ബെംഗളൂരുവില്‍ നടന് സിദ്ധാര്‍ത്ഥ് വിളിച്ചുചേര്‍ത്ത പത്രസമ്മേളനം കന്നഡ രക്ഷണ വേദികെ സംഘടനയുടെ അംഗങ്ങള്‍ തടഞ്ഞു. ഇന്ന് പുറത്തിറങ്ങിയ സിദ്ധാര്‍ത്ഥിന്റെ ചിത്രമായ ‘ചിറ്റ’യുടെ പ്രമോഷന്റെ ഭാഗമായാണ് പത്രസമ്മേളനം വിളിച്ചു ചേര്‍ത്തത്. സംഘടനയുടെ അംഗങ്ങള്‍ എസ്ആര്‍വി തിയേറ്ററില്‍ ബലമായി ഇരച്ചു കയറി പത്രസമ്മേളനം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
കാവേരി നദിയില്‍ നിന്നുള്ള ജലം പങ്കിടുന്നതില്‍ തമിഴ്നാടുമായുള്ള തര്‍ക്കത്തിന്റെ ഭാഗമായാണ് കന്നഡ അനുകൂല സംഘടന പത്രസമ്മേളനം തടഞ്ഞത്. പത്രസമ്മേളനം നടത്തുകയല്ല വേണ്ടത് കാവേരി നദീജല തര്‍ക്കം പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് അവര്‍ ആരോപിച്ചു. പത്രസമ്മേളനം തടഞ്ഞതിനെ തുടര്‍ന്ന് സിദ്ധാര്‍ത്ഥ് എസ്ആര്‍വി തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയി.
കാവേരി നദീജലം പങ്കിടുന്നത് സംബന്ധിച്ച് തമിഴ്നാടും കര്‍ണ്ണാടകയുമായി വളരെ കാലമായി തര്‍ക്കങ്ങള്‍ നടന്നുവരികയാണ്. ജലം പങ്കിടുന്നത് സംബന്ധിച്ച സുപ്രീം കോടതിയുടെ ഉത്തരവുകള്‍ ലംഘിച്ചുവെന്ന് അടുത്തിടെ ഇരു സംസ്ഥാനങ്ങളും പരസ്പരം ആരോപിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.
പത്രസമ്മേളനം തടഞ്ഞത് സംബന്ധിച്ച് സിദ്ധാര്‍ത്ഥ് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും വരുംദിവസങ്ങളില്‍ പ്രശ്നം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് തന്നെയാണ് കരുതുന്നത്.
Recent Comments