തെലുങ്ക് സിനിമയിലെ ഇതിഹാസ സംവിധായകനായ കെ. വിശ്വനാഥിന്റെ അനുഗ്രഹം തേടി കമല്ഹാസന് ഹൈദരാബാദിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി. ഇന്ന് രാവിലെയായിരുന്നു സന്ദര്‍ശനം. അല്‍പ്പനേരം അദ്ദേഹവും കുടുംബാംഗങ്ങളുമായി ചെലവഴിച്ചിട്ടാണ് കമല്‍ മടങ്ങിയത്.
‘ഗുരു കെ. വിശ്വനാഥനെ കണ്ടു. ഒരുപാട് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളും ആദരവും’ ഗുരുവിനെ സന്ദര്‍ശിച്ച് വന്നതിന് പിന്നാലെ കമല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
1979 ല്‍ റിലീസ് ചെയ്ത ശങ്കരാഭരണം എന്ന ഒരൊറ്റ ചിത്രം മതി കെ. വിശ്വനാഥ് എന്ന പ്രതിഭയെ അടയാളപ്പെടുത്താന്‍. തെലുങ്കിലും ഹിന്ദിയിലുമായി അന്‍പതോളം സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. അവയിലേറെയും പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയവയാണ്. സംവിധാന കലയില്‍ മാത്രമല്ല അഭിനയരംഗത്തും അദ്ദേഹം തന്റെ കൈയൊപ്പ് പതിപ്പിച്ച ചിത്രങ്ങള്‍ അനവധിയാണ്. കമലിനോടൊപ്പമുള്ള കുരുതിപുന്നല്, മഹാനദി, ഉത്തമവില്ലന്‍ എന്നിവ അവയില്‍ ശ്രദ്ധേയമായ ചിത്രങ്ങളാണ്. മമ്മൂട്ടി തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചതും കെ. വിശ്വനാഥന് സംവിധാനം ചെയ്ത സ്വാതികിരണം എന്ന ചിത്രത്തിലൂടെയാണ്.
കമലിലെ അഭിനേതാവിനെ മാത്രമല്ല നര്‍ത്തകനെയും നന്നായി ചൂഷണം ചെയ്ത സംവിധായകനാണ് അദ്ദേഹം. സാഗരസംഗമം, ചിപ്പിക്കുള്‍ മുത്ത് (സ്വാതിമുത്യം) എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. സംഗീത സാന്ദ്രമായ ചിത്രങ്ങളാണ് അദ്ദേഹം കൂടുതലും ഒരുക്കിയിട്ടുള്ളത്.
View this post on Instagram
പ്രായാധിക്യത്തിന്റെ അവശതകള്‍ ഉണ്ടെങ്കിലും കെ. വിശ്വനാഥന് ഊര്ജ്ജ്വസലനാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 19 ന് അദ്ദേഹത്തിന് 92 വയസ്സ് പിന്നിട്ടിരുന്നു. പത്മശ്രീയും ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡുമടക്കം അദ്ദേഹത്തിന് നല്കി രാജ്യം ആദരിച്ചിട്ടുണ്ട്.
Recent Comments