കന്നഡ സൂപ്പര്‍താരം പുനീത് രാജ് കുമാര്‍ അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ ജിമ്മില്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് 11.30 ഓടെ പുനീതിനെ ബംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഐസിയുവിലായിരുന്ന അദ്ദേഹം ഉച്ചയ്ക്ക് രണ്ട് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പുനീത് രാജ് കുമാറിനെ റവന്യൂ മന്ത്രി ആ അശോകയും പൊലീസ് കമ്മീഷണര്‍ കമല്‍ പന്ത്, അഡിഷണല്‍ കമ്മീഷണര്‍മാരായ സോമുന്ദു മുഖര്‍ജി, മുരുഗന് എന്നിവര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. കര്‍ണാടക മുഖ്യമന്ത്രി അടക്കമുള്ളവര്‍ താരത്തെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ഇതിഹാസ താരം രാജ് കുമാറിന്റെ മകനാണ് പുനീത് രാജ് കുമാര്‍. ഇന്‍ഡസ്ട്രിയില്‍ അപ്പു എന്നാണ് താരം അറിയപ്പെടുന്നത്.
1985ല്‍ ബെട്ടഡ ഹൂവു എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് പുനീത് സിനിമയിലേക്കെത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് കര്‍ണാടക സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.
2002ല്‍ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രത്തിലൂടെയാണ് പുനീത് സൂപ്പര്‍ താരപദവിയിലേക്ക് ഉയരുന്നത്. ഇതോടെയാണ് അപ്പു എന്ന ഓമനപ്പേര് ആരാധകര്‍ ചാര്‍ത്തിനല്‍കിയത്. അഭി, വീര കന്നഡിഗ, അജയ്, അരശ്, റാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയാണ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍.
2015 ല്‍ പുറത്തിറങ്ങിയ മൈത്രിയില്‍ മോഹന്‍ലാലിനോടൊപ്പം പുനീത് രാജ് കുമാര്‍ അഭിനയിച്ചിട്ടുണ്ട്. യുവരത്ന എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ്തത്. സാന്‍ഡല്‍വുഡ് സൂപ്പര്‍താരം ശിവരാജ് കുമാര്‍ സഹോദരനാണ്.
Recent Comments