രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.
സാമൂഹിക ക്ഷേമ പെന്ഷന് വര്‍ദ്ധിപ്പിക്കുമെന്നതടക്കം പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍ ഒന്നുമില്ലാതെ ഭൂനികുതിയും കോടതി ഫീസും വര്‍ദ്ധിപ്പിച്ചു. ക്ഷേമപെന്ഷന് 200 രൂപയെങ്കിലും വര്‍ദ്ധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ക്ഷേമ പെന്‍ഷന്റെ മൂന്നു മാസത്തെ കുടിശ്ശിക സമയബന്ധിതമായി നല്‍കുമെന്ന് മാത്രമായിരുന്നു ബജറ്റില്‍ ധനമന്ത്രി പറഞ്ഞത്. ഭൂനികുതി 50 ശതമാനം വര്‍ദ്ധിപ്പിക്കുകയും കോടതി ഫീസും വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കും.
സര്‍വ്വീസ് പെന്ഷന് പരിഷ്കരണ കുടിശ്ശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു. ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷംതന്നെ അനുവദിക്കും. പി.എഫില്‍ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ട് ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
വിഴിഞ്ഞത്തെ പ്രധാന ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി പ്രധാന വ്യവസായ ഇടനാഴി വികസിപ്പിക്കും. തീരദേശപാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. ഉള്‍നാടന്‍ ജലഗതാഗതത്തിന് 500 കോടി രൂപയാണ് മാറ്റിവച്ചത്. കൊല്ലത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കും. ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ അനുവദിച്ചു. കാരുണ്യ പദ്ധതിക്കായി 700 കോടി രൂപയാണ് അനുവദിച്ചത്. പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഗുകള്ക്കുമായി 3061 കോടി രൂപ വകയിരുത്തി. കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കാന്‍ 50 കോടി രൂപയും പ്രഖ്യാപിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയര്‍ത്തി. ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപയും നല്‍കും. വ്യവസായങ്ങള്‍ക്കുള്ള ഭൂമിക്കായി ക്ലിക്ക് പോര്‍ട്ടല്‍ അവതരിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോകകേരള കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനായി 5 കോടി രൂപ അനുവദിച്ചു. കൊച്ചി മെട്രോയുടെ വികസനം തുടരുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി അതിവേഗ റെയില്‍പാതയ്ക്ക് ശ്രമം തുടരുമെന്നും ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
Recent Comments