ ചലച്ചിത്രം. കമല്ഹാസന് അഭിനയിച്ച നൂറാമത്തെ സിനിമകൂടിയായിരുന്നു അത്. ഹാസന് ബ്രദേഴ്സിന്റെ ആദ്യ ചിത്രത്തില്‍ മലയാളത്തില്‍നിന്ന് കെ.പി.എ.സി ലളിതയുമുണ്ടായിരുന്നു. തെലുങ്കിലെ ഹിറ്റ് മേക്കര്‍ സിങ്കീതം ശ്രീനിവാസ റാവു ആയിരുന്നു സംവിധായകന്. അതിലെ ഇന്നും കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ടുകള്‍ക്ക് ഈണമിട്ടത് ഇളയരാജയും. കമലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് തമിഴിലെ പ്രശസ്ത സാഹിത്യകാരന്മാരായ അനന്തുവും ബാലകുമാരനും ചേര്‍ന്നായിരുന്നു.
കമലിന്റെയും മാധവിയുടെയും മികച്ച അഭിനയമുഹൂര്‍ത്തങ്ങളാണ് രാജപാര്വെ സമ്മാനിച്ചത്. പുതുമയുള്ള മേക്കിംഗിലൂടെ ശ്രീനിവാസ റാവുവും തന്റെ സംവിധാനമികവ് തെളിയിച്ചു. ചിത്രത്തിലെ പാട്ടുകളും ഹിറ്റായി. കലാമൂല്യമുള്ള സിനിമ എന്ന നിലയില്‍ നിരൂപകപ്രശംസയും നേടി. പതിവ് മസാലക്കൂട്ടുകളൊന്നുമില്ലാത്തതുകൊണ്ടായിരിക്കാം പ്രേക്ഷകശ്രദ്ധ നേടാന്‍ രാജപാര്വൈക്കായില്ല. അങ്ങനെ രാജകമല്‍ ഇന്റര്‍നാഷണലിന്റെ ആദ്യചിത്രം വമ്പന്‍ പരാജയമായി.
പക്ഷെ ആ പരാജയം കമലിനെ തളര്‍ത്തിയില്ല. അതുകൊണ്ടാണ് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ പിന്നീട് പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിഞ്ഞത്. അപൂര്‍വ്വ സഹോദരങ്ങള്‍, സത്യ, കുരുതിപ്പുനല്‍, തേവര്മകന്, ഉന്നൈപ്പോല് ഒരുവന് എന്നിവ അക്കൂട്ടത്തില്‍ ചിലതുമാത്രം. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത വിക്രം ഉള്‍പ്പെടെ വിവിധ ഭാഷകളിലായി മുപ്പതോളം സിനിമകളാണ് രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ചിട്ടുള്ളത്.
Recent Comments