തന്റെ പ്രിയ നടന്, അന്തരിച്ച നെടുമുടി വേണുവിനെക്കുറിച്ചോര്ത്ത് വികാരാധീനനായി കമലഹാസന്. ജൂലൈ 12 ന് റിലീസ് ചെയ്യുന്ന ഇന്ത്യന്‍ 2 എന്ന ചിത്രത്തിന്റെ പ്രൊമോഷനോട് അനുബന്ധിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1996 ല്‍ പുറത്തിറങ്ങിയ ഇന്ത്യനില്‍ നെടുമുടി വേണു ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ രണ്ടാംഭാഗമായ ഇന്ത്യന്‍ 2 പ്രദര്‍ശനത്തിനെത്തുന്നത്. തന്റെ സിനിമാജീവിതത്തിലെ യാത്രയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് കമല്ഹാസന് നെടുമുടി വേണുവിനെയും അനുസ്മരിച്ചത്.
‘എന്റെ സിനിമാ ജീവിതത്തില്‍ ഞാന്‍ ഇത്രയും ദൂരം സഞ്ചരിക്കുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. ഇന്ത്യന്‍ 2 വും അതുപോലെ പ്രതീക്ഷിക്കാതെ ഉണ്ടായ ാത്രയാണ്. അറിയാവുന്ന വിദ്യകളെല്ലാം ഞങ്ങള്‍ ഇതില്‍ പയറ്റിയിട്ടുണ്ട്. ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് വിശ്വസിക്കുന്നു. ഇവിടെ നില്ക്കുമ്പോള് നെടുമുടി വേണുവിനെ ഞാന്‍ മിസ് ചെയ്യുന്നു. ചിത്രീകരണത്തിനിടയില്‍ അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരുന്നു. എന്നാല്‍ സിനിമ ആഘോഷമാകുമ്പോള്‍ ഒരുമിച്ചിരുന്ന് സന്തോഷത്തില്‍ പങ്കുചേരാമെന്ന് പറഞ്ഞ് പിരിഞ്ഞതാണ്.
സിനിമയില്‍ അത്ര മൂവിങ്ങായ സീനൊന്നുമല്ല നെടുമുടി വേണുവിന്റേതെങ്കിലും കാണുമ്പോള്‍ അദ്ദേഹം ഇപ്പോള്‍ നമുക്കൊപ്പം ഉള്ളതായി എന്റെ മനസ്സും പറയുന്നു. ഇവിടെ ആയതുകൊണ്ട് പറയുകയല്ല, മലയാളത്തില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാള്‍ നെടുമുടി വേണുവാണ്.’ കമല്ഹാസന് പറഞ്ഞു. ചിത്രത്തിന്റെ മൂന്നാം ഭാഗമുണ്ടെന്നും കമല്‍ വ്യക്തമാക്കി.
സംവിധായകന് ഷങ്കര്‍, അഭിനേതാക്കളായ സിദ്ധര്‍ത്ഥ, ബോബി സിംഹ, ഗോകുലം ഗോപാലന് തുടങ്ങിയവര്‍ പ്രസ് മീറ്റില്‍ പങ്കെടുത്തിരുന്നു.
Recent Comments