കാര്‍ത്തിക്കിന്റെ വിയോഗം അറിഞ്ഞവര്‍ക്കെല്ലാം അതൊരു കനത്ത ആഘാതമായിരുന്നു. സംവിധായകരും നടീനടന്മാരും സാങ്കേതിക പ്രവര്‍ത്തകരും പ്രൊഡക്ഷനിലുള്ളവരുമെല്ലാം അവിശ്വസനീയതയോടെയാണ് ആ വാര്‍ത്ത കേട്ടത്.
എന്തായിരിക്കണം കാര്‍ത്തിക്കുമായി അവര്‍ക്കൊക്കെയുള്ള ആത്മബന്ധം. സിനിമയില്‍ ഡ്രൈവറായി തുടങ്ങി, പിന്നീട് ചെന്നൈ മാനേജരായി വളര്‍ന്ന കാര്ത്തിക്കിനപ്പുറത്തേയ്ക്ക് ഒരു ആത്മബന്ധം എല്ലാവരും അദ്ദേഹവുമായി സൂക്ഷിച്ചിരുന്നു. സിനിമാബന്ധങ്ങള്ക്ക് അപ്പുറത്തേയ്ക്ക് കുടുംബബന്ധങ്ങളിലേയ്ക്കും അതിന്റെ ഇഴയടുപ്പം വളര്‍ന്നു. സിനിമയിലെന്നല്ല, ഏതാവശ്യത്തിനും ഏത് സമയത്തും ചെന്നൈയില്‍ അവര്‍ക്കൊക്കെയുള്ള താങ്ങും തണലുമായിരുന്നു കാര്‍ത്തിക്.
വളര്‍ച്ചയുടെ ഓരോ പടവുകള്‍ ചവിട്ടി കയറുമ്പോഴും അദ്ദേഹം വിനയം കാത്തുസൂക്ഷിച്ചു. എല്ലാവരെയും ആദരവോടെയും സ്നേഹത്തോടെയും കണ്ടിരുന്നു. അവരെല്ലാം കാര്‍ത്തിക്കിനും അത് തിരിച്ചുനല്‍കി. ഒരുപക്ഷേ മറ്റാരെക്കാളും കാര്‍ത്തിക്കിന്റ വിയോഗം അവര്‍ക്ക് താങ്ങാനാവാത്തതും അതുകൊണ്ടാണ്.
കഴിഞ്ഞ ദിവസം രാത്രി വരെയും കാര്‍ത്തിക് സജീവമായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന് എന്ന ചിത്രത്തിന്റെ തേര്‍ഡ് ഷെഡ്യൂള്‍ ആരംഭിച്ചത് പുതുശ്ശേരിയില്നിന്നും 40 കിലോമീറ്റര്‍ അകലെ മാറിയുള്ള ജിങ്കീ ഫോര്‍ട്ടിലാണ്. പതിവുപോലെ ആ ചിത്രത്തിന്റെയും ചെന്നൈ ചുമതലകള്‍ കാര്‍ത്തിക്കിനായിരുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായി അന്ന് രാത്രി പത്ത് മണി വരെയും അദ്ദേഹം സംസാരിച്ചിരുന്നു. അതിനുശേഷമാണ് കിടന്നുറങ്ങിയത്. അതിരാവിലെ കാര്‍ത്തിക്കിന് വയറുവേദന അനുഭവപ്പെട്ടു. ടോയ്ലെറ്റില് പലതവണ പോകേണ്ടി വന്നപ്പോഴാണ് ഹോസ്പിറ്റലില്‍ കാണിച്ചേക്കാം എന്നദ്ദേഹം തന്റെ അസിസ്റ്റന്റിനോട് പറയുന്നത്. അവിടുന്ന് വളരെ അടുത്താണ് ജിപ്മെര്‍ മെഡിക്കല്‍ കോളേജ്. കാറ് നേരെ ജിപ്മെറിലേയ്ക്ക് പോയി. പോകുന്ന വഴിക്ക് കാര്‍ത്തിക്കിന് നെഞ്ചുവേദന അനുഭവപ്പെട്ടു. പെട്ടെന്നുതന്നെ ബോധരഹിതനായി. ഹോസ്പിറ്റലില്‍ എത്തുംമുമ്പ് മരണം സംഭവിച്ചിരുന്നു. 56 വയസ്സ് മാത്രമായിരുന്നു കാര്‍ത്തിക്കിന്റെ പ്രായം.
കാര്‍ത്തിക്കിന്റെ മരണവാര്‍ത്ത അറിഞ്ഞതിന് തൊട്ടു പിന്നാലെ നിരവധിപ്പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പോസ്റ്റുകള്‍ ഇട്ടത്. അനവധിപ്പേര്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം അവസാനമായി ഒരു നോക്ക് കാണാന്‍ പോരൂരിലുള്ള വീട്ടിലേയ്ക്ക് പോകാന്‍ ഒരുങ്ങുകയാണ്.
ഇന്ന് രാവിലെ കാര്‍ത്തിക്കിന്റെ ഭൗതികശരീരം ഹോസ്പിറ്റലില്‍നിന്ന് വീട്ടില്‍ എത്തിച്ചിട്ടുണ്ട്. നാളെ രാവിലെ 10 മണിക്കാണ് സംസ്കാരച്ചടങ്ങുകള്‍.
ലത ആണ് ഭാര്യ. രണ്ട് പെണ്മക്കള്- പ്രീതി, സുഭാഷിണി. അടുത്തിടെയാണ് പ്രീതിയുടെ വിവാഹം നടന്നത്. സംവിധായകന്മാരായ ജോഷിയും സിബി മലയിലുമടക്കം വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
Recent Comments