യുകെയില്‍നിന്നുള്ള ഒരു സുഹൃത്താണ് ഞങ്ങള്‍ക്ക് ആ യൂട്യൂബ് ലിങ്ക് അയച്ചുതന്നത്. ലിങ്ക് തുറക്കപ്പെട്ടത് മമ്മൂട്ടി നായകനായി അഭിനയിച്ച കണ്ണൂര്‍ സ്ക്വാഡ് എന്ന ചലച്ചിത്രത്തിലേക്കാണ്. ആദ്യാന്തമുള്ള നല്ല മിഴിവാര്‍ന്ന പ്രിന്റ്. മൂവി ഫ്ളിക്സ് എന്ന യൂട്യൂബ് ചാനലിലാണ് ലിങ്ക് പ്രവര്‍ത്തിക്കുന്നത്.
തൊട്ടു പിന്നാലെ ചിത്രത്തിന്റെ യൂട്യൂബ് ലിങ്ക് അടക്കം കണ്ണൂര്‍ സ്ക്വാഡിന്റെ നിര്‍മ്മാണ കമ്പനിയുടെ ശ്രദ്ധയില്‍ പെടുത്തി. അവര്‍ ഉടന്‍ തന്നെ ഹോട്ട് സ്റ്റാറിന് ഇക്കാര്യം കൈമാറി. കണ്ണൂര്‍ സ്ക്വാഡിന്റെ ഒടിടി റിലീസ് സ്വന്തമാക്കിയിരിക്കുന്നത് ഹോട്ട് സ്റ്റാറാണ്. ഉടന്‍തന്നെ അവര്‍ നടപടി എടുത്തുവെന്നുവേണം കരുതാന്‍. നിമിഷങ്ങള്‍ക്കുള്ളില്‍ ആ വീഡിയോ കണ്ടന്റ് ബാന്‍ ചെയ്യപ്പെട്ടു.
തീയേറ്ററുകളില്‍ വന്‍ പ്രദര്‍ശനവിജയം നേടിയ ചിത്രമാണ് ബോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്ക്വാഡ്. 100 കോടി ക്ലബ്ബിലും ആ ചിത്രം എത്തിയിരുന്നു. ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. ഉയര്‍ന്ന റേറ്റിംഗോടെ കണ്ണൂര്‍ സ്ക്വാഡ് അവിടെയും സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് ചിലര്‍ ദുഷ്ടലാക്കോടെ ചിത്രത്തിന്റെ ലിങ്ക് യൂട്യൂബിലും എത്തിച്ചിരിക്കുന്നത്. ഇത് ഒരു ഇന്‍ഡസ്ട്രിയെതന്നെ തകര്‍ക്കുന്ന നടപടിയാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ ആര് ചെയ്താലും അതിനെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാവുകതന്നെ വേണം. സമയോചിതമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ച മമ്മൂട്ടി കമ്പനിക്കും ഹോട്ട് സ്റ്റാറിനുും അഭിനന്ദനങ്ങള്‍.
കണ്ണൂര്‍ സ്ക്വാഡ് മാത്രമല്ല, ചില വെബ് സൈറ്റ് വഴി കഴിഞ്ഞ ദിവസങ്ങളില്‍ റിലീസായ ഫാലിമി, ഫീനിക്സ്, വേല, ബാന്ദ്ര തുടങ്ങിയ ചിത്രങ്ങളുടെ പ്രിന്റുകളും ലഭ്യമാണ്. ആ സൈറ്റിന്റെ പേര് ഞങ്ങള്‍ ചേര്‍ക്കുന്നില്ല. ആളുകള്‍ ആ സൈറ്റുകള്‍ തേടിപ്പോകരുത് എന്നുള്ളതുകൊണ്ടാണ്. ഈ സൈറ്റുകളെയും നിയമത്തിന് മുന്നില്‍ എത്തിക്കാനുള്ള ബാധ്യത ചിത്രങ്ങളുടെ നിര്മ്മാതാക്കള്ക്കുതന്നെയാണ്. അതിനവര്‍ മുന്നോട്ട് വരികതന്നെ വേണം.
Recent Comments