ആരവങ്ങളൊഴിഞ്ഞ നിറഞ്ഞ സദസ്സിലിരുന്നാണ് കാതല്‍ കണ്ടത്. ഇടയ്ക്കെപ്പോഴൊക്കെയോ പ്രേക്ഷകരിലേക്കും ഒന്നു കണ്ണ് പായിച്ചു. മഹാശാന്തതയില്‍ ഇരുന്നവര്‍ കാതല്‍ കാണുന്നു. കുറച്ചു കാലങ്ങള്‍ക്ക് മുമ്പുവരെയും ഇത്തരം കാഴ്ചകള്‍ അന്യമായിരുന്നു. എന്തിനേറെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ ഗൗരവമുള്ള സിനിമകള്‍ കാണാനും ആളുകളുണ്ടായിരുന്നില്ല. അതിന് മാറ്റമുണ്ടായി തുടങ്ങിയിരിക്കുന്നു. ശുഭശൂചനയാണ്.
ഒരുകാലത്ത് ഇവിടുത്തെ കൊമേഴ്സ്യല്‍ സിനിമകള്‍ക്ക് തത്തുല്യം സമാന്തര സിനിമകള്‍ അരങ്ങ് വാണിരുന്ന കാലമുണ്ടായിരുന്നു. കെ.ജി. ജോര്‍ജും ഭരതനും മോഹനും പത്മരാജനുമൊക്കെ വെട്ടിത്തെളിച്ചിട്ടുപോയ പാതകളായിരുന്നു. അതിലൂടെ സഞ്ചരിക്കാന്‍ എന്തോ പിന്നീടുള്ള തലമുറ വൈമുഖ്യം കാട്ടിയതുപോലെ. പ്രേക്ഷകരുടെ ആസ്വാദന നിലവാരം അളന്നുള്ള ചലച്ചിത്രങ്ങള്‍ മതിയെന്ന് അവരും അങ്ങ് തീരുമാനിച്ചു. അടുത്ത കാലത്തായി അതിനും മാറ്റമുണ്ടായിരിക്കുന്നു. തലമുറ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കാതല്‍.
കാതല്‍ നല്ലൊരു ചലച്ചിത്രാനുഭവമാണ്. എന്നുകരുതി മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കണ്ട ചിത്രമെന്നോ ജിയോബേബിയുടെ പാളിച്ചകളില്ലാത്ത ഉത്തമസൃഷ്ടിയെന്നോ അതിനര്‍ത്ഥമില്ല. കാതലിന്റെ പുതുമ അത് പറഞ്ഞുവയ്ക്കുന്ന വിഷയത്തിന് തന്നെയാണ്.
ഏതാണ്ട് നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പത്മരാജന്പോലും ലെസ്ബിയന്‍സിന്റെ കഥ പറഞ്ഞത് (ദേശാടനക്കിളി കരയാറില്ല) അന്ന് താരതമ്യേന പുതുമുഖങ്ങളായിരുന്ന കാര്ത്തികയിലൂടെയും ശാരിയിലൂടെയുമായിരുന്നു. മോഹന്‍ലാലും ഉര്‍വ്വശിയുമൊക്കെ ആ ചിത്രത്തില്‍ ഉണ്ടായിരുന്നെങ്കിലും നിമ്മിയുടെയും (കാര്‍ത്തിക) സാലിയുടെയും (ശാരി) കഥാപാത്രങ്ങള്‍ക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്ന ഉപഗ്രഹങ്ങളായിരുന്നു അവരെല്ലാം. കാതലിലാകട്ടെ തന്റെ സ്വത്ത്വം ഒരു സ്വവര്ഗ്ഗാനുരാഗിയുടേതാണെന്ന് തുറന്ന് സമ്മതിക്കുന്നത് മാത്യു ദേവസ്സിയാണ്. അതായത് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം. മുംബയ് പോലീസില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ആന്റണി മോസസ് എന്ന കഥാപാത്രത്തെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. ഉയരങ്ങള്‍ താണ്ടുന്നതിനിടെ ഇമേജുകളുടെ തടവറയില്‍ അറിഞ്ഞോ അറിയാതെയോ കുടുങ്ങിപ്പോയ ഒരു മഹാനടന് ആ ചങ്ങലകളുടെ ബന്ധനത്തില്‍നിന്ന് പൂര്‍ണ്ണമായും പുറത്ത് വരുന്ന സുന്ദരമായ കാഴ്ചയ്ക്കാണ് കാതല്‍ സാക്ഷിയാകുന്നത്. കുറച്ച് മുമ്പാണ് ഈ കഥാപാത്രവുമായി മമ്മൂട്ടിയെ സമീപിക്കുന്നതെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും ഒരു വലിയ നോ പറഞ്ഞേനെ. പക്ഷേ ഇപ്പോള്‍ സൂപ്പര്‍താരത്തിന്റെ അമിതഭാരങ്ങളെല്ലാം അഴിച്ചുവച്ച് അദ്ദേഹം കറകളഞ്ഞ അഭിനേതാവായി മാറിയിരിക്കുന്നു. ഏത് പകര്ന്നാട്ടങ്ങള്ക്കും തന്റെ ശരീരം സജ്ജമാണെന്ന സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയാണ് കാതല്‍. മറ്റ് അഭിനേതാക്കള്‍ക്ക് മമ്മൂട്ടി എന്ന മഹാനടന് നല്കുന്ന ഗ്രീന്‍ സിഗ്നലും.
മാത്യു ദേവസ്സി മമ്മൂട്ടിയാണെന്നത് കൊണ്ടുകൂടിയാകാം വിഷയത്തെ ഏറ്റവും കയ്യടക്കത്തോടെയാണ് ജിയോബേബി സമീപിച്ചിരിക്കുന്നത്. സ്വതവേ ന്യൂജെന്‍ തലമുറ എടുക്കാറുള്ള സ്വാതന്ത്ര്യത്തിലൂടെയൊന്നും ജിയോ കടന്നുപോകുന്നില്ല. എങ്കിലും ആഗ്രഹിച്ചിരുന്നു, ക്ലൈമാക്സ് രംഗത്ത് ആ കാറില്‍ തങ്കനോടൊപ്പം യാത്ര ചെയ്യുന്ന മാത്യുദേവസ്സിയെ. അതിന് പകരം ഒരു സൈഡ് മിററിലൂടെ ആ കാഴ്ചയെ ഒതുക്കാനാണ് സംവിധായകന് ശ്രമിച്ചിട്ടുള്ളത്.
മാത്യുദേവസ്സിയെ കൊണ്ടുമാത്രം കാതല്‍ പൂര്‍ണ്ണമാകുന്നില്ല. ഓമനയും (ജ്യോതിക) ചാച്ചനും (പി.എസ്. പണിക്കര്‍) തങ്കനും (സുധി കോഴിക്കോട്) ഉള്‍പ്പെടെ ആ കണ്ണിയിലെ കാതലുകള്‍ തന്നെയാണ്. അവയൊന്ന് അയഞ്ഞിരുന്നെങ്കില്‍ ആ കണ്ണി ഉടഞ്ഞുപോകുമായിരുന്നു. കാതലിനൊപ്പം സഞ്ചരിക്കുന്ന മാത്യു പുളിക്കലിന്റെ പശ്ചാത്തല സംഗീതവും ഓര്‍മ്മയില്‍ തങ്ങിനില്‍പ്പുണ്ട്.
കെ. സുരേഷ്
Recent Comments